ഓസ്‌ട്രേലിയയിൽ മാസങ്ങളായി കത്തിപ്പടരുന്ന, രാജ്യത്തിൻറെ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീ മൂലം നിരവധി പേർക്കാണ് വീടും കൃഷിയിടവുമെല്ലാം നഷ്ടമായത്.
ഇവരെ സഹായിക്കാൻ കായിക രംഗത്തുള്ളവരും ധനസമാഹരണം നടത്താൻ നിരവധി മാർഗങ്ങളാണ് മുൻപോട്ടു വച്ചിരിക്കുന്നത്.
കാട്ടുതീ ബാധിതർക്കുള്ള ധനശേഖരണാർത്ഥം ഫെബ്രുവരി 28ന് ഫുട്ബോൾ മത്സരം നടത്താൻ പദ്ധതിയിട്ടു ഓസ്‌ട്രേലിയൻ ഫുട്ബോൾ ലീഗും രംഗത്തെത്തി. കൂടാതെ ടെന്നീസ് ഓസ്‌ട്രേലിയയും വിവിധ മാർഗ്ഗങ്ങളിലൂടെ ധനശേഖരിക്കുകയാണ്.
ഇതിനിടെയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ കാട്ടുതീ ബാധിതരെ സഹായിക്കാൻ ക്രിക്കറ്റ് മത്സരം നടത്താൻ തീരുമാനിച്ചത്.
ഈ മത്സരത്തിൽ പങ്കെടുക്കുന്ന രണ്ട് ടീമുകളിൽ ഒന്നിനെ പരിശീലിപ്പിക്കുന്നത് ഇന്ത്യൻ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കറാണ്.
മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ക്യാപ്റ്റന്മാരായ റിക്കി പോണ്ടിംഗിന്റെയും ഷെയ്ൻ വാണിന്റെയും നേതൃത്വത്തിലുള്ള ടീമുകളാണ് മത്സരത്തിനിറങ്ങുന്നത്. Ponting XI, Warne XI എന്നതാണ് ടീമുകൾ.
ഇതിൽ റിക്കി പോണ്ടിംഗ് നയിക്കുന്ന Ponting XI എന്ന ടീമിന്റെ പരിശീലകനാണ് ടെണ്ടുൽക്കർ. മുൻ വെസ്റ്റ് ഇൻഡീസ് താരം കോട്നി വാൽഷ് ആണ് Warne XI ടീമിന്റെ പരിശീലകൻ.
കാട്ടുതീ ധാരണസമാഹരണാർത്ഥം നടത്തുന്ന ബുഷ്‌ഫയർ ക്രിക്കറ്റ് ബാഷ് ഫെബ്രുവരി എട്ട് ശനിയാഴ്ചയാണ് നടക്കുന്നത്. എന്നാൽ മത്സരം എവിടെ വച്ച് നടക്കുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
ജസ്റ്റിൻ ലാൻഗർ, ആദം ഗിൽക്രിസ്റ്, ബ്രെറ്റ് ലീ, ഷെയിൻ വാട്സൺ, അലക്സ് ബ്ലാക്ക്‌വെൽ, മൈക്കൽ ക്ലാർക്ക് എന്നിവരടങ്ങുന്നതാണ് ടീമുകൾ. വരും ദിവസങ്ങളിൽ മറ്റ് താരങ്ങളെ നിർണയിക്കുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു

Source: Public Domain
മത്സരത്തിൽ നിന്ന് ലഭിക്കുന്ന മുഴുവൻ തുകയും ഓസ്‌ട്രേലിയൻ റെഡ് ക്രോസ്സിനും റിക്കവറി ഫണ്ടിനും നൽകും.
അന്നേ ദിവസം തന്നെ കെ എഫ് സി ബിഗ് ബാഷ് ലീഗ് ഫൈനൽ മത്സരവും വനിതകളുടെ ഓസ്ട്രേലിയ-ഇന്ത്യ T20I മത്സരവും നടക്കും.
ടെണ്ടുൽക്കറെയും വാൽഷിനെയും വീണ്ടും ഓസ്‌ട്രേലിയയിലേക്ക് സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെവിൻ റോബെർട്സ് മാധ്യമ പ്രസ്താവനയിൽ പറഞ്ഞു.
ഇതിന് പുറമെ മാർച്ച് 13ന് നടക്കുന്ന ഓസ്ട്രേലിയ-ന്യൂസിലാന്റ് ഏകദിന മത്സര പരമ്പര കാട്ടുതീ മൂലം ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് സമർപ്പിക്കാനാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ തീരുമാനം.
കാട്ടുതീ ബാധിച്ചവർക്കും, കാട്ടുതീ സമയത്ത് സേവനം ചെയ്യാൻ മുന്പോട്ടുവന്ന സന്നദ്ധ പ്രവർത്തകർക്കും അടിയന്തര സേവന വിഭാഗത്തിലുള്ളവർക്കുമാകും ഈ മത്സരം സമർപ്പിക്കുന്നതെന്ന് കെവിൻ റോബെർട്സ് അറിയിച്ചു.
കാട്ടുതീ ബാധിതരെ സഹായിക്കാൻ കലാ രംഗത്തുള്ളവരും മുൻപോട്ടു വന്നിട്ടുണ്ട്. എൽട്ടൻ ജോൺ, ലിയനാർഡോ ഡികാപ്രിയോ തുടങ്ങി നിരവധി പേർ മില്യൺ ഡോളറുകൾ സംഭാവന ചെയ്തുകൊണ്ടാണ് കാട്ടുതീ ബാധിതരെ സഹായിക്കാൻ മുൻപോട്ടു വന്നത്.