ഫെഡറൽ-സംസ്ഥാന ആരോഗ്യവകുപ്പുകളുടെയും മെഡിക്കൽ ഗവേഷണ കൗൺസിലിന്റെയും ന്യൂസിലന്റ് ആരോഗ്യവകുപ്പിന്റെയും സംയുക്ത സ്റ്റാന്റിംഗ് കമ്മിറ്റിയായ enHealth ആണ് ഈ മുന്നറിയിപ്പ് നൽകിയത്.
ജൂലൈ മാസത്തിൽ തന്നെ മുന്നറിയിപ്പ് പുറത്തിറക്കിയിരുന്നെങ്കിലും ഇതുവരെയും അത് പൊതുജനങ്ങളിലേക്ക് എത്തിയിട്ടില്ലെന്ന് ന്യൂസ് കോർപ് റിപ്പോർട്ട് ചെയ്തു.
രാജ്യത്ത് കുടിവെള്ളപൈപ്പുകളുടെ നിർമ്മാണത്തിന് ലെഡ് അഥവാ ഈയം വിരളമായി മാത്രമേ ഉപയോഗിക്കാറുള്ളൂ. എന്നാൽ നിരവധി പ്ലംബിംഗിനുപയോഗിക്കുന്ന മറ്റു നിരവധി ഫിറ്റിംഗ് സാധനങ്ങളിൽ ഈയം ഉപയോഗിക്കുന്നുണ്ട്.
ഈയമുള്ള പ്രദേശങ്ങളിൽ ഏറെ നേരെ വെള്ളം കെട്ടിനിൽക്കുകയാണെങ്കിൽ വെള്ളത്തിലേക്ക് അത് അലിഞ്ഞു ചേരാമെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്.
ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന ലോഹമാണ് ഈയം. പേശീ വേദനയും, തലവേദനയും, ഛർദിയും മുതൽ കുട്ടികളിൽ തലച്ചോറിന്റെ തകരാറിനു വരെ ഇത് കാരണമാകാം.
ഈ സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് ഇത്തരമൊരു മുന്നറിയിപ്പ് നൽകിയത്.

Source: Pixabay
ദിവസവും രാവിലെ കുറഞ്ഞത് 30 സെക്കന്റെങ്കിലും വെള്ളം തുറന്നുവിട്ടശേഷം മാത്രമേ കുടിക്കാനായി ഉപയോഗിക്കാവൂ എന്ന് enHealth നിർദ്ദേശിച്ചു. കുട്ടികൾ ഉള്ള വീടുകളിൽ ഇത് കൂടുതലായി ശ്രദ്ധിക്കണം എന്നാണ് നിർദ്ദേശം.
ടാപ്പ് വെള്ളം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കാൻ മറ്റു ചില നിർദ്ദേശങ്ങളും അധികൃതർ നൽകിയിട്ടുണ്ട്
- തണുത്ത വെള്ളം വരുന്ന ടാപ്പിൽ നിന്നു മാത്രമേ കുടിക്കാനും പാചകം ചെയ്യാനുമായി വെള്ളമെടുക്കാൻ പാടുള്ളൂ
- ഏറെക്കാലം ടാപ്പ് ഉപയോഗിച്ചിട്ടില്ലെങ്കിൽ രണ്ടോ മൂന്നോ മിനിട്ട് വെള്ളം തുറന്നുവിടണം. യാത്രകളും, അവധികളുമൊക്കെ കഴിഞ്ഞു വരുമ്പോൾ ഇക്കാര്യം ശ്രദ്ധിക്കണം
- ഈയത്തിന്റെ അംശം ഇല്ലാത്തതോ, കുറഞ്ഞതോ ആയ ഫിറ്റിംഗ് ഉപകരണങ്ങൾ മാത്രം പ്ലംബിംഗിന് ഉപയോഗിക്കുക
ഈ നിർദ്ദേശങ്ങൾ പാലിക്കുന്നതിലൂടെ ഈയത്തിന്റെ അംശം മാത്രമല്ല, കുടിവെള്ളത്തിലുള്ള ചെമ്പ്, നിക്കൽ തുടങ്ങിയ ലോഹാംശങ്ങളും കുറയ്ക്കാൻ കഴിയുമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.