SKIP TO MAIN CONTENT

സഹായികൾ അതിരുവിട്ടു: ഇന്ത്യൻ കായികമന്ത്രിയുടെ ഒളിംപിക് പാസ് റദ്ദാക്കുമെന്ന് മുന്നറിയിപ്പ്

സ്റ്റാഫംഗങ്ങളും മറ്റു സഹായികളും ഒളിംപിക്സ് ജീവനക്കാരോട് അധികാരഭാവത്തിൽ പെരുമാറുന്നത് തുടർന്നാൽ ഇന്ത്യൻ കായികമന്ത്രി വിജയ് ഗോയലിൻറെ അക്രഡിറ്റേഷൻ റദ്ദാക്കുമെന്ന് റിയോ ഒളിംപിക്സ് സംഘാടകസമിതി മുന്നറിയിപ്പ് നൽകി.

Vijay Goel
Sports minister of India Vijay Goel with boxer Manoj Kumar (FB/Vijay Goel)

1 min read

Published

Updated


Skip to article content

ഏതെങ്കിലും പൊതു പരിപാടിക്കെത്തുന്ന മന്ത്രിയുടെ കൂടെയുള്ളവരും അനുയായികളും, പരിപാടി നടത്തിപ്പുക്കാരെയും പൊതുജനങ്ങളെയുമെല്ലാം തള്ളിമാറ്റുന്നത് ഇന്ത്യയിൽ പുതുമയല്ല. മന്ത്രിമാരാണ് ഇന്ത്യയിൽ സർവശക്തർ. 

പക്ഷേ, റിയോ ഒളിംപിക്സ് വേദിയിൽ ആ കൈയൂക്ക് പുറത്തെടുക്കേണ്ടെന്നാണ് ഇന്ത്യൻ കായികമന്ത്രി വിജയ് ഗോയലിന് സംഘാടക സമിതി നൽകിയിരിക്കുന്ന മുന്നറിയിപ്പ്. ടൈംസ് ഓഫ് ഇന്ത്യ ദിനപത്രമാണ് ഇക്കാര്യം ആദ്യം റിപ്പോർട്ട് ചെയ്തത്. 

സഹായികളുടെ അധികാര ഭാവവും കൈയൂക്ക് കാട്ടലും തുടർന്നാൽ മന്ത്രിയുടെ അക്രഡിറ്റേഷൻ തന്നെ റദ്ദാക്കുമെന്നും സംഘാടക സമിതി വ്യക്തമാക്കി. 

ഇന്ത്യൻ ഒളിംപിക് ടീമിനെ പിന്തുണയ്ക്കാനും പ്രോത്സാഹിപ്പിക്കാനുമാണ് വിജയ് ഗോയലും സംഘവും റിയോയിലേക്ക് എത്തിയത്. എല്ലാ ഒളിംപിക് വേദികളിലേക്കും മന്ത്രിക്ക് പ്രത്യേക പാസും അനുവദിച്ചിട്ടുണ്ട്. 

എന്നാൽ, മന്ത്രിക്കൊപ്പം പാസില്ലാത്ത നിരവധി പേരും വേദികളിലേക്ക് കയറുന്നു എന്നാണ്  സംഘാടകരുടെ ആരോപണം. ഇത് തടയാൻ ശ്രമിക്കുന്ന ഒളിംപിക്സ് ജീവനക്കാരോട് കയർത്തു സംസാരിക്കുകയും തള്ളിമാറ്റുകയും ചെയ്യുന്നു എന്നും ആരോപണമുണ്ട്. 

ഒരു തവണയല്ല, പല തവണ ഇതു സംഭവിച്ചു എന്നാണ് പരാതി. 

ഒടുവിൽ, ഒളിംപിക് സംഘാടക സമിതിയുടെ കോണ്ടിനെൻറൽ മാനേജർ സാറാ പീറ്റേഴ്സൻ തന്നെ ഇന്ത്യൻ സംഘത്തലവൻ രാകേഷ് ഗുപ്തക്ക് കത്തെഴുതി. 

ഇത്തരം പെരുമാറ്റം അനുവദിക്കാനാവില്ലെന്നും, പല തവണ മുന്നറിയിപ്പ് നൽകിയിട്ടും മന്ത്രിയും കൂടെയുള്ളവരും വകവയ്ക്കുന്നില്ല എന്നുമാണ് കത്തിൽ പറയുന്നത്. 

ഇനിയും ഈ പെരുമാറ്റം തുടർന്നാൽ മന്ത്രിയ്കക് നല്കിയിരിക്കുന്ന സ്പെഷ്യൽ പാസ് പിൻവലിക്കുമെന്നും കർശനസ്വരത്തിൽ തന്നെ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. 

എന്നാൽ, പ്രശ്നം അനാവശ്യമായി ഊതിപ്പെരുപ്പിക്കുകയാണ് എന്നാണ് ഇന്ത്യൻ ഉദ്യോഗസ്ഥർ പറയുന്നത്. ഒരു ഘട്ടത്തിൽ ടീം ക്ഷണിച്ചതനുസരിച്ച് മന്ത്രി ഗ്രൌണ്ടിലേക്കിറങ്ങിയെന്നും, എന്നാൽ ഇത് തെറ്റാണെന്ന് മനസിലായപ്പോൾ തന്നെ തിരികെ പോയെന്നും ഇന്ത്യൻ അധികൃതർ പറഞ്ഞു. മറ്റു പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും ഇന്ത്യൻ സംഘം ചൂണ്ടിക്കാട്ടുന്നു. 

ട്വിറ്ററിലൂടെ വിജയ് ഗോയലും ഇതേ നിലപാടാണ് സ്വീകരിച്ചത്.


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now