Highlights
- വിക്ടോറിയ-ക്വീൻസ്ലാൻറ് അതിർത്തി ഡിസംബർ ഒന്നിന് തുറക്കും
- ഇതോടെ ക്വാറന്റൈൻ ഇല്ലാതെ വിക്ടോറിയക്കാർക്ക് ക്വീൻസ്‌ലാന്റിലേക്ക് യാത്ര ചെയ്യാം
- സിഡ്‌നിയുമായുള്ള അതിർത്തിയും ഡിസംബർ ഒന്നിന് തുറക്കും
വിക്ടോറിയയിൽ നിന്ന് സന്തോഷകരമായ ഒരു വാർത്ത നൽകിയതിന് പ്രീമിയർ ഡാനിയേൽ ആൻഡ്രൂസിനെയും വിക്ടോറിയക്കാരെയും അഭിനന്ദിച്ചുകൊണ്ടാണ് ക്വീൻസ്ലാൻറ് പ്രീമിയർ അനസ്തഷ്യ പാലാഷേ അതിർത്തി തുറക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
സംസ്ഥാനവുമായുള്ള അതിർത്തി ഡിസംബർ ഒന്നിന് തുറക്കുമെന്നാണ് പ്രീമിയർ അറിയിച്ചത്.
ഇതോടെ വിക്ടോറിയക്കാർക്ക് ക്വീൻസ്ലാന്റിലേക്കും, ക്വീൻസ്‌ലാന്റിലുള്ളവർക്ക് വിക്ടോറിയയിലേക്കും ക്വാറന്റൈൻ ഇല്ലാതെ യാത്ര ചെയ്യാം.
വൈറസ് വ്യാപനം രൂക്ഷമായ ഓഗസ്റ്റിലാണ് വിക്ടോറിയയുമായുള്ള അതിർത്തി ക്വീൻസ്ലാൻറ് അടച്ചത്.
സിഡ്‌നിയുമായുള്ള അതിർത്തി ഡിസംബർ ഒന്നിന് തുറക്കുമെന്ന് അനസ്താഷ്യ പാലാഷേ ചൊവ്വാഴ്ച അറിയിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് വിക്ടോറിയയുമായുള്ള അതിർത്തിയും ഡിസംബർ ഒന്നിന് തന്നെ തുറക്കുമെന്ന് പ്രീമിയർ അറിയിച്ചത്.
അതിർത്തി തുറക്കുന്നതോടെ സ്കൂൾ അവധിക്ക് വിക്ടോറിയക്കാർക്ക് ഗോൾഡ് കോസ്റ്റ്, കെയ്ൻസ് എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യാമെന്നും അത് വഴി ടൂറിസം മേഖലക്ക് ഉത്തേജനം നൽകാൻ കഴിയുമെന്നും അനസ്താഷ്യ പാലാഷേ ചൂണ്ടിക്കാട്ടി.
25 ദിവസമായി വിക്ടോറിയയിൽ വൈറസ് ബാധയൊന്നും സ്ഥിരീകരിച്ചിട്ടില്ല. മാത്രമല്ല, സംസ്ഥാനത്ത് സജീവമായ കേസുകൾ ഒന്നുമില്ലെന്ന് പ്രീമിയർ ഡാനിയേൽ ആൻഡ്രൂസ് ചൊവ്വാഴ്ച അറിയിച്ചിരുന്നു.
നവംബര് 23ന് NSW ഉം വിക്ടോറിയയുമായുള്ള അതിർത്തി തുറന്നിരുന്നു.