സാം എബ്രഹാം വധക്കേസിലെ ജൂറി വിചാരണയുടെ മൂന്നാം ദിവസമാണ് കൂടുതൽ സാക്ഷികളുടെ വിസ്താരം നടന്നത്.
സാമിനെ ചലനമറ്റ നിലയിൽ കണ്ടു എന്ന സോഫിയയുടെ ഫോൺ കോളിനെ തുടർന്ന് സംഭവദിവസം രാവിലെ സാമിന്റെ വീട്ടിൽ ആദ്യം എത്തിയ സോഫിയയുടെ സഹോദരി സോണിയ റോഷന്റേയും ബന്ധു അനു ടോമിയുടെയും മൊഴികൾ പ്രോസിക്യൂഷൻ ഹാജരാക്കി.
സംഭവദിവസം ഇവർ നൽകിയിട്ടുള്ള മൊഴികളാണ് പ്രോസിക്യൂഷൻ ഹാജരാക്കിയത്. സംഭവ ദിവസം രാവിലെ ഒൻപത് മണിയോടെ കരഞ്ഞുകൊണ്ട് സോഫീയ സഹോദരി സോണിയയെ വിളിച്ചിരുന്നു. ഉടൻ തന്നെ സാമിന്റെ വീട്ടിലെത്തിയ സോണിയയും ബന്ധു അനുവും അനക്കമില്ലാത്ത നിലയിൽ സാം കട്ടിൽ കിടക്കുന്നതാണ് കണ്ടത്.
നഴ്സുമാരായി ജോലി ചെയ്യുന്ന ഇവർ രണ്ടു പേരും മാറി മാറി സി പി ആർ നൽകിയെങ്കിലും സാമിന്റെ നിലയിൽ മാറ്റമുണ്ടായില്ല.
കട്ടിലിൽ നിന്നും സാമിനെ നിലത്തേക്ക് മാറ്റി ഇവർ സി പി ആർ നൽകുന്നതിനിടെ സാമിന്റെ വായിൽ നിന്നും നുരയും പതയും രക്തവും ഒഴുകുന്നതായി കണ്ടുവെന്നും ഇതേത്തുടർന്ന് 000 (ആംബുലൻസ്) വിളിച്ചുവെന്നുമാണ് സോണിയയുടെ മൊഴിയിൽ പറയുന്നത്. സമാനമായ മൊഴി തന്നെയാണ് അനുവും നൽകിയത്.
നല്ലൊരു കുടുംബസ്ഥനായിരുന്നു സാമെന്നും, സാമും സോഫിയയും തമ്മിലുള്ള ദാമ്പത്യത്തിൽ കാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും സോണിയയുടെ മൊഴിയിൽ പറയുന്നു. കേരളത്തിൽ വച്ച് കണ്ടുമുട്ടിയ ഇരുവരും പ്രണയിച്ചാണ് വിവാഹം കഴിച്ചതെന്നും സോണിയ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, സംഭവദിവസം രാത്രി ഇവർ തമ്മിൽ ചില സാമ്പത്തിക പ്രശ്നങ്ങളുടെ പേരിൽ തർക്കമുണ്ടായിരുന്നുവെന്നും മൊഴിയിൽ പറയുന്നുണ്ട്.
സാമും സോഫിയയും രണ്ടാമത്തെ കുട്ടിയെ കുറിച്ച് ആലോചിച്ച് തുടങ്ങിയിരുന്നുവെന്നും സോണിയയുടെ മൊഴിയിലുണ്ട്.
സംഭവദിവസം വീട്ടിലെത്തിയ ആംബുലൻസ് ഉദ്യോഗസ്ഥന്റെയും, വീട്ട്ടിലെത്തി പരിശോധന നടത്തിയ പോലീസ് ഉദ്യോഗസ്ഥരുടെയും സാമിന്റെ അയൽക്കാരന്റെയും മൊഴികളും ജൂറി പരിശോധിച്ചു.
സോഫിയ ജോലി ചെയ്തിരുന്ന വെബ് ഡിസൈനിങ് കമ്പനി നടത്തുന്ന മലയാളിയായ അരുൺ യോഷിത്തിന്റെ മൊഴിയും കോടതി പരിശോധിച്ചു. സോഫിയയും അരുണും ഒരുമിച്ച് ഉച്ചഭക്ഷണം കഴിക്കുന്നത് കണ്ടിട്ടുണ്ടെന്ന് യോഷിത് നൽകിയ മൊഴിയും ജൂറിക്ക് മുന്നിൽ ഹാജരാക്കി.
കൂടുതൽ സാക്ഷി മൊഴികൾ വരും ദിവസങ്ങളിൽ ഹാജരാക്കുമെന്ന് കോടതി അറിയിച്ചു. വിചാരണ നാളെ തുടരും .
കേസിൽ പ്രതികളായ സോഫിയയും അരുൺ കമലാസനനും കുറ്റം നിഷേധിച്ചിട്ടുണ്ട്.
കൂടുതൽ ഓസ്‌ട്രേലിയൻ വാർത്തകൾക്ക് എസ് ബി എസ് മലയാളം ഫേസ്ബുക് പേജ് ലൈക് ചെയ്യുക

