കഴിഞ്ഞയാഴ്ച എസ് ബി എസ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് ഓസ്ട്രേലിയൻ കൗൺസിൽ ഓഫ് ഹിന്ദു ക്ലെർജിയുടെ പബ്ലിക് റിലേഷൻസ് ഓഫീസർ പണ്ഡിറ്റ് രാമി സ്വവർഗ്ഗ വിവാഹത്തെ അനുകൂലിക്കുന്നതായും, എല്ലാ ഹിന്ദുക്കളോടും പോസ്റ്റൽ സർവേയിൽ യെസ് എന്ന് രേഖപ്പെടുത്താൻ ആഹ്വാനം ചെയ്യുന്നതായും വ്യക്തമാക്കിയത്.
കൗൺസിലിൻറെ ഔദ്യോഗിക വെബ്സൈറ്റിൽ സ്വവർഗ്ഗ വിവാഹത്തെ അനുകൂലിച്ചുകൊണ്ട് പ്രസ്താവനയും പ്രസിദ്ധീകരിച്ചിരുന്നു.
എന്നാൽ ഇതിനെതിരെ കൗൺസിലിലെ മറ്റു പല പൂജാരിമാരും രംഗത്തെത്തിയതോടെ ഈ വിഷയത്തിൽ അവർ രണ്ടു തട്ടിലാവുകയായിരുന്നു.
സ്വവർഗ്ഗവിവാഹം സംബന്ധിച്ച് ഹിന്ദു പൂജാരിമാർക്കിടിയൽ രണ്ടു നിലപാടുകളുണ്ടെന്ന് ഓസ്ട്രേലിയയിലെ ഏറ്റവും പഴയ ഹൈന്ദവക്ഷേത്രമായ ശ്രീ മന്ദിറിൻറെ മുഖ്യപൂജാരിയും കൗൺസിൽ അംഗവുമായ പണ്ഡിറ്റ് ജതിൻഭായ് ഭട്ട് എസ് ബി എസ് ഗുജറാത്തി റേഡിയോയോട് പറഞ്ഞു.
"സിവിൽ യൂണിയൻ എന്ന രീതിയിലോ, വിവാഹമില്ലാതെ ഒരുമിച്ച് ജീവിക്കുന്നതിനോ ഓസ്ട്രേലിയക്കാർക്ക് അവകാശമുണ്ട്. അതല്ലാതെ സ്വവർഗ്ഗ പങ്കാളികൾ ഒരുമിച്ച് ജീവിക്കുന്നതിനെ വിവാഹം എന്ന് വിളിക്കാൻ കഴിയില്ല" എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
"വിവാഹം പുരുഷനും സ്ത്രീയും തമ്മിൽ മാത്രമാണ് സാധ്യമാകുന്നത്."
ഞായറാഴ്ച ചേർന്ന കൗൺസിൽ ജനറൽ ബോഡി യോഗത്തിൽ ഭൂരിഭാഗം പൂജാരിമാരും സ്വവർഗ്ഗ വിവാഹത്തെ എതിർത്തുവെന്നും, രണ്ടോ മൂന്നോ പേർ മാത്രമാണ് അതിനെ അനുകൂലിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പണ്ഡിറ്റ് ജതിൻഭായ് ഭട്ട് എസ് ബി എസ് ഗുജറാത്തി റേഡിയോയോട് സംസാരിച്ചത് ഇവിടെ കേൾക്കാം.
ഓസ്ട്രേലിയയിലേക്ക് കുടിയേറിയെത്തിയ ഹിന്ദുക്കൾ നിയമത്തിന് മുന്നിൽ തുല്യത ആവശ്യപ്പെടുന്പോൾ, അത്തരത്തിൽ ന്യൂനപക്ഷമായ മറ്റൊരു വിഭാഗത്തിന് എങ്ങനെ തുല്യത നിഷേധിക്കും എന്നായിരുന്നു കൗൺസിൽ PRO പണ്ഡിറ്റ് രാമി കഴിഞ്ഞയാഴ്ച എസ് ബിഎസ് മലയാളത്തോട് പറഞ്ഞത്.
സ്വവർഗ്ഗ വിവാഹത്തെ പിന്തുണച്ചുകൊണ്ട് കഴിഞ്ഞയാഴ്ച വെബ്സൈറ്റിൽ നൽകിയിരുന്ന പ്രസ്താവനയും കൗൺസിൽ പിൻവവിച്ചിട്ടുണ്ട്. ഹിന്ദു ധർമ്മശാസ്ത്ര പ്രകാരം പുരുഷനും സ്ത്രീയും തമ്മിൽ മാത്രമേ വിവാഹം സാധ്യമാകൂ എന്നാണ് പുതിയ പ്രസ്താവനയിൽ പറയുന്നത്.

കൗൺസിലിൻറെ പുതിയ തീരുമാനത്തിൽ പ്രതിഷേധിച്ച് പണ്ഡിറ്റ് രാമി കൗൺസിലിൽ നിന്ന് രാജിവയ്ക്കുന്നതായി അറിയിച്ചുവെന്നും പണ്ഡിറ്റ് ഭട്ട് പറഞ്ഞു. പണ്ഡിറ്റ് രാമിയെ ടെലിഫോണിൽ ബന്ധപ്പെടാൻ എസ് ബി എസ് മലയാളം ശ്രമിച്ചെങ്കിലും സാധിച്ചിട്ടില്ല.
ഹിന്ദു പുജാരിമാർ സ്വവർഗ്ഗ വിവാഹത്തെ അനൂകൂലിക്കുന്നില്ലെങ്കിലും ഓസ്ട്രേലിയൻ സിവിൽ നിയമങ്ങളിൽ സ്വവർഗ്ഗ വിവാഹത്തിന് അനുകൂലമായ ഭേദഗതി ഉണ്ടാകുന്നതിൽ വിയോജിപ്പൊന്നുമില്ലെന്നും പണ്ഡിറ്റ് ഭട്ട് വ്യക്തമാക്കി. എന്നാൽ പൂജാരിമാർ ആരും ഇത്തരം ചടങ്ങ് നടത്തില്ലെന്ന് അദ്ദേഹം പറഞ്ഞു.

