രാജ്യത്തിന്റെ പല ഭാഗങ്ങളിലും സെപ്റ്റംബർ മുതൽ കത്തിപ്പടരുന്ന നൂറുകണക്കിന് കാട്ടുതീ അണയ്ക്കാൻ ശ്രമം നടത്തുന്ന അഗ്നിശമനസേനാംഗങ്ങൾക്ക് ആശ്വാസമായാണ് മഴ പെയ്തത്.
വിക്ടോറിയയിൽ ബുധനാഴ്ച ഉച്ചകഴിഞ് ഇടിയോട് കൂടിയായിരുന്നു മഴ. സംസ്ഥാനത്തിന്റെ ചില പ്രദേശങ്ങളിൽ 50 മുതൽ 77 മില്ലിമീറ്റർ വരെ മഴ ലഭിച്ചു.
ഇതോടെ കഴിഞ്ഞ രണ്ട് ദിവസമായി മെൽബൺ നഗരത്തെ മൂടിയിരുന്ന കാട്ടുതീ പുക അന്തരീക്ഷത്തുനിന്നും മാറിയിട്ടുണ്ട്. പുക മൂടിയ അന്തരീക്ഷം കണ്ടുകൊണ്ടാണ് ചൊവ്വാഴ്ചയും ബുധനാഴ്ചയും മെൽബൺ ഉണർന്നത്.
ഇതുമൂലം മെൽബൺ വിമാനത്താവളത്തിന്റെ ഒരു റൺവെ അടയ്ക്കുകയും 60ലേറെ വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തിരുന്നു. ചില ഇടങ്ങളിലേക്കുള്ള ട്രെയിനുകളും റദ്ദാക്കിയിരുന്നു.
ന്യൂ സൗത്ത് വെയിൽസിൽ വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെ തുടർച്ചയായി കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. കാട്ടുതീ നാശം വിതച്ച സൗത്ത് കോസ്റ്റിലും സതേൺ ടേബിൾലാന്റ്സിലും വരും ദിവസങ്ങളിൽ 30 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് 88 കാട്ടുതീ ഇപ്പോഴും കത്തുന്നുണ്ട്. ഇതിൽ 39 എണ്ണം നിയന്ത്രണാതീതമായി പടരുകയാണ്. വരും ദിവസങ്ങളിൽ പെയ്യുന്ന മഴ ഇതിന് ആശ്വാസം നൽകുമെന്ന പ്രതീക്ഷയിലാണ് ന്യൂ സൗത്ത് വെയിൽസ് റൂറൽ ഫയർ സർവീസ്.
സംസ്ഥാനത്തെ ചില വരൾച്ച ബാധിത പ്രദേശത്തും മഴ ആശ്വാസം നല്കിയേക്കുമെന്ന് WaterNSW ലെ ടോണി വെബർ പറഞ്ഞു.
മറ്റ് ദുരിതങ്ങൾക്ക് സാധ്യത
അതേസമയം, കനത്ത മഴയുണ്ടായാൽ തീ കുറയുമെങ്കിലും മറ്റ് ആശങ്കകളും ഉയരുന്നുണ്ട്. കനത്ത മണ്ണൊലിപ്പിനും, അണക്കെട്ടുകളിലേക്ക് വെള്ളം ഒഴുകിയെത്തുന്ന പ്രദേശങ്ങളിലെ മലിനീകരണത്തിനും സാധ്യതയുണ്ട് എന്നാണ് ആശങ്ക.
കനത്ത മഴ പെട്ടെന്നുണ്ടാകുന്ന വെള്ളപ്പൊക്കത്തിനും കാരണമായേക്കാമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ ആശങ്ക. കാട്ടുതീ ബാധിച്ച ഉയർന്ന പ്രദേശങ്ങളിൽ ഉരുൾപൊട്ടലിനും കത്തിനിൽക്കുന്ന മരങ്ങൾ താഴേക്ക് വീഴുന്നതിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രത്തിലെ അബ്രാർ ഷബ്രൻ പറഞ്ഞു.
മാത്രമല്ല, വിക്ടോറിയയിലും ന്യൂ സൗത്ത് വെയിൽസിലും കാട്ടുതീ ബാധിത പ്രദേശങ്ങളിൽ പെയ്യുന്ന മഴ മൂലം ഇവിടെ അടിഞ്ഞിരിക്കുന്ന ചാരവും മറ്റ് അവശിഷ്ടങ്ങളും ജലസ്രോതസ്സുകളിലേക്ക് എത്താൻ സാധ്യതയുണ്ടെന്ന് അധികൃതർ ആശങ്ക പ്രകടിപ്പിച്ചു.
ഇത് വെള്ളം മലിനമാകാനും കൂട്ടത്തോടെ മത്സ്യങ്ങൾ ചത്തൊടുങ്ങാനും കാരണമാകും. ഇത്തരത്തിൽ ചാരം ഒഴുകിയെത്തിയതുവഴി വടക്കൻ ന്യൂ സൗത്ത് വെയിൽസിലെ ഒരു നദിയിൽ ആയിരക്കണക്കിന് മീനുകളാണ് ചത്തത്.