ഓസ്ട്രേലിയയിൽ കൊറോണവൈറസ് സാഹചര്യം നിയന്ത്രണവിധേയമാകുകയും, ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു നൽകിത്തുടങ്ങുകയും ചെയ്തപ്പോഴായിരുന്നു രാജ്യാന്തര വിദ്യാർത്ഥികളെ വീണ്ടും തിരികെയെത്തിക്കാൻ ആലോചിച്ചത്.
പൈലറ്റ് അടിസ്ഥാനത്തിൽ വിദ്യാർത്ഥികളെ തിരിച്ചെത്തിക്കാൻ ദേശിയ ക്യാബിനറ്റ് അനുമതി നൽകിയിരുന്നു.
ആദ്യ ഘട്ടമായി കാൻബറയിലേക്ക് 350ഓളം വിദ്യാർത്ഥികളെ എത്തിക്കാനായിരുന്നു ആലോചിച്ചത്. സിംഗപ്പൂർ പോലുള്ള ഒരു ഹബിൽ നിന്ന് പ്രത്യേക ചാർട്ടേർഡ് വിമാനത്തിൽ വിദ്യാർത്ഥികളെ കൊണ്ടുവരും എന്നാണ് അറിയിച്ചിരുന്നത്.
ജൂലൈ അവസാനത്തോടെ ആദ്യ സംഘത്തെയും, സെപ്റ്റംബറിൽ സമാനമായ രീതിയിൽ രണ്ടാം സംഘത്തെയും കൊണ്ടുവരും എന്നും സൂചന നൽകിയിരുന്നു.
എന്നാൽ, സംസ്ഥാനങ്ങൾ അതിർത്തികൾ തുറക്കാൻ തയ്യാറായാൽ മാത്രമേ രാജ്യാന്തര വിദ്യാർത്ഥികളെ അനുവദിക്കൂ എന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നത്. ജൂലൈ മാസത്തോടെ അതിർത്തികൾ തുറക്കുന്ന കാര്യം മിക്ക സംസ്ഥാനങ്ങളും പ്രഖ്യാപിക്കുകയും ചെയ്തു.
ഇതിന്റെ അടിസ്ഥാനത്തിൽ എല്ലാ സംസ്ഥാനങ്ങളും വിദ്യാർത്ഥികളെ തിരിച്ചെത്തിക്കാൻ പദ്ധതികൾ തയ്യാറാക്കുകയും ചെയ്തിരുന്നു.

International students set to return to Canberra (Representational image). Source: Flickr
എന്നാൽ, വിക്ടോറിയയിൽ വീണ്ടും വൈറസ് ബാധ കൂടിയതോടെ ഇതെല്ലാം അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
അതിർത്തികൾ തുറക്കുന്നതിനു പകരം, ഓസ്ട്രേലിയയിലെ ആഭ്യന്തര അതിർത്തികളിൽ കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ.
നൂറു വർഷത്തിനിടെ ആദ്യമായി ന്യൂ സൗത്ത് വെയിൽസും വിക്ടോറിയയും തമ്മിലുള്ള അതിർത്തിയും അടയ്ക്കുകയാണ്. ഓസ്ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറിയും വിക്ടോറിയയിൽ നിന്നുള്ളവർക്ക് യാത്രാ വിലക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
വിക്ടോറിയയുമായുള്ള അതിർത്തി ഈ മാസം തുറക്കും എന്ന് പ്രഖ്യാപിച്ചിരുന്ന സൗത്ത് ഓസ്ട്രേലിയയും ഇപ്പോൾ അത് നീട്ടി വച്ചു.
ഈ സാഹചര്യത്തിൽ, വിദ്യാർത്ഥികളെ തിരിച്ചെത്തിക്കാനുള്ള പദ്ധതി തൽക്കാലം മരവിപ്പിച്ചിരിക്കുകയാണെന്ന് ദ ഓസ്ട്രേലിയൻ പത്രം റിപ്പോർട്ട് ചെയ്തു.
ന്യൂ സൗത്ത് വെയിൽസും വിക്ടോറിയയും വലിയ തോതിൽ വിദ്യാർത്ഥികളെ തിരിച്ചെത്തിക്കാനുള്ള പദ്ധതികളും തയ്യാറാക്കിയിരുന്നു.
ദിവസം 250 വിദ്യാർത്ഥികളെ വീതം 100 ദിവസം തിരികെയെത്തിക്കാനായിരുന്നു ന്യൂ സൗത്ത് വെയിൽസ് സർക്കാർ പദ്ധതി തയ്യാറാക്കിയതെന്ന് ദ ഓസ്ട്രേലിയൻ റിപ്പോർട്ട് പറയുന്നു.
എന്നാൽ, വിദേശത്തു നിന്നു വരുന്ന വിമാനങ്ങൾക്കെല്ലാം ന്യൂ സൗത്ത് വെയിൽസിൽ കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതിനാൽ ഈ പദ്ധതി ഇപ്പോൾ നടപ്പാകില്ല.
വിക്ടോറിയയിൽ 7,000 വിദ്യാർത്ഥികളെ തിരിച്ചെത്തിക്കാനും, സൗത്ത് ഓസ്ട്രേലിയയിൽ 800ഉം, ACTയിൽ 700 ഉം വിദ്യാർത്ഥികളെ തിരിച്ചെത്തിക്കാനുമായിരുന്നു സംസ്ഥാന സർക്കാരുകളും യൂണിവേഴ്സിറ്റികളും ചേർന്ന് പദ്ധതി തയ്യാറാക്കിയത്.
ഇതും വൈകിയേക്കുമെന്നാണ് സൂചന.
അതേസമയം, തിരിച്ചെത്താൻ വൈകുന്ന വിദ്യാർത്ഥികളെ സഹായിക്കാനായി സർക്കാർ ചില പദ്ധതികൾ ഉടൻ പ്രഖ്യാപിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
People in Australia must stay at least 1.5 metres away from others. Check your state’s restrictions on gathering limits.
If you are experiencing cold or flu symptoms, stay home and arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080.