'ഈ ക്രിസ്ത്മസിന് നിങ്ങളുടെ ക്രിസ്ത്മസ് മരത്തിനടിയിൽ എന്ത് വയ്ക്കണം' എന്ന പരസ്യ വാചകത്തോടെയാണ് പരസ്യബോർഡ് സ്ഥാപിച്ചിരിക്കുന്നത്.
ക്വീൻസ്ലാന്റിലെ മെഡോബ്രൂക്കിലുള്ള ലോഗൻലിയ റോഡിലാണ് പരസ്യബോർഡ്. ഇത് തെറ്റായ സന്ദേശമാണ് ജനങ്ങൾക്ക് നൽകുന്നതെന്ന് ചൂണ്ടിക്കാട്ടി ബോർഡ് എടുത്തുമാറ്റണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ക്വീൻസ്ലാൻറ് പൊലീസ് കമ്മീഷണർ ഇയാൻ സ്റ്റീവാർട്ട്.
ജോലിക്കായും കായികാഭ്യാസത്തിനായും തോക്ക് വാങ്ങുന്നവർക്ക് ഇത് എവിടെ നിന്നും ലഭ്യമാകും എന്ന കാര്യത്തിൽ ബോധ്യമുണ്ടെന്നും അതുകൊണ്ടുതന്നെ അനാവശ്യമായ ഈ പരസ്യബോർഡ് നീക്കം ചെയ്യണമെന്നും അദ്ദേഹം എ ബി സി റേഡിയോയോട് പറഞ്ഞു.
എന്നാൽ ഇത് ഓസ്‌ട്രേലിയൻ പരസ്യ നിയമം ലംഘിക്കുന്നില്ലെന്ന് ഫയർ ആംസ് ഓണേഴ്‌സ് യുണൈറ്റഡ് വ്യക്തമാക്കി. എവിടെ നിന്ന് ആയുധം വാങ്ങണമെന്നറിയാത്ത ഉപഭോക്താക്കൾക്കായി വില്പനശാലയുടെ ഉൽപ്പന്നം പരസ്യം ചെയ്യുന്നതിൽ എന്താണ് തെറ്റെന്ന് ഉന്നയിച്ചുകൊണ്ട് കമ്മീഷണർക്കെതിരെ സംഘടന ആഞ്ഞടിച്ചു.
അതേസമയം, അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളെ അപേക്ഷിച്ച് ജനങ്ങളെ സംരക്ഷിക്കും വിധമാണ് ഓസ്‌ട്രേലിയയിലെ ആയുധ നിയമമെന്നും ലോകത്തിലെ തന്നെ ഏറ്റവും നല്ല തോക്കു നിയമം നിലനിൽക്കുന്ന ഓസ്‌ട്രേലിയയിൽ ഈ പരസ്യം തെറ്റായ സന്ദേശം നൽകുകയാണെന്നും കമ്മീഷ്ണർ വ്യക്തമാക്കി.