വിദഗ്ദ്ധ തൊഴിലാളികളെ ഓസ്‌ട്രേലിയയുടെ ഉൾനാടൻ പ്രദേശങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ വിദേശ തൊഴിലാളികൾക്കായി ഓസ്‌ട്രേലിയ നൽകുന്ന റീജിയണൽ വിസകളിൽ എത്തുന്നവർ പെർമനന്റ് റെസിഡൻസി വിസ പ്രകാരമുള്ള നിർബന്ധിത കാലാവധി കഴിഞ്ഞ ശേഷം നഗരങ്ങളിലേക്ക് വൻതോതിൽ ചേക്കേറുന്നു. ഇതിനെ പ്രതിരോധിക്കാനായി നിയമം ശക്തമാക്കാനുള്ള നടപടികൾ സ്വീകരിക്കുകയാണ് ഓസ്‌ട്രേലിയൻ സർക്കാർ.
സ്‌കിൽഡ് റീജിയണൽ വിസ (887), റീജിയണൽ സ്‌പോൺസേർഡ് മൈഗ്രേഷൻ സ്കീം (187) തുടങ്ങിയ വിസകൾ ഓസ്‌ട്രേലിയയുടെ ഉൾപ്രേദേശങ്ങളിലെ വിദഗ്ദ്ധ തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കുന്നതിനും ഉൾപ്രദേശങ്ങളുടെ വികസനം ലക്ഷ്യമാക്കിയും സർക്കാർ ആവിഷ്കരിച്ചിരിട്ടുള്ളവയാണ്. എന്നാൽ ഈ വിസകളിൽ ഓസ്ട്രേലിയയിലേക്ക് കുടിയേറുന്നവർ അതാത് പ്രദേശങ്ങളിൽ താമസിക്കാതെ PR വിസ പ്രകാരമുള്ള നിർബന്ധിത കാലാവധി കഴിഞ്ഞ ശേഷം നഗരങ്ങളിലേക്ക് മാറുന്നു എന്ന് മൾട്ടി കൾച്ചറൽ മിനിസ്റ്റർ അലൻ ടഡ്ജ് ഡെയിലി ടെലിഗ്രാഫിനോട് വ്യക്തമാക്കി.
ഈ വിസയിൽ എത്തുന്നവർ ഒരു നിശ്ചിത കാലം പ്രദേശത്ത് ജോലിചെയ്തിരിക്കണം എന്ന് നിയമം അനുശാസിക്കുന്നു. എന്നാൽ പെര്മനെന്റ് റെസിഡൻസി വിസ പ്രകാരമുള്ള നിർബന്ധിത കാലാവധി കഴിഞ്ഞ ശേഷവും അതെ റീജിയനിൽ തന്നെ തുടരണമെന്ന് നിയമമില്ല. അതുകൊണ്ടു തന്നെ പെർമനന്റ് റെസിഡൻസി ലഭിക്കുമ്പോൾ ആളുകൾ ഈ പ്രദേശങ്ങൾ വിട്ട് നഗരങ്ങളിലേക്ക് മാറിത്താമസിക്കുന്നു.
ഇവർ ഉൾപ്രദേശങ്ങളിൽ തുടർന്നും താമസിക്കുമെന്ന പ്രതീക്ഷയിലാണ് ഇവർക്ക് ഓസ്‌ട്രേലിയ വിസ നൽകുന്നതെന്നും, എന്നാൽ മറിച്ചാണ് സംഭവിക്കുന്നതെന്നും മിനിസ്റ്റർ കൂട്ടിച്ചേർത്തു.
ഈ സാഹചര്യത്തിൽ നിയമ പരിഷകരണത്തിനുള്ള ശ്രമങ്ങൾ നടത്തുകയാണ് സർക്കാർ.
ആളുകളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ ഏറെക്കാലം തടയുന്ന ഈ നീക്കത്തിന് നിയമപരമായ വെല്ലുവിളികൾ നേരിടേണ്ടിവരുമെന്ന് ആഭ്യന്തര മന്ത്രാലയം തലവനായ മൈക്കിൾ പെസ്സുലോ സെനറ്റിൽ അറിയിച്ചു. അതേസമയം ഈ തടസ്സങ്ങളെ പറ്റി ആശങ്കയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.