ഓസ്‌ട്രേലിയയിലെ വീടു വിലയില്‍ 2018ല്‍ കുറവുണ്ടാകും എന്ന് മുമ്പു വന്നിട്ടുള്ള പ്രവചനങ്ങള്‍ ശരിവയ്ക്കുന്ന റിപ്പോര്‍ട്ടുകളാണ് ആദ്യ മാസങ്ങളില്‍ പുറത്തു വരുന്നത്. സിഡ്‌നിയില്‍ 1.9 ശതമാനവും, മെല്‍ബണില്‍ 0.5 ശതമാനവും വിലക്കുറവ് ഉണ്ടായെന്ന് കോര്‍ലോജിക് എന്ന പ്രോപ്പര്‍ട്ടി അനലറ്റിക്‌സ് ഗ്രൂപ്പിന്റെ റിപ്പോര്‍ട്ട് പറയുന്നു.
രാജ്യത്തെ എല്ലാ തലസ്ഥാന നഗരങ്ങളും കൂടി നോക്കിയാല്‍ ഒരു ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിരിക്കുന്നത്.
അഞ്ചു ശതമാനത്തിന്റെ വരെ ഇടിവ് സിഡ്‌നിയിലും മെല്‍ബണിലും ഈ വര്‍ഷമുണ്ടാകാമെന്ന് AMP ക്യാപിറ്റലിലെ ചീഫ് എക്കണോമിസ്റ്റ് ഷെയ്ന്‍ ഒളിവര്‍ ചൂണ്ടിക്കാട്ടി. ഭവനവായ്പകള്‍ നല്‍കുന്നതിനുള്ള വ്യവസ്ഥകള്‍ ബാങ്കുകള്‍ കര്‍ശനമാക്കിയതും, വിലക്കയറ്റം യാഥാര്‍ത്ഥ്യബോധമില്ലാത്തതാണെന്ന് ആളുകള്‍ ചിന്തിക്കുന്നതുമാണ് ഇതിന്റെ കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.
എന്നാല്‍ വിപണിയില്‍ തകര്‍ച്ചയ്ക്കുള്ള സാധ്യത വിരളമാണെന്നും ഷെയ്ന്‍ ഒളിവര്‍ പറഞ്ഞു.
പെര്‍ത്തിലും ഡാര്‍വിനിലും ഇപ്പോള്‍ തന്നെ സാധ്യമായ ഏറ്റവും കുറഞ്ഞ വിലയിലേക്ക് വിപണി എത്തിയിരിക്കുകയാണെന്നും, അഡ്‌ലൈഡിലും കാന്‍ബറയിലും നേരിയ വില വര്‍ദ്ധനവിന് സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബ്രിസ്‌ബൈനിലും വില വര്‍ദ്ധനവുണ്ടാകുമ്പോള്‍, ഹോബാര്‍ട്ടായിരിക്കും ഏറ്റവും വിലക്കയറ്റമുണ്ടാകുന്ന തലസ്ഥാന നഗരം.
സിഡ്‌നിയില്‍ വില കുറയുമെന്ന് NABഉം
സിഡ്‌നിയില്‍ വീടുകളുടെ വില ഇടിയുമെന്ന് രാജ്യത്തെ പ്രമുഖ ബാങ്കുകളിലൊന്നായ നാബും അടുത്തിടെ സൂചിപ്പിച്ചിരുന്നു. ഈ വര്‍ഷം 3.4 ശതമാനം വില ഇടിയും എന്നായിരുന്നു നാബിന്റെ പ്രവചനം.
എന്നാല്‍ മെല്‍ബണില്‍ നേരിയ വര്‍ദ്ധനവായിരുന്നു നാബ് പ്രവചിച്ചത്.
യൂണിറ്റുകളുടെ കാര്യത്തിലും വിലടിയിവ് നാബ് പ്രവചിച്ചിട്ടുണ്ട്. 

Source: NAB
ചില സബര്‍ബുകളില്‍ വില കൂടും
എന്നാല്‍ തലസ്ഥാന നഗരങ്ങള്‍ക്ക് പുറത്ത് മറ്റു ചില സബര്‍ബുകളില്‍ ഈ വര്‍ഷം വില കൂടാന്‍ സാധ്യതയുണ്ട് എന്നാണ് നാബിന്റെ വിലയിരുത്തല്‍. അടുത്ത പന്ത്രണ്ട് മാസത്തേക്കുള്ള പ്രവചനമാണ് നാബ് നടത്തിയിരിക്കുന്നത്. 

NAB Residential Property Survey Source: NAB