1. ഓഗസ്റ് 9-നു മുൻപായി സെൻസസ് ഫോം പൂരിപ്പിക്കേണ്ട ആവശ്യം ഉണ്ടോ?
സെൻസസിനെക്കുറിച്ചുള്ള നിർദ്ദേശങ്ങളും 12 അക്കങ്ങളുള്ള കോഡും അടങ്ങിയ ഫോം താപാലിൽ നിങ്ങൾക്കു ലഭിക്കും. ഇത് ലഭിച്ചു കഴിഞ്ഞാൽ നിങ്ങൾക്കു സെൻസസ് ഫോം ഓൺലൈൻ ആയി പൂരിപ്പിക്കാവുന്നതാണ്. എങ്കിലും, സെൻസസ് ദിനമായ ഓഗസ്റ്റ് ഒന്പതിനുള്ള സാഹചര്യമാണ് സെൻസസ് ഫോമിൽ രേഖപ്പെടുത്തേണ്ടത്. അതായത്, ഓഗസ്റ്റ് ഒന്പതിന് നിങ്ങൾ എവിടെയാണ്, അല്ലെങ്കിൽ നിങ്ങളുടെ വീട്ടിൽ ആരൊക്കെയുണ്ട് എന്ന കാര്യമാണ് ഫോമിൽ ഉൾപ്പെടുത്തേണ്ടത്.
2. ഓഗസ്റ് ഒന്പതിന് ഓൺലൈൻ ആയി സെൻസസിൽ പങ്കെടുക്കാൻ സാധിച്ചില്ലെങ്കിൽ പിന്നീട് ഇത് ചെയ്യാനുള്ള അവസരം ഉണ്ടോ ? $180 വീതം ഓരോ ദിവസവും പിഴ അടയ്‌ക്കേണ്ടി വരും എന്ന് പറയുന്നത് ശരിയാണോ ?
ഓഗസ്റ് 9-നോ അതിനു ശേഷമോ സെൻസസിൽ പങ്കെടുക്കാതിരുന്നു എന്ന പേരിൽ മാത്രം നിങ്ങളിൽ നിന്നും പിഴ ഈടാക്കുന്നതല്ല. എന്നാൽ അധികം വൈകാതെ തന്നെ ഫോം പൂരിപ്പിക്കേണ്ടതാണ്. ഫോം പൂരിപ്പിച്ചിട്ടില്ലെങ്കിൽ, ഇത് ഓർമ്മിപ്പിക്കാനായി ഒരു റിമൈൻഡർ ലെറ്റർ ഓസ്‌ട്രേലിയൻ ബ്യുറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിൽ നിന്നും നിങ്ങൾക്കു ലഭിക്കും. എന്നിട്ടും ഫോം തിരികെ നൽകാത്ത പക്ഷം ഒരു ഫീൽഡ് ഓഫീസർ നിങ്ങളെ നേരിൽ സമീപിയ്ക്കുന്നതായിരിക്കും. സെൻസസിൽ പങ്കെടുക്കാതിരിക്കുന്നവരിൽ നിന്ന് മാത്രമായിരിക്കും പിഴ ഈടാക്കുന്നത്.
3. ഓഗസ്റ് ഒന്പതിന് സെൻസസിൽ പങ്കെടുക്കാനായി ഒട്ടേറെ പേർ ഒരേ ദിവസം ഒരേ സമയം വെബ്സൈറ്റ് ഉപയോഗിക്കുമ്പോൾ ഇന്റർനെറ്റ് ക്റാഷ് ആവുകയോ മറ്റോ ചെയ്‌താൽ എന്ത് ചെയ്യണം ?
ഏതാണ്ട് 65 ശതമാനം വീട്ടുകാർ അതായതു 16 മില്ല്യൺ ആളുകൾ സെൻസസിൽ ഓൺലൈനായി പങ്കെടുക്കും എന്നാണു കണക്കാക്കപ്പെടുന്നത്. അഥവാ 80 ശതമാനം പേരും ഓണ്‍ലൈനില്‍ പൂരിപ്പിച്ചാല്‍ പോലും സുഗമമായി അതു പൂര്‍ത്തിയാക്കാനുള്ള സാങ്കേതിക സംവിധാനങ്ങള്‍ ABS ഒരുക്കിയിട്ടുണ്ട്. അതായത്, ഒരു സെക്കന്റില്‍ 200 ഫോമുകള്‍ വരെ സബ്മിറ്റ് ചെയ്യാന്‍ കഴിയും.
4. സെൻസസ് പേപ്പർ ഫോം ABS -നു തിരികെ നൽകേണ്ട അവസാന ദിവസം ഏതാണ്?
ഇനി ഓൺലൈൻ ആയല്ല മറിച്ചു പേപ്പർ ഫോം ആണ് നിങ്ങൾക്ക് ആവശ്യമെങ്കിൽ 1300 820 275 എന്ന നമ്പറിൽ പേപ്പർ ഫോം റിക്വസ്റ്റ് സർവീസിൽ വിളിച്ച് ഇതിനായി അഭ്യർത്ഥിക്കാം. ഈ സേവനം ഓഗസ്റ് ഒന്പതിനുള്ള സെൻസസ് രാവിന് ശേഷവും 24 മണിക്കൂറും തുറന്നു പ്രവർത്തിക്കും. ഈ ഫോം ലഭിക്കുന്നതിനും നിങ്ങൾക്ക് തപാലിൽ ലഭിച്ചിട്ടുള്ള 12 അക്കമുള്ള സെൻസസ് ലോഗ് ഇൻ നമ്പർ ആവശ്യമാണ്. നേരത്തെ പറഞ്ഞ പോലെ ഓഗസ്റ് ഒന്പതിന് ശേഷവും സെൻസസ് ഫോം പൂരിപ്പിക്കാത്തവർക്കു ഇതേക്കുറിച്ചു ഓർമപ്പെടുത്താൻ ഒരു റിമൈൻഡർ ലെറ്ററും, അതിനു ശേഷം ഒരു ഫീൽഡ് ഓഫീസറുടെ സന്ദർശനവും ഉണ്ടാകും. ഇതിനൊക്കെ ശേഷവും നിങ്ങൾക്ക് പേപ്പർ ഫോമിനായി മേൽ പറഞ്ഞ നമ്പറിൽ വിളിച്ചു അഭ്യർത്ഥിക്കാവുന്നതാണ് . ഫോം ലഭിച്ചു കഴിഞ്ഞാൽ അതിൽ പറഞ്ഞിരിക്കുന്ന പ്രകാരം കൃത്യമായ വിവരങ്ങൾ എഴുതി പൂരിപ്പിച്ച ശേഷം ഫോമിനൊപ്പമുള്ള പെയ്ഡ് കവറിൽ ഇത് തിരിച്ചയക്കാവുന്നതാണ്. പരമാവധി സെപ്റ്റംബർ മാസത്തിന് മുന്പു തന്നെ ഫോം തിരിച്ചെത്തിക്കണം.
5. പേപ്പർ സെൻസസ് ഫോമിനായി അപേക്ഷിക്കേണ്ട നമ്പർ എപ്പോഴും തിരക്കിലാണെന്നുള്ള പരാതികൾ ലഭിക്കാറുണ്ട്. ഈ സാഹചര്യത്തിൽ മറ്റേതെങ്കിലും ഹോട്ട് ലൈൻ നമ്പർ പ്രവർത്തനത്തിലുണ്ടോ ?
സെൻസസ് ഇൻക്വയറി സർവീസിലേക്ക് പേപ്പർ ഫോമിനായി നിരവധി ഫോൺ കോളുകൾ ഞങ്ങൾക്ക് ലഭിക്കുന്നുണ്ട്. ഇത് മൂലം ഈ നമ്പറിൽ തിരക്ക് അനുഭവപ്പെടുന്നതായി ഞങ്ങൾ മനസിലാക്കുന്നു. നിങ്ങൾക്കുണ്ടാകുന്ന അസൗകര്യത്തിന് ഞങ്ങൾ ക്ഷമ ചോദിക്കുന്നു. ഈ നമ്പറിലേക്കു തന്നെ അൽപ സമയത്തിന് ശേഷം വീണ്ടും വിളിക്കാൻ വിനീതമായി അഭ്യർത്ഥിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് ABS സെൻസസ് വെബ്സൈറ്റ് സന്ദർശിക്കുക.