Highlights
- ക്വീൻസ്ലാൻറ് സ്കൂളുകളിലെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും വാക്‌സിൻ നിർബന്ധമാക്കാൻ സർക്കാർ പദ്ധതിയിടുന്നു
- പദ്ധതി ദേശീയ ക്യാബിനറ്റിൽ ചർച്ച ചെയ്യും
- ബ്രിട്ടനിൽ ഫൈസർ വാക്‌സിൻ എടുത്തവർക്ക് അലർജി
ഓസ്ട്രേലിയയിൽ മാർച്ച് മുതൽ കൊവിഡ് വാക്‌സിൻ നൽകി തുടങ്ങിയേക്കുമെന്നാണ് ഫെഡറൽ സർക്കാർ അറിയിച്ചിരിക്കുന്നത്. എന്നാൽ ഇത് നിര്ബന്ധമാക്കില്ലെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
ഓസ്‌ട്രേലിയക്കാരുടെ സുരക്ഷക്കാണ് മുൻഗണന നൽകുന്നതെന്നാണ് സർക്കാർ അറിയിച്ചത്
ഇതിനിടെ, ഓസ്‌ട്രേലിയയിൽ വാക്‌സിൻ ലഭ്യമായിത്തുടങ്ങിയാൽ ക്വീൻസ്ലാന്റിലെ സ്കൂളുകളിൽ ഇത് നിർബന്ധമാക്കുന്ന കാര്യം പരിഗണിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.
ക്വീൻസ്ലാൻറ് സ്കൂളുകളിലെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമാണ് വാക്‌സിൻ നിർബന്ധമാക്കാൻ സർക്കാർ പദ്ധതിയിടുന്നത്. വാക്‌സിൻ നിർബന്ധമാക്കുന്നതിലുള്ള നിയമവും ദേശീയ ക്യാബിനറ്റിന്റെ പിന്തുണയുമെല്ലാം ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ഗ്രേസ് ഗ്രേസ് വ്യക്തമാക്കി.
അതേസമയം കുട്ടികളിൽ വാക്‌സിൻ പരീക്ഷണങ്ങൾ നടത്താത്തതിനാൽ തീരുമാനം എടുക്കാൻ സമയമായിട്ടില്ലെന്നും, ഇത് സംബന്ധിച്ച ചർച്ചകൾ തുടരുമെന്നും ക്വീൻസ്ലാൻറ് ചീഫ് ഹെൽത്ത് ഓഫീസർ ഡോ. ജാനറ്റ് യംഗ് പറഞ്ഞു.
ബ്രിട്ടനിൽ വാക്‌സിൻ എടുത്തവർക്ക് അലർജി
ബ്രിട്ടനിൽ കോവിഡ് വാക്‌സിൻ എടുത്ത രണ്ട് ആരോഗ്യ പ്രവർത്തകർക്ക് അലർജി ഉണ്ടായതായി ബ്രിട്ടീഷ് സർക്കാർ അറിയിച്ചു.
ഇതേതുടർന്ന് ഗുരുതര അലർജി ഉള്ളവർ വാക്‌സിൻ എടുക്കരുതെന്ന് യു കെ ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി.
ബ്രിട്ടനിലെ ജനങ്ങൾക്ക് കഴിഞ്ഞ ദിവസം ഫൈസർ വാക്‌സിൻ നൽകിത്തുടങ്ങിയിരുന്നു.
മരുന്നിനോടോ, ഭക്ഷണത്തോടോ, വാക്‌സിനുകളോടോ അലർജി ഉള്ളവരാണ് വാക്‌സിൻ എടുക്കരുതെന്ന് സർക്കാർ അറിയിച്ചിരിക്കുന്നത്.
എന്നാൽ വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിൽ 40,000
പേര് പങ്കെടുത്തെന്നും, സുരക്ഷാ പ്രശ്നങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഫൈസർ പറഞ്ഞു.
ബ്രിട്ടനിൽ രണ്ട് ഡോസുകളായിട്ടാണ് ഈ വാക്‌സിൻ നൽകിവരുന്നത്. ആദ്യ ഡോസ് നൽകി 21 ദിവസങ്ങൾക്ക് ശേഷമാണ് രണ്ടാമത്തെ ഡോസ് നൽകുന്നത്.