ക്രൂരമായ മർദ്ദനത്തിലൂടെ പന്ത്രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികളെ കൊലപ്പെടുത്തുന്ന രക്ഷിതാക്കളും കെയററും ഉൾപ്പെടെയുള്ളവർക്ക് ജീവപര്യന്തം ശിക്ഷ നൽകാനാണ് ക്വീൻസ്ലാൻറ് സർക്കാർ പാർലമെന്റിൽ ബിൽ അവതരിപ്പിക്കുന്നത്. ബിൽ പാസ് ആയാൽ ഈ നിയമം സംസ്ഥാനത്ത് നടപ്പാക്കും.
നിലവിൽ കുട്ടികളെ കൊലപ്പെടുത്തുന്നവർക്ക് കുറഞ്ഞ ശിക്ഷാകാലാവധിയാണ് നൽകുന്നതെന്ന് ക്വീൻസ്ലാൻറ് സെന്റൻസിങ് അഡ്വൈസറി കൗൺസിൽ കണ്ടെത്തിയിരുന്നു. 12 മാസം നീണ്ട അന്വേഷണത്തിനൊടുവിൽ കൗൺസിൽ സമർപ്പിച്ച ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നിയമം കൊണ്ടുവരാൻ ഒരുങ്ങുന്നത്.
കൊലപാതകികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരികയും അർഹിക്കുന്ന ശിക്ഷ നൽകുകയും ചെയ്യുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ക്വീൻസ്ലാൻറ് പ്രീമിയർ അനസ്തഷ്യ പലാഷേ പറഞ്ഞു.
മാത്രമല്ല, പീഡനങ്ങൾക്കിരയായി മരണപ്പെടുന്ന കുട്ടികളുടെ കുടുംബങ്ങൾക്ക് ഇതുവഴി നീതി ഉറപ്പാക്കാൻ കഴിയുമെന്നും പ്രീമിയർ ചൂണ്ടിക്കാട്ടി.
നിലവിൽ ഇത്തരം കേസുകളിൽ കൊലപാതകത്തിന്റെ ലക്‌ഷ്യം സ്ഥാപിക്കാൻ കഴിയാതെ വരുന്ന സാഹചര്യത്തിൽ കൊലപാതകമായിട്ടല്ല മറിച്ച് നരഹത്യയായിട്ടാണ് പ്രതിക്ക് മേൽ കുറ്റം ചുമത്തുന്നതെന്ന് അറ്റോണി ജനറൽ യുവെറ്റ് ഡാത്ത് വ്യക്തമാക്കി. .
എന്നാൽ ഈ നിയമം കൊണ്ടുവരുന്നതോടെ കൊലപാതകത്തിന്റെ നിർവചനം തന്നെ മാറുമെന്നും അതിനായാണ് നിയമം കൊണ്ടുവരാൻ ശ്രമിക്കുന്നതെന്നും ഡാത്ത് പറഞ്ഞു.
കഴിഞ്ഞ വര്ഷം ക്വീൻസ്‌ലാന്റിൽ രണ്ട് കുട്ടികൾ നിരന്തരമായ ശാരീരിക പീഡനത്തിനിരയായി മരണമടഞ്ഞിരുന്നു. ഇതിൽ 22 മാസം മാത്രം പ്രായമായിരുന്നു മേസൺ ലീ എന്ന കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ രാണ്ടാനച്ഛന് മേൽ നരഹത്യക്ക് കേസെടുത്തിരുന്നു. 10 വർഷത്തിൽ താഴെ മാത്രമാണ് ഇയാൾക്ക് ശിക്ഷ ലഭിച്ചത്.
ഇതിനെതിരെ കുട്ടികളുടെ സുരക്ഷയെ പിന്തുണയ്ക്കുന്നവർ രംഗത്തെത്തിയിരുന്നു.
ന്യൂ സൗത്ത് വെയിൽസും ഓസ്‌ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറിയും ടാസ്മേനിയയും ഈ നിയമം നേരത്തെ നടപ്പിലാക്കിയിട്ടുണ്ട് .