രാജ്യത്ത് കൊവിഡ് ബാധ കൂടുതലുള്ള സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ക്വീൻസ്‌ലാന്റുകാർക്കാണ് സംസ്ഥാനത്ത് ഹോം ക്വാറന്റൈൻ ചെയ്യാൻ കഴിയുന്നത്.
തിങ്കളാഴ്ച മുതൽ നടപ്പാക്കുന്ന പദ്ധതിയിൽ 1,000 ക്വീൻസ്‌ലാന്റുകാർക്കാണ് പങ്കെടുക്കാൻ കഴിയുക. ഹോം ക്വാറന്റൈൻ ചെയ്യാൻ യോഗ്യരായവർ ഒക്ടോബർ 11 മുതൽ വിമാനമാർഗം വേണം സംസ്ഥാനത്തേക്കെത്താൻ.
നിലവിലെ പരീക്ഷണത്തിൽ പങ്കെടുക്കുന്നതിന് ചില നിബന്ധനകളും സർക്കാർ മുൻപോട്ടു വച്ചിട്ടുണ്ട്.
നിബന്ധനകൾ:
- പരീക്ഷണത്തിൽ പങ്കെടുക്കുന്നവർ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചിരിക്കണം.
- രണ്ടാം ഡോസ് വാക്‌സിൻ സ്വീകരിച്ച് രണ്ട് ആഴ്ചകൾക്ക് ശേഷം മാത്രേമ ഇവർക്ക് ഹോം ക്വാറന്റൈൻ പദ്ധതിയിൽ പങ്കെടുക്കാൻ കഴിയൂ. ഹോം ക്വാറന്റൈൻ ചെയ്യുന്നവർ പൂർണമായും സുരക്ഷിതരാണെന്ന് ഉറപ്പ് വരുത്താനാണിതെന്ന് ക്വീൻസ്ലാൻറ് ആരോഗ്യ മന്ത്രി യുവേറ്റ് ഡാത്ത്
വ്യക്തമാക്കി. - ഇവർ യാത്ര ചെയ്യുന്നതിന് 72 മണിക്കൂർ മുൻപ് കൊവിഡ് നെഗറ്റീവ് ആകണം
- ഹോം ക്വാറന്റൈൻ ചെയ്യുന്നവർക്ക് താമസിക്കാൻ വീട് ഉണ്ടായിരിക്കണം. അതും മറ്റുള്ളവരുമായി സമ്പർക്കം പുലർത്താത്ത വിധത്തിൽ പ്രവേശനം ഉള്ള വീടാകണം.
- ക്വാറന്റൈൻ ചെയ്യുന്ന വീടുകൾ ബ്രിസ്‌ബൈൻ വിമാനത്താവളത്തിൽ നിന്ന് രണ്ട് മണിക്കൂർ ദൂരത്തിനുള്ളിൽ ആയിരിക്കണം
- വീട്ടിലുള്ള എല്ലാവരും ക്വാറന്റൈൻ ചെയ്യണം
- ഇവർക്ക് ആപ്പ് ഉപയോഗിക്കാനായി സ്മാർട്ട് ഫോൺ ഉണ്ടാവണം. ഹോം ക്വാറന്റൈൻ ചെയ്യുന്നവരെ ആപ്പ് വഴിയാകും നിരീക്ഷിക്കുന്നത്.
- വീട്ടിൽ 14 ദിവസത്തേക്ക് വേണ്ട ഭക്ഷണപദാർത്ഥങ്ങളും, മറ്റ് അവശ്യ സാധനങ്ങളും ഉണ്ടായിരിക്കണം
- സർക്കാർ നിർദ്ദേശിക്കുന്ന വിമാനത്തിൽ വേണം എത്താൻ
- 14 ദിവസത്തെ ക്വാറന്റൈന്റെ ആദ്യ ദിവസവും, അഞ്ചാം ദിവസവും, 12 ആം ദിവസവും ഡ്രൈവ് ത്രൂ വഴി PCR പരിശോധന നടത്തണം
നിലവിൽ ഹോട്ട്സ്പോട്ടുകളിൽ കുടുങ്ങിക്കിടക്കുന്ന, ഹോം ക്വാറന്റൈൻ ചെയ്യാൻ യോഗ്യരായവർക്ക് സർക്കാർ ഇമെയിൽ സന്ദേശങ്ങൾ അയച്ചുവരികയാണെന്നും ജാനെറ്റ് യംഗ് പറഞ്ഞു.
ഹോം ക്വാറന്റൈൻ പരീക്ഷിക്കാനുള്ള സർക്കാർ നടപടി പ്രതിപക്ഷ നേതാവ് ഡേവിഡ് ക്രിസഫുള്ളി സ്വാഗതം ചെയ്തു. ശരിയായ തീരുമാനമാണിതെന്നും, പദ്ധതി വിജയിച്ചാൽ സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും ഇത് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.