മെൽബണിലെ സൗത്ത് ബാങ്കിലുള്ള ടൗൺ ഹൗസ് കോംപ്ലക്സിലാണ് രണ്ട് പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചത്.
ആർകെയർ മൈഡ്സ്റ്റോണിലെ രോഗബാധിതയായ ഒരു ജീവനക്കാരി ഇവിടെ താമസിക്കുന്നയാളാണ്.
ഇവിടെയുള്ള 30 വയസിന് മേൽ പ്രായമായ ഒരാൾക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഏജ്ഡ് കെയർ ജീവനക്കാരിയിൽ നിന്നാണ് ഇയാൾക്ക് രോഗം ബാധിച്ചതെന്നാണ് അധികൃതർ സംശയിക്കുന്നത്.
രോഗം സ്ഥിരീകരിച്ച ഏജ്ഡ് കെയർ ജീവനക്കാരിയെ ഹോട്ടൽ ക്വാറന്റൈനിലേക്ക് മാറ്റിയിട്ടുണ്ട്.
ടൗൺ ഹൗസിൽ കൂടുതൽ പേർക്ക് രോഗബാധയുണ്ടാവാനുള്ള സാധ്യതകൾ കണക്കിലെടുത്ത് ഇവിടെ താമസിക്കുന്ന നിരവധി പേരെ തിങ്കളാഴ്ച നിർബന്ധമായി ഐസൊലേറ്റ് ചെയ്തു.
നൂറിലേറെ ടൗൺഹൗസുകളാണ് ഈ കോംപ്ലക്സിലുള്ളത്. ഇവയുടെ ഉടമകളെ ബന്ധപ്പെടുകയും ഇവിടെ കൊവിഡ് പരിശോധനക്കായി പോപ്പ് അപ്പ് സംവിധാനങ്ങൾ ആരംഭിക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രി മാർട്ടിൻ ഫോളി അറിയിച്ചു.
കൂടാതെ പരിശോധനക്കായി നഴ്സുമാരും ടൗൺഹൗസിൽ എത്തിയിട്ടുണ്ട്. ടൗൺ ഹൗസുകളിലുള്ള എല്ലാവരും പരിശോധനക്ക് വിധേയരായെന്ന് ഉറപ്പാക്കാൻ നഴ്സുമാർ ഓരോ വീടുകളും കയറിയിറങ്ങും.
ഇത് സമ്പർക്കപ്പട്ടികയിലുള്ള ടയർ 2 ഇടമായതിനാൽ, ഇവിടെയുള്ള ഭൂരിഭാഗം പേരും പരിശോധനക്ക് ശേഷം നെഗറ്റീവ് ഫലം ലഭിക്കുന്നത് വരെ ഐസൊലേറ്റ് ചെയ്‌താൽ മതിയെന്ന് മാർട്ടിൻ ഫോളി അറിയിച്ചു.
വിക്ടോറിയയിൽ രണ്ട് പുതിയ കൊവിഡ് ബാധയാണ് സ്ഥിരീകരിച്ചത്. രോഗബാധിതരായ രണ്ട് പേരും കുട്ടികളാണ്. നേരത്തെ കണ്ടെത്തിയ കേസുകളുമായി ബന്ധമുള്ളവയാണ് പുതിയ കേസുകളെന്ന് സർക്കാർ അറിയിച്ചു.
രണ്ടാഴ്ചത്തെ ലോക്ക്ഡൗണിന് ശേഷവും നിയന്ത്രണങ്ങൾ നിലനിൽക്കുന്ന മെൽബണിൽ ഈയാഴ്ച അവസാനത്തോടെ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചേക്കുമെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി.