സ്വവർഗ്ഗവിവാഹ വിഷയത്തിൽ ജനഹിത പരിശോധന നടത്താനായി കഴിഞ്ഞ വർഷം നവംബറിൽ ബിൽ കൊണ്ടുവന്നെങ്കിലും സെനറ്റിൽ ഇത് പാസായിരുന്നില്ല. സമാനമായ ഒരു ബിൽ സർക്കാർ ഈയാഴ്ച വീണ്ടും അവതരിപ്പിക്കുന്നുണ്ട്. ഭരണഘടനാ പരമായ രീതിയിൽ നിർബന്ധിതമായ ജനഹിത പരിശോധന നടത്താനാണ് ബിൽ.
എന്നാൽ ഈ ബിൽ സെനറ്റിൽ പരാജയപ്പെടുമെന്ന് ഏകദേശം ഉറപ്പാണ്. ഈ സാഹചര്യത്തിലാണ് തപാൽ മാർഗ്ഗമുള്ള ജനഹിത പരിശോധന എന്ന നിർദ്ദേശം നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചത്.
ഇതിനായി സെപ്റ്റംബർ 12 മുതൽ ബാലറ്റുകൾ തപാൽ മാർഗം ജനങ്ങളിലേക്ക് എത്തിക്കും. നവംബർ ഏഴു വരെയായിരിക്കും ജനങ്ങൾക്ക് ഇതിൽ അഭിപ്രായം രേഖപ്പെടുത്തി തിരിച്ചയക്കാൻ സമയം.
സാധാരണ വോട്ടെടുപ്പുകളും ജനഹിത പരിശോധനകളും തെരഞ്ഞെടുപ്പ് കമ്മീഷനാണ് നടത്തുന്നതെങ്കിൽ, പോസ്റ്റൽ പ്ലെബിസൈറ്റിൻറെ ഉത്തരവാദിത്തം ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിനായിരിക്കും.
അതേസമയം തപാൽ വോട്ട് നടപ്പാക്കുന്നതിൽ പ്രതിപക്ഷം എതിർപ്പ് രേഖപ്പെടുത്തി. പണവും സമയവും നഷ്ടപ്പെടുത്താനുള്ള ഒരു പദ്ധതിയാണിതെന്ന് പ്രതിപക്ഷ നേതാവ് ബിൽ ഷോർട്ടൻ കുറ്റപ്പെടുത്തി.
തപാൽ മാർഗമുള്ള ജനഹിത പരിശോധന നടപ്പിലാക്കാൻ ഏതാണ്ട് 122 മില്യൺ ഡോളറിന്റെ ചെലവ് വരുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ഇത് നേരിട്ടുള്ള വോട്ടെടുപ്പിലും 50 മില്യൺ കുറവാണെന്നാണ് സർക്കാരിന്റെ വാദം.