ദേശീയ ക്യാബിനറ്റ് യോഗത്തിനു ശേഷമാണ് പ്രധാനമന്ത്രി പുതിയ വാടകച്ചട്ടം പ്രഖ്യാപിച്ചത്.
വൈറസ് പ്രതിസന്ധി മൂലം സാമ്പത്തിക നഷ്ടമുണ്ടായ ബിസിനസുകളെ വാടകക്കെട്ടിടങ്ങളിൽ നിന്ന് ഇറക്കി വിടുന്നത് തടയുന്നത് ലക്ഷ്യമിട്ടാണ് ഇത്. വാടകയിൽ ഇളവും, ഘട്ടം ഘട്ടമായി വാടക കൊടുത്തു തീർക്കാനുള്ള സാവകാശവുമാണ് ഇതിലൂടെ നൽകുക.
വീട്ടുവാടകയ്ക്ക് ഈ കോഡ് ബാധകമല്ല.
കെട്ടിടമുടമയോ വാടകക്കാരോ സാമ്പത്തിക പ്രതിസന്ധി മൂലം ജോബ്സീക്കർ ആനുകൂല്യത്തിനായി അപേക്ഷിക്കുന്ന സാഹചര്യത്തിലാണ് ഈ കോഡ് പ്രാബല്യത്തിൽ വരിക. 50 മില്യണിൽ താഴെ വരുമാനമുള്ളവർക്കാണ് ഇത്.
സ്ഥാപനങ്ങളെ കെട്ടിടത്തിൽ നിന്ന് ഒഴിപ്പിക്കാൻ ഉടമകൾക്ക് കഴിയില്ല. വാടക കരാർ നേരത്തെ അവസാനിപ്പിക്കാൻ സ്ഥാപനങ്ങൾക്കും അവകാശമുണ്ടാകില്ല.
അതേസമയം, കെട്ടിടമുടമ വാടക ഇളവ് ചെയ്ത് നൽകണം. ബിസിനസിനുണ്ടാകുന്ന നഷ്ടത്തിന്റെ 50 ശതമാനമെങ്കിലും കണക്കിലെടുത്താകണം വാടക ഇളവ് ചെയ്യേണ്ടത്.
ബാക്കി വാടക ഘട്ടം ഘട്ടമായി നൽകിത്തീർക്കാനും അവകാശം നൽകണം. വാടക കരാറിന്റെ ബാക്കിയുള്ള കാലാവധിയിലായാണ് ഇത് ഘട്ടം ഘട്ടമായി നൽകാൻ കഴിയുക.
കുറഞ്ഞത് 12 മാസമെങ്കിലും ഇങ്ങനെ നൽകണമെന്നും വ്യവസ്ഥയുണ്ട്.
അതായത്, മൂന്നു മാസം മാത്രമേ വാടക കരാർ ബാക്കിയുള്ളൂ എങ്കിലും, 12 മാസം വാടക നൽകിത്തീർക്കാനായി അനുവദിക്കണം. ഓരോ സംസ്ഥാനത്തും ഇതിനായി കോഡ് പ്രാബല്യത്തിൽ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കെട്ടിടമുടമകൾക്ക് പിന്തുണ നൽകാൻ ബാങ്കുകളും തയ്യാറാകണമെന്ന് പ്രധാനമന്ത്രി നിർദ്ദേശിച്ചു. രാജ്യാന്തര ബാങ്കുകളോടും പ്രധാനമന്ത്രി ഇക്കാര്യം അഭ്യർത്ഥിച്ചിട്ടുണ്ട്.
വീട്ടുവാടകയുടെ കാര്യത്തിൽ സംസ്ഥാന സർക്കാരുകൾ തീരുമാനമെടുക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.