രാജ്യത്തെ പ്രമുഖ ബാങ്കുകളായ NAB, ANZ, കോമൺവെൽത്ത് ബാങ്ക് എന്നിവ അക്കൗണ്ടുകളുടെ പലിശ നിരക്ക് സെപ്റ്റംബർ 16 മുതൽ 0.50 ശതമാനം വരെ ഉയർത്തുന്നതായി പ്രഖ്യാപിച്ചു.
കോമൺവെൽത്ത് ബാങ്കിന്റെ ഗോൾ സേവർ അക്കൗണ്ടിന് പലിശ 0.60 ശതമാനം നിരക്ക് വർദ്ധിച്ച് 2.10 ശതമാനം ആകും.
അതോടൊപ്പം യൂത്ത് സേവർ അക്കൗണ്ടിൽ 0.60 ശതമാനം വർദ്ധനവോടെ നിരക്ക് 2.30 ശതമാനമാകും.
ചില ടേം ഡിപ്പോസിറ്റ് പലിശ നിരക്കുകൾ തിങ്കളാഴ്ച മുതൽ 0.75 ശതമാനം വരെ വർദ്ധിക്കുമെന്നും കോമൺവെൽത്ത് ബാങ്ക് അറിയിച്ചു.
തെരഞ്ഞെടുത്ത സേവിങ്സ് നിരക്കുകൾ 0.50 ശതമാനവും ടേം ഡിപ്പോസിറ്റ് നിരക്കുകൾ 0.85 ശതമാനവും വർധിപ്പിക്കുമെന്നാണ് NAB പ്രഖ്യാപനം.
NAB ൻറെ സീറോ മിനിമം ബാലൻസ് അക്കൗണ്ടായ റിവാർഡ് സേവർ ബോണസ് നിരക്കുകൾ 0.50 ശതമാനം വർദ്ധിച്ച് 2.25 ശതമാനമാകും.
11 മാസത്തെ ടേം ഡിപ്പോസിറ്റ് നിരക്ക് 0.85 ശതമാനം കൂടി 2 ശതമാനത്തിലെത്തും, അതേസമയം 12 മാസത്തെ ടേം ഡിപ്പോസിറ്റ് നിരക്ക് 0.25 ശതമാനം കൂടി 3.25 ശതമാനമാകും.
മെയ് മാസം മുതൽ NAB സേവിങ്സ്, ടേം ഡിപ്പോസിറ്റ് നിരക്കുകളിൽ 20 തവണയിലധികമാണ് വർദ്ധനവ് വരുത്തിയിരിക്കുന്നത്.
അതേസമയം, ഐഎൻജി ബാങ്ക് സേവിങ്സ് നിരക്കുകൾ 3.6 ശതമാനമാക്കുമെന്ന് പ്രഖ്യാപിച്ചു. സേവിങ്സ് മാക്സിമൈസർ എന്ന അക്കൗണ്ടിനാവും വർദ്ധനവ് നിലവിൽ വരിക.
നിലവിൽ രാജ്യത്ത് വിർജിൻ മണി മാത്രമാണ് സേവിങ്സ് അക്കൗണ്ടിന് ഇത്രയുമധികം പലിശ നിരക്ക് നൽകുന്നത്.
റിസർവ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ ഔദ്യോഗിക ക്യാഷ് നിരക്ക് ഈ മാസം 0.50 ശതമാനം ഉയർത്തി 2.35 ശതമാനമാക്കിയതിന്റെ പിന്നാലെയാണ് പ്രമുഖ ബാങ്കുകളുടെ നിരക്ക് വർദ്ധനവ് പ്രാബല്യത്തിൽ വന്നത്.

