പെർത്തിലെ ഈഡിത് കോവാൻ യൂണിവേഴ്‌സിറ്റിയിലെ അധ്യാപകനായിരുന്ന പ്രൊഫസർ ഡേവിഡ് ഗുഡ്ഓൾ ആണ് സ്വമേധയ മരണം സ്വീകരിക്കാൻ തീരുമാനിച്ചത്. 90 വയസ്സ് വരെ ജീവിതം നന്നായി ആസ്വദിച്ചെങ്കിലും അതിനുശേഷം ജീവിതത്തിൽ സന്തോഷം കണ്ടെത്താനായിട്ടില്ലെന്നും അതുകൊണ്ടാണ് മരിക്കാൻ തീരുമാനമെടുക്കുന്നതെന്നും പ്രൊഫസർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 104 കാരനായ പ്രൊഫസർക്ക് മാരകമായ അസുഖങ്ങൾ ഒന്നും തന്നെയില്ല.
സ്വമേധയ മരണം സ്വീകരിക്കുന്നത് (voluntary assisted dying program) ഓസ്‌ട്രേലിയയിൽ നിയമ വിധേയമല്ലാത്തതിനാൽ ആണ് ഡേവിഡ് ഇതിനായി സ്വിറ്റ്സർലന്റ് തിരഞ്ഞെടുത്തിരിക്കുന്നത്. നിലവിൽ സ്വിറ്റസർലന്റും കൊളംബിയയും മാത്രമാണ് വിദേശികൾക്ക് ഇപ്രകാരം മരിക്കാൻ അനുവാദം നൽകുന്നത്.
50-60 വയസ്സ് പ്രായമായ ഏതൊരാൾക്കും ജീവിക്കണോ മരിക്കണോ എന്ന് സ്വയം തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം നല്കണമെന്നാണ് തന്റെ അഭിപ്രായമെന്നും, തന്റെ മരണം ഓസ്‌ട്രേലിയൻ അധികാരികളുടെ കണ്ണുതുറപ്പിക്കുമെന്ന വിശ്വാസമാണ് തനിക്കുള്ളതെന്നും ഡേവിഡ് പറയുന്നു.

Australian scientist Professor David Goodall farewells his grandson at Perth Airport, Perth, Wednesday, May 2, 2018. Source: AAP
ഓസ്‌ട്രേലിയയിലും ഫ്രാൻസിലുമുള്ള ബന്ധുക്കളെ സന്ദർശിച്ച് സ്വിറ്റ്‌സർലന്റിൽ എത്തിയിരിക്കുന്ന ഡേവിഡിന്റെ മാനസിക ആരോഗ്യം ചൊവ്വാഴ്ച പരിശോധിക്കും. അതിനുശേഷം ബുധനാഴ്ച്ച ഡേവിഡിന്റെ അവസാന പത്രസമ്മേളനം നടത്തും. വ്യാഴാഴ്ച്ച ഡോക്ടർമാരുടെ സഹായത്തോടെ ഇദ്ദേഹം മരിക്കുന്നതിനുള്ള വിഷ ദ്രാവകം കുടിക്കും. ഓസ്‌ട്രേലിയയിൽ തന്നെ മരണം സ്വീകരിക്കാൻ സാധിക്കാത്തതിൽ നിരാശയുണ്ടെന്ന് ഡേവിഡ് വ്യക്തമാക്കി.
ആത്മഹത്യാ പ്രവണതയുള്ളവർക്ക് സഹായത്തിനായി താഴെപറയുന്ന സേവനങ്ങൾ ഉപയോഗിക്കാം
Lifeline on 13 11 14.
Suicide Call Back Service 1300 659 467.
MensLine Australia 1300 78 99 78.
Multicultural Mental Health Australia www.mmha.org.au.
Local Aboriginal Medical Service details available from www.bettertoknow.org.au/AMS