ഓസ്ട്രേലിയയുടെ മുപ്പതാം പ്രധാനമന്ത്രിയായിരിക്കും സ്കോട്ട് മോറിസൺ.
ഏറെ മാസങ്ങളായി തുടരുന്ന അഭിപ്രായ വോട്ടെടുപ്പ് തോൽവികൾക്കും, ഒരാഴ്ചയായി തുടരുന്ന രാഷ്ട്രീയ അനിശ്ചിതാവസ്ഥയ്ക്കും ശേഷമാണ് മാൽക്കം ടേൺബുൾ പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് പുറത്തായത്.
ചൊവ്വാഴ്ച നടന്ന നേതൃമാറ്റവോട്ടെടുപ്പിൽ പീറ്റർ ഡറ്റനെ തോൽപ്പിച്ച മാൽക്കം ടേൺബുള്ളിന്, എന്നാൽ നാലു ദിവസത്തിനു ശേഷം നടന്ന രണ്ടാം തെരഞ്ഞെടുപ്പിൽ അടിതെറ്റി. നേതൃമാറ്റ വോട്ടെടുപ്പ് വേണമെന്ന പ്രമേയം മുന്നോട്ടുപോകുകയാണെങ്കിൽ താൻ മത്സരത്തിനില്ലെന്ന് ടേൺബുൾ വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നു.
ഇതോടെ ലിബറൽ നേതൃസ്ഥാനത്തേക്കുള്ള മത്സരരംഗത്ത് മൂന്നു പേരായിരുന്നു ഉണ്ടായിരുന്നത്. ആഭ്യന്തര മന്ത്രിയായിരുന്ന പീറ്റർ ഡറ്റൺ, വിദേശകാര്യമന്ത്രി ജൂലീ ബിഷപ്പ്, ട്രഷറർ സ്കോട്ട് മോറിസൺ എന്നിവർ.
ആദ്യ റൗണ്ടിലെ വോട്ടെടുപ്പിൽ ജൂലീ ബിഷപ്പ് പുറത്തായതോടെ മത്സരം ഡറ്റണും മോറിസണും തമ്മിലായി. രണ്ടാം റൗണ്ട് വോട്ടെടുപ്പിൽ 40നെതിരെ 45 വോട്ടുകൾക്കാണ് മോറിസൺ ഡറ്റനെ തോൽപ്പിച്ചത്.
പതിനൊന്ന് വർഷത്തിനിടയിൽ ഓസ്ട്രേലിയ കാണുന്ന ഏഴാമത്തെ പ്രധാനമന്ത്രിയായിരിക്കുകയാണ് ഇതോടെ സ്കോട്ട് മോറിസൺ.
2015 സെപ്റ്റംബർ 14നാണ് ടോണി ആബറ്റിനെ പാർട്ടി നേതൃസ്ഥാനത്ത് നിന്ന് പുറത്താക്കി ടേൺബുൾ പ്രധാനമന്ത്രിയായത്. സമാനമായ ഒരു അട്ടിമറിയിലൂടെ ഇപ്പോൾ അദ്ദേഹത്തിന്റെയും പ്രധാനമന്ത്രിസ്ഥാനം നഷ്ടമായിരിക്കുകയാണ്.
എന്നാൽ ഇത്തവണ പാർട്ടിക്കുള്ളിൽ നേതൃമാറ്റം ആവശ്യപ്പെട്ട് രംഗത്തെത്തിയ പീറ്റർ ഡറ്റനും മത്സരത്തിൽ വിജയിക്കാൻ കഴിഞ്ഞില്ല. പകരം, മാൽക്കം ടേൺബുള്ളിനൊപ്പം ഉറച്ചു നിന്ന സ്കോട്ട് മോറിസനാണ് ജയിച്ചത്.
നേതൃമാറ്റമുണ്ടാവുകയാണെങ്കിൽ താൻ പാർലമെന്റംഗത്വം രാജിവയ്ക്കുമെന്ന് ടേൺബുൾ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതുവരെയും പ്രഖ്യാപനം വന്നിട്ടില്ല.
ഗവർണർ ജനറൽ സ്കോട്ട് മോറിസനെ ഔദ്യോഗികമായി പ്രധാനമന്ത്രിയായി നിയമിച്ച ശേഷം അദ്ദേഹം പാർലമെന്റിൽ വിശ്വാസ വോട്ട് തേടേണ്ടിവരും.
വിശ്വസ്തനായിരുന്ന "സ്കോ മോ"
രണ്ടു ദിവസം മുമ്പും മാൽക്കം ടേൺബുള്ളിന് പൂർണപിന്തുണ പ്രഖ്യാപിച്ച നേതാവായിരുന്നു സ്കോ മോ എന്നറിയപ്പെടുന്ന സ്കോട്ട് മോറിസൺ. ചൊവ്വാഴ്ച നടന്ന ആദ്യ നേതൃമാറ്റ വോട്ടെടുപ്പിന് ശേഷവും അദ്ദേഹം ടേൺബുള്ളിനോട് കൂറ് പ്രഖ്യാപിച്ചിരുന്നു.
മത്സരം നടക്കുകയാണെങ്കിൽ താൻ അതിനുണ്ടാകില്ല എന്ന് ടേൺബുൾ പ്രഖ്യാപിച്ച ശേഷമാണ് സ്കോട്ട് മോറിസൺ മത്സരിക്കാനായി രംഗത്തെത്തിയത്.
സിഡ്നിയിലെ ബ്രോണ്ടെ സബർബിൽ നിന്നുള്ള സ്കോട്ട് മോറിസൺ 2015 മുതൽ ടേൺബുൾ മന്ത്രിസഭയിൽ ട്രഷററാണ്. അതിനു മുമ്പ് കുടിയേറ്റകാര്യ മന്ത്രിയായിരുന്ന അദ്ദേഹമാണ് ഏറെ ചർച്ചകളും വിവാദങ്ങളുമുണ്ടാക്കിയ ഓപ്പറേഷൻ സോവറിൻ ബോർഡേഴ്സ് പദ്ധതിയുടെ ഉപജ്ഞാതാവ്.
ഓസ്ട്രേലിയയിലേക്ക് അഭയാർത്ഥികളുമായെത്തുന്ന ബോട്ടുകൾ തിരിച്ചയക്കാനുള്ള നയമായിരുന്നു ഇത്.
കുട്ടിക്കാലത്ത് അഭിനേതാവായിരുന്ന അദ്ദേഹം പല പരസ്യചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
ജോഷ് ഫ്രൈഡൻബർഗ് ഉപനേതാവ്
പാർട്ടി ഉപനേതാവായിരുന്ന ജൂലീ ബിഷപ്പ് നേതൃസ്ഥാനത്തേക്ക് മത്സരിച്ച്പരാജയപ്പെട്ടതിനാൽ ആ സ്ഥാനത്തക്കും തെരഞ്ഞെടുപ്പ് നടന്നു. ജോഷ് ഫ്രൈഡൻബർഗാണ് പുതിയ ഉപനേതാവ്.