പ്രമുഖ ഇന്ത്യൻ വ്യവസായിയും ടാറ്റ ഗ്രൂപ്പിൻറെ മുൻ ചെയർമാനുമായ രത്തൻ ടാറ്റയ്ക്ക് ഓർഡർ ഓഫ് ഓസ്ട്രേലിയ ബഹുമതി സമ്മാനിച്ചു.
ഓസ്ട്രേലിയയിലെ പരമോന്നത സിവിലിയൻ ബഹുമതിയാണ് ഓർഡർ ഓഫ് ഓസ്‌ട്രേലിയ.
ഓസ്‌ട്രേലിയ-ഇന്ത്യ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന് നൽകിയ ദീർഘകാല സംഭാവനകൾ പരിഗണിച്ചാണ് AO ബഹുമതി.
രത്തൻ ടാറ്റ ബഹുമതി ഏറ്റുവാങ്ങുന്ന ചിത്രം ഇന്ത്യയിലെ ഓസ്ട്രേലിയൻ ഹൈക്കമ്മീഷണർ ബാരി ഒ ഫാരെൽ ട്വിറ്ററിൽ പങ്കുവെച്ചു.
രത്തൻ ടാറ്റയുടെ പ്രവർത്തനങ്ങൾ ഇന്ത്യയിൽ മാത്രമല്ല, ഓസ്‌ട്രേലിയയിലും ഗണ്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് ഓസ്‌ട്രേലിയൻ ഹൈക്കമ്മീഷണർ ട്വിറ്ററിൽ കുറിച്ചു.
ടാറ്റ ഗ്രൂപ്പിൻറെ കീഴിലുള്ള ടാറ്റ കൺസൾട്ടൻസി സർവീസസാണ് (TCS) ഓസ്ട്രേലിയയിൽ ഏറ്റവും അധികം ജീവനക്കാരുള്ള ഇന്ത്യൻ കമ്പനി.
2022 ലെ ഓസ്‌ട്രേലിയ-ഇന്ത്യ സാമ്പത്തിക വ്യാപാര സഹകരണ ഉടമ്പടി യാഥാർത്ഥ്യമാക്കുന്നതിലും ടാറ്റ ഗ്രൂപ്പ് നിർണ്ണായക പങ്ക് വഹിച്ചിരുന്നു.