അപകടകരമായ രീതിയില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുന്നവര്‍ക്ക് ജയില്‍ ശിക്ഷ നല്‍കുന്നതിനുള്ള നിയമം ഉടന്‍ കൊണ്ടുവരുമെന്ന് ക്വീന്‍സ്ലാന്റ് സര്ക്കാര്‍ വ്യക്തമാക്കി.
കാലാവസ്ഥാ വ്യതിയാനത്തിനെതിരെ നടക്കുന്ന എക്സ്റ്റിംക്ഷന്‍ റിബല്യണ്‍ പ്രതിഷേധം കടുത്ത രൂപങ്ങളിലേക്ക് മാറുന്നതിനു പിന്നാലെയാണ് പ്രീമിയര്‍ അനസ്താഷ്യ പലാഷേ ഇക്കാര്യം പ്രഖ്യാപിച്ചത്.
പ്രതിഷേധ പ്രകടനങ്ങള്‍ക്കിടെ അപകടകരമായ വസ്തുക്കള്‍ ഉപയോഗിച്ചാല്‍ രണ്ടു വര്‍ഷം ജയില്‍ ശിക്ഷ നല്‍കുന്നതിനാണ് നിയമം. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നിയമം കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും പ്രീമിയര്‍ വ്യക്തമാക്കി.
സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്ന തരത്തിലാണ് കാലാവസ്ഥാ പ്രതിഷേധക്കാര്‍ സമരം നടത്തിയതെന്നും പലാഷേ ചൂണ്ടിക്കാട്ടി.

Queensland Premier Annastacia Palaszczuk Source: AAP
ഡ്രമ്മുകള്‍ക്കുള്ളില്‍ സ്വയം ബന്ധിച്ച് പ്രതിഷേധിക്കുന്നതു പോലുള്ള സമര രീതികളിലേക്ക് പോയാല്‍ അറസ്റ്റ് ചെയ്യും എന്നാണ് മുന്നറിയിപ്പ്.
അതുപോലെ, സമരത്തിന്റെ ഭാഗമായി പൊലീസിന്റെയോ മറ്റ് എമര്‍ജന്‍സി വിഭാഗങ്ങളുടെയോ വസ്തുവകകള്‍ നശിപ്പിക്കുന്നവര്‍ക്കും ഈ നിയമം ബാധകമായിരിക്കും.
സമരക്കാരുടെ കൈവശം അപകടകരമായ വസ്തുക്കള്‍ ഉണ്ടോ എന്ന കാര്യം പരിശോധിക്കാന്‍ പൊലീസിന് കൂടുതല്‍ അധികാരം നല്കാനും ഈ നിയമത്തില്‍ വ്യവസ്ഥയുണ്ടാകും.
പല സമരക്കാരും ലോഹവും കണ്ണാടിച്ചില്ലും കൊണ്ടുള്ള പ്രതിഷേധ മാര്‍ഗ്ഗങ്ങളിലേക്ക് മാറുന്നതായി പൊലീസ് മന്ത്രി മാര#്ക്ക് റയാന്‍ ചൂണ്ടിക്കാട്ടി.
മറ്റുള്ളവര്‍ക്കും അപകടം സൃഷ്ടിക്കാവുന്ന ഇത്തരം സമരരീതികള്‍ അനുവദിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
കാലാവസ്ഥാ പ്രതിഷേധത്തിന്റെ ഭാഗമായി ചൊവ്വാഴ്ച ഒരാള്‍ ബ്രിസ്‌ബൈന്‍ സ്റ്റോറി ബ്രിഡ്ജില്‍ നിന്ന് ആറു മണിക്കൂറോളം തൂങ്ങിക്കിടന്നിരുന്നു.
മറ്റു നിരവധി പേര്‍ സിമന്റ് നിറച്ച ഡ്രമ്മുകളിലും മറ്റും സ്വയം ബന്ധിച്ചാണ് റോഡില്‍ പ്രതിഷേധ പ്രകടനം നടത്തിയത്.

An activist from Extinction Rebellion dangles from the Story Bridge in a hammock as part of protests in Brisbane, Tuesday, October 8, 2019. Source: AAP
ഇവരെ അറസ്റ്റ് ചെയ്തു നീക്കുകയാണ് ഉണ്ടായത്.
അതേസമയം, പുതിയ നിയമത്തിനെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്തെത്തി.
ഫുട്പാത്തില്‍ തടസ്സമുണ്ടാക്കി എന്ന പേരില്‍ പോലും സമരക്കാരെ ജയിലിലടയ്ക്കാന#് കഴിയുന്ന നിയമമാണ് സര്ക്കാര്‍ കൊണ്ടുവരുന്നതെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് ലോ സെന്റര്‍ കുറ്റപ്പെടുത്തി.
പൊതുവിഷയങ്ങളില്‍ ജനങ്ങള്‍ ഒന്നിച്ചുകൂടുന്നതും പ്രതിഷേധിക്കുന്നതും തടയാന്‍ ഓസ്‌ട്രേലിയയിലെ വിവിധ സര്‍ക്കാരുകള്‍ പുതിയ നിയമം കൊണ്ടുവരികയാണെന്നും അവര്‍ ആരോപിച്ചു.
കൂടുതല്‍ ഓസ്‌ട്രേലിയന്‍ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ SBS Malayalam വെബ്‌സൈറ്റ് ബുക്ക്മാര്‍ക്ക് ചെയ്യുക