Highlights
- വീടുകളിൽ ദിവസം 100 പേർക്ക് ഒത്തുചേരാം
- സൂപ്പർമാർക്കറ്റിലും റീറ്റെയ്ൽ സംവിധാനങ്ങളിലും മാസ്ക് ധരിക്കേണ്ടതില്ല
- വെള്ളിയാഴ്ച വൈകിട്ട് ആറ് മണി മുതൽ ഇളവുകൾ നടപ്പാക്കും
മലയാളികൾ അറിഞ്ഞിരിക്കേണ്ട എല്ലാ ഓസ്ട്രേലിയൻ വാർത്തകളും വിശേഷങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ - SBS മലയാളം വെബ്സൈറ്റ് ബുക്ക്മാർക്ക് ചെയ്യുക...
വിക്ടോറിയയിൽ തുടർച്ചയായ 25 ദിവസങ്ങളായി കൊറോണബാധയൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സജീവമായിരുന്ന ഒരു കേസ് കൂടി സുഖം പ്രാപിച്ചതോടെ നിലവിൽ സംസ്ഥാനത്ത് സജീവമായ കേസുകളൊന്നുമില്ല.
ഈ വർഷം ആദ്യമായാണ് വിക്ടോറിയയിൽ കൊവിഡ് ബാധയില്ലാതാകുന്നത്. ഈ സാഹചര്യത്തിലാണ് നിയന്ത്രണത്തിൽ കൂടുതൽ ഇളവുകൾ സർക്കാർ പ്രഖ്യാപിച്ചത്.
മാസ്ക് ധരിക്കുന്നതിലാണ് പ്രധാനമായും ഇളവ്. നിലവിൽ റീറ്റെയ്ൽ സംവിധാനങ്ങളിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമായിരുന്നു.
എന്നാൽ ഇനി സൂപ്പർമാർക്കറ്റുകൾ ഉൾപ്പെടെയുള്ള റീറ്റെയ്ൽ സംവിധാനങ്ങളിൽ മാസ്ക് ധരിക്കേണ്ടതില്ല.
എന്നാൽ പൊതുഗതാഗത സംവിധാനങ്ങൾ, ടാക്സി, റൈഡ്ഷെയർ സേവനങ്ങൾ, ഏജ്ഡ് കെയർ കേന്ദ്രങ്ങൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ മാസ്ക് ധരിക്കണമെന്ന് ആക്‌ടിംഗ് പ്രീമിയർ ജെയിംസ് മെർലിനോ അറിയിച്ചു.
വെള്ളിയാഴ്ച വൈകിട്ട് ആറ് മണി മുതലാണ് ഇളവുകൾ നടപ്പാക്കുന്നതെന്ന് ജെയിംസ് മെർലിനോ അറിയിച്ചു.
കൂടാതെ വീടുകളിൽ ഒത്തുചേരുന്നതിനും ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ഒരു വീട്ടിൽ ദിവസം 100 പേർക്ക് വരെ ഒത്തുകൂടാവുന്ന വിധത്തിലാണ് നിയന്ത്രണങ്ങളിൽ സർക്കാർ ഇളവുകൾ വരുത്തിയത്. മാത്രമല്ല കെട്ടിടത്തിന് പുറത്ത് 200 പേർക്ക് വരെ ഒത്തുചേരാം.
കൂടുതൽ പേർക്ക് തൊഴിലിടങ്ങളിലേക്ക് മടങ്ങാവുന്നതിലും ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് ചതുരശ്ര മീറ്ററിൽ ഒരാൾ എന്ന വ്യവസ്ഥയിലായിരിക്കും ഇത്. സർക്കാർ ജീവനക്കാർക്ക് ആഴ്ചയിൽ കുറഞ്ഞത് മൂന്ന് ദിവസം തൊഴിലിടങ്ങളിൽ മടങ്ങിയെത്താം.
ജിമ്മുകൾ, കാസിനോകൾ, നൈറ്റ്ക്ലബുകൾ, എന്നിവടങ്ങളിൽ രണ്ട് ചതുരശ്ര മീറ്ററിൽ ഒരാൾ എന്ന നിലയിലേക്ക് നിയന്ത്രണത്തിൽ ഇളവ് വരുത്തി.
AFL നു എത്താവുന്ന കാണികളുടെ എണ്ണവും വർധിപ്പിച്ചു. സ്റ്റേഡിയത്തിന്റെ 75 ശതമാനം കാണികളെ അനുവദിക്കും. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ 75,000 പേർക്കും, മാർവൽ സ്റ്റേഡിയത്തിൽ 43,000 പേർക്കും, AAMI പാർക്കിൽ 22,000 പേർക്കും പ്രവേശനം നൽകും.
MCG യിൽ നടക്കുന്ന അടുത്ത മത്സരത്തിന് മുൻപായി വ്യാഴാഴ്ച രാത്രി മുതൽ ഈ ഇളവുകൾ നടപ്പിലാക്കുമെന്നും സർക്കാർ അറിയിച്ചു.