മലയാളികൾ അറിഞ്ഞിരിക്കേണ്ട എല്ലാ ഓസ്ട്രേലിയൻ വാർത്തകളും വിശേഷങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ - SBS മലയാളം വെബ്സൈറ്റ് ബുക്ക്മാർക്ക് ചെയ്യുക...
ദോഹയിൽ നിന്ന് ഫെബ്രുവരി 17ന് ബ്രിസ്‌ബൈനിൽ എത്തിയ ഖത്തർ എയർവെയ്‌സ് വിമാനം QR898 ലെ നിരവധി പേരിൽ കൊവിഡ് ബാധ കണ്ടെത്തിയതായി മെട്രോ നോർത്ത് ഹോസ്പിറ്റൽ ആൻഡ് ഹെൽത് സർവീസ് അധികൃതർ പറഞ്ഞു.
ക്വാറന്റൈൻ കാലാവധിയുടെ അവസാന ദിവസങ്ങളിലാണ് പലർക്കും രോഗബാധ സ്ഥിരീകരിച്ചതെന്ന് അധികൃതർ കത്തിലൂടെ യാത്രക്കാരെ അറിയിച്ചു. ഇതേതുടർന്ന് ഇവർ അഞ്ച് ദിവസം കൂടുതൽ ക്വാറന്റൈൻ ചെയ്യാനാണ് നിർദ്ദേശം.
ഈ യാത്രക്കാർക്ക് മാർച്ച് എട്ട് വരെ ക്വാറന്റൈനിൽ തുടരേണ്ടി വരുമെന്നാണ് റിപ്പോർട്ട്.
ഇതുവരെ രണ്ട് യാത്രക്കാരിലാണ് റഷ്യൻ സ്‌ട്രെയിൻ സ്ഥിരീകരിച്ചിരിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.
മൂന്നാമതൊരു യാത്രക്കാരനിൽ രോഗബാധ സ്ഥിരീകരിച്ചതായി അധികൃതർ പറഞ്ഞു. എന്നാൽ ഇത് റഷ്യൻ സ്‌ട്രെയിൻ ആണോ എന്ന് പരിശോധിച്ച് വരികയാണ്.
ഇതിൽ ചിലർക്ക് റഷ്യൻ സ്‌ട്രെയിൻ (B.1.1.317) ആണെന്നും കത്തിൽ പറയുന്നു. രൂപമാറ്റം വന്ന ഈ കൊറോണവൈറസ് സ്‌ട്രെയിൻ അപകടകരമായ സ്‌ട്രെയിൻ ആണോ എന്നതിനെക്കുറിച്ച് ആവശ്യത്തിന് വിവരങ്ങൾ ലഭ്യമല്ല എന്നും കത്തിൽ വ്യക്തമാക്കുന്നുണ്ട്.
ബുധനാഴ്ച്ച വീട്ടിലേക്ക് പോകാൻ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്ന യാത്രക്കാർക്കും കൂടാതെ വിമാനത്തിലെ സ്റ്റാഫിനും കൂടുതൽ പരിശോധനകൾക്കും വിധേയരാകേണ്ടിവരുമെന്ന് ക്വീൻസ്ലാന്റ് ആരോഗ്യ വകുപ്പ് പറഞ്ഞു.
ക്വാറന്റൈനിൽ അധിക ദിവസം കഴിയേണ്ടിവരുന്നവരുടെ ചിലവ് സർക്കാർ വഹിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
റഷ്യൻ സ്‌ട്രെയിൻ വൈറസ് ബാധയുണ്ടോ എന്ന് അറിയുന്നതിനുള്ള അധിക പരിശോധനക്ക് 74 യാത്രക്കാർ വിധേയരാകുമെന്ന് ക്വീൻസ്ലാൻറ് ആരോഗ്യ വകുപ്പ് വക്താവ് പറഞ്ഞു.
ബ്രിസ്‌ബൈനിൽ നിന്ന് ഈ വിമാനം ന്യൂസിലാന്റിലേക്കാണ് തിരിച്ചത്. ഈ വിമാനത്തിലുണ്ടായിരുന്ന ഒരാൾക്ക് ന്യൂസിലാന്റിൽ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. പുതിയ സ്‌ട്രെയിൻ സംബന്ധിച്ചുള്ള വിവരങ്ങൾ ന്യൂസിലാന്റ് അധികൃതർക്ക് കൈമാറിയതായി പറഞ്ഞു.