ഓസ്‌ട്രേലിയയിൽ പുതിയ വ്യവസായ സംരംഭങ്ങൾക്കു തുടക്കം കുറിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ സംരംഭക വിസ കൊണ്ടുവരുന്നത്. കുടിയേറ്റകാര്യ വകുപ്പ് ഇതിനായുള്ള അപേക്ഷകൾ സ്വീകരിക്കാൻ തുടങ്ങി.
ഈ വിസയിൽ ഓസ്‌ട്രേലിയയിൽ എത്തുന്നവർക്ക് പെര്മനെന്റ് റെസിഡെൻസി ലഭിക്കാനുള്ള സാധ്യതയും കൂടുതലാണ്.
സെപ്റ്റംബർ 10- ആം തിയതി യാണ് സർക്കാർ പുതിയ വിസ പ്രഖ്യാപിച്ചത്. ഈ വർഷം നവംബറോടെ ഇത് പ്രാബല്യത്തിൽ കൊണ്ടുവരാനാണ് പദ്ധതി.
ബിസിനസ് ഇന്നോവേഷൻ ആൻഡ് ഇൻവെസ്റ്റ്മെന്റ് വിസയുടെ ഭാഗമായാണ് ഈ പുതിയ വിസ നടപ്പിലാക്കുന്നത്.
നൂതന ആശയത്തോടെയുള്ള വ്യവസായ സംരംഭങ്ങൾ ഇതിലൂടെ ഓസ്‌ട്രേലിയയിലേക്ക് ആകർഷിക്കപ്പെടും. ഇത് രാജ്യത്തിന്റെ സാമ്പത്തിക അഭിവൃദ്ധിക്ക് സഹായകരമാകുമെന്നും കുടിയേറ്റകാര്യ മന്ത്രി പീറ്റർ ഡട്ടൺ ചൂണ്ടിക്കാട്ടി.
അതായത്, ഒരു പുതിയ വ്യവസായ സംരംഭം ഓസ്‌ട്രേലിയയിൽ തുടങ്ങാൻ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടുകൊണ്ടാണ് ഈ പുതിയ വിസ.
സംരംഭക വിസക്ക് അപേക്ഷിക്കാൻ വേണ്ട മാനദണ്ഡങ്ങൾ :
- അപേക്ഷകന്റെ പ്രായം 55 വയസ്സിൽ കുറവായിരിക്കണം
- ഇതിനായി 200,000 ഡോളർ ഫണ്ടിംഗ് കാണിക്കേണ്ടതുണ്ട്. ഇത് ഒരു നിർദിഷ്ട തേർഡ് പാർട്ടിയിൽ നിന്നും ഉറപ്പാക്കാം
- ഇംഗ്ലീഷ് ഭാഷാ പ്രാവിണ്യം ഉണ്ടായിരിക്കണം. അപേക്ഷ സമർപ്പിക്കുന്ന സമയത്ത് ഇതിന്റെ തെളിവ് സമർപ്പിക്കേണ്ടതാണ്
- സംസ്ഥാന സർക്കാരിന്റെയോ ടെറിട്ടറി സർക്കാരിന്റെയോ നോമിനേഷൻ അനിവാര്യമാണ്
സംരംഭക വിസക്കു അപേക്ഷിക്കാൻ താത്പര്യമുള്ളവർ, എക്സ്പ്രെഷൻ ഓഫ് ഇന്ട്രെസ്റ് സമപ്പിക്കേണ്ടതാണ്. ഇതേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കുടിയേറ്റ കാര്യ വകുപ്പിന്റെ വെബ്സൈറ്റിലുള്ള സ്കിൽ സെറ്റിൽ നിന്നും ലഭ്യമാണ്.