മെൽബണിലെ റിച്ച്മൺഡിലുള്ള മെൽബൺ ഗേൾസ് കോളേജിൽ പഠിക്കുന്ന രണ്ടു ഏഴാം ക്ലാസ് വിദ്യാര്ഥിനികളാണ് കഞ്ചാവ് വിതരണം ചെയ്യുന്നതായി കണ്ടെത്തിയത്.
ഇതേക്കുറിച്ച് അറിഞ്ഞ ഉടൻ തന്നെ കോളേജ് അധികൃതർ പോലീസിൽ വിവരം അറിയിച്ചിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് വിക്ടോറിയ പോലീസ് അന്വേഷണം നടത്തി വരികയാണെന്ന് സീനിയർ കോൺസ്റ്റബിൾ നതാലി ഡീൻ അറിയിച്ചു. മയക്കുമരുന്നുകളുടെ ഉപയോഗം മൂലമുണ്ടാകാവുന്ന അപകടങ്ങളെക്കുറിച്ച് പോലീസ് ഇവിടത്തെ മറ്റു കുട്ടികളെയും ബോധവത്കരിക്കുന്നുണ്ട്.
12 ഉം 13 ഉം വയസ്സ് പ്രായമുള്ള ഈ രണ്ടു വിദ്യാർത്ഥിനികളെയും കോളേജിൽ നിന്നും പുറത്താക്കിയിട്ടില്ല.
ഭാവിയിൽ ഇത്തരം പ്രശ്നങ്ങളിൽ അകപ്പെടാതിരിക്കാൻ ഈ രണ്ട് വിദ്യാർത്ഥിനികൾക്കും അവരുടെ രക്ഷിതാക്കൾക്കും കോളേജ് ആവശ്യമായ പിന്തുണ നൽകാൻ ശ്രമിക്കുകയാണെന്ന് പ്രിൻസിപ്പാൾ കാരൻ മണി പറഞ്ഞു.
വിദ്യാലയത്തിൻറെ പരിസരത്ത് മയക്കുമരുന്ന് ഉപയോഗത്തിന് കർശന നിരോധനമുണ്ട്. ഇതൊരു ഒറ്റപ്പെട്ട സംഭവം മാത്രമാമാണെന്നും ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കോളേജ് ശ്രമിക്കുമെന്നും പ്രിൻസിപ്പാൾ അറിയിച്ചു.
അതേസമയം, സ്‌കൂളുകളിൽ മയക്കുമരുന്നുകളുടെ ഉപയോഗം നിയന്ത്രണാതീതമാണെന്നും, 2016 -ൽ മാത്രം ഏതാണ്ട് 166 മയക്കുമരുന്ന് കേസുകൾ അന്വേഷിച്ചതായും വിക്ടോറിയ പോലീസ് പറഞ്ഞു.