ഓസ്‌ട്രേലിയയിൽ കൊവിഡ് വാക്‌സിനേഷേൻ പദ്ധതി പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി ടീനേജുകാർക്കും ചൊവ്വാഴ്ച മുതൽ വാക്‌സിൻ നൽകി തുടങ്ങും.
സൗത്ത് ഓസ്‌ട്രേലിയയയിലെ ഉൾപ്രദേശങ്ങളിലുള്ള 16 വയസ്സിന് മേൽ പ്രായമായവർക്കാണ് ചൊവ്വാഴ്ച മുതൽ വാക്‌സിൻ നൽകുന്നത്.
ഇതോടെ കൗമാരപ്രായക്കാർക്ക് കൊവിഡ് വാക്‌സിൻ നൽകുന്ന ആദ്യ സംസ്ഥാനമാകും സൗത്ത് ഓസ്ട്രേലിയ.
ഇതുവഴി സംസ്ഥാനത്ത് കൂടുതൽ പേർക്ക് വാക്‌സിൻ സ്വീകരിക്കാൻ അവസരം നൽകുമെന്ന് സൗത്ത് ഓസ്ട്രേലിയ പ്രീമിയർ സ്റ്റീവൻ മാർഷൽ പറഞ്ഞു.
സംസ്ഥാനത്തിന്റെ ഉൾപ്രദേശങ്ങളിലുള്ള 35 ക്ലിനിക്കുകളിൽ നിന്നാകും ഇവർക്ക് വാക്‌സിൻ സ്വീകരിക്കാൻ കഴിയുക.
ചില ക്ലിനിക്കുകൾ 50 വയസ്സിൽ താഴെയുള്ളവർക്ക് ഫൈസർ വാക്‌സിൻ മാത്രമാണ് നൽകുന്നതെങ്കിൽ, മറ്റ് ചില ക്ലിനിക്കുകൾ 50 വയസ്സിന് മേൽ പ്രായമായവർക്ക് ആസ്ട്രസെനക്ക വാക്‌സിൻ മാത്രമാണ് നൽകുന്നത്.
വാക്‌സിൻ സ്വീകരിക്കാനായി സൗത്ത് ഓസ്ട്രേലിയ ആരോഗ്യ വകുപ്പിന്റെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം.
സംസ്ഥാനത്തിന്റെ ഉൾപ്രദേശങ്ങളിൽ താമസിക്കുന്നവർക്കാണ് ഇപ്പോൾ വാക്‌സിൻ നൽകുന്നതെന്നും, അതിനാൽ വാക്‌സിനേഷൻ സ്വീകരിക്കുന്നവർ എവിടെയാണ് താമസിക്കുന്നതെന്നതിന്റെ തെളിവ് കാണിക്കേണ്ടതാണെന്നും ചീഫ് പബ്ലിക് ഹെൽത്ത് ഓഫീസർ നിക്കോള സ്പറിയർ പറഞ്ഞു.
വാക്‌സിൻ സ്വീകരിക്കാൻ അർഹരായവർ വാക്‌സിനേഷനായി മുൻപോട്ടു വരണമെന്ന് സ്റ്റീവൻ മാർഷൽ ആവശ്യപ്പെട്ടു.