ഓസ്ട്രേലിയയിലെ കൊറോണവൈറസ് സാഹചര്യത്തെക്കുറിച്ച് മലയാളം ഉൾപ്പെടെ 63 ഭാഷകളിൽ എസ് ബി എസ് നൽകുന്ന വാർത്തകളും മറ്റു റിപ്പോർട്ടുകളുമാണ് ഫെഡറൽ സർക്കാരിന്റെ ഔദ്യോഗിക പ്ലാറ്റ്ഫോമുകളിലൂടെ ലഭ്യമാകുന്നത്.
ഫെഡറൽ സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റിലും, കൊറോണവൈറസ് സാഹചര്യത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ നൽകാൻ സർക്കാർ തുടങ്ങിയ വാട്സാപ്പ് മെസേജിംഗ് സംവിധാനത്തിലുമാണ് എസ് ബി എസ് റിപ്പോർട്ടുകളിലേക്കുള്ള ലിങ്ക് ഉൾപ്പെടുത്തുന്നത്.
വെബ്സൈറ്റും, വാട്സാപ്പും ഉപയോഗിക്കുന്നവർക്ക് സ്വന്തം ഭാഷയിൽ തന്നെ ഏറ്റവും ആധികാരികമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനു വേണ്ടിയാണ് ഇത്.
കൊറോണ വൈറസ് ബാധയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവയ്ക്കാനായി എസ് ബി എസ് പ്രത്യേക പോർട്ടൽ തുടങ്ങിയിരുന്നു.
വെബ്സൈറ്റ്
ഓസ്ട്രേലിയൻ ഫെഡറൽ സർക്കാരിലെ എല്ലാ വകുപ്പുകളുടെയും കേന്ദ്രീകൃത വെബ്സൈറ്റാണ് https://www.australia.gov.au
ഇപ്പോൾ കൊറോണവൈറസ് പ്രതിരോധത്തെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവയ്ക്കാനുള്ള സർക്കാരിന്റെ പ്രധാന മാർഗ്ഗങ്ങളിലൊന്നാണ് ഈ വെബ്സൈറ്റ്. ഇതിന്റെ ഹോംപേജിൽ നിന്നാണ് വിവിധ ഭാഷകളിലെ റിപ്പോർട്ടുകൾക്കായി എസ് ബി എസിന്റെ “കൊറോണവൈറസ് പേജി”ലേക്ക് പോകാൻ നിർദ്ദേശിക്കുന്നത്.
മലയാളം ഉൾപ്പെടെ 63 ഭാഷകളിലെയും റിപ്പോർട്ടുകൾ അവിടെ ലഭിക്കും.

Source: Australian government website
വാട്സാപ്പ്
കൊവിഡ്-19 പ്രതിരോധ നടപടികളെക്കുറിച്ചുള്ള വിവരങ്ങൾ ജനങ്ങൾക്ക് നൽകുന്നതിലെ വീഴ്ചകളെക്കുറിച്ച് വിമർശനമുയർന്നതിനു പിന്നാലെയാണ് സർക്കാർ കഴിഞ്ഞയാഴ്ച ഒരു വാട്സാപ്പ് മെസേജിംഗ് സംവിധാനം തുടങ്ങിയത്.
www.aus.gov.au/whatsapp എന്ന വെബ്സൈറ്റിലൂടെ ഈ സേവനം സബ്സ്ക്രൈബ് ചെയ്യുന്നവർക്ക്, ഏറ്റവും പുതിയ വാർത്തകളും പ്രഖ്യാപനങ്ങളും നിയമങ്ങളുമെല്ലാം മൊബൈൽ ഫോണിൽ ലഭിക്കും.
ഈ മെസേജിലും, വിവിധ ഭാഷകളിൽ വിവരങ്ങൾ വേണ്ടവർക്ക് എസ് ബിഎസ് സന്ദർശിക്കാം എന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്.
ഇവിടെ നിന്നും എസ് ബി എസ് മലയാളത്തിന്റെ കൊറോണവൈറസ് റിപ്പോർട്ടുകളിലേക്ക് എത്താം

Source: SBS
എ ബി സി വെബ്സൈറ്റ്
ഓസ്ട്രേലിയിലെ പൊതുമേഖലാ ഇംഗ്ലീഷ് മാധ്യമമായ എ ബി സിയുടെ വെബ്സൈറ്റിൽ നിന്നും എസ് ബി എസിന്റെ വിവിധ ഭാഷകളിലെ കൊറോണ വൈറസ് പരിപാടികളിലേക്ക് ലിങ്ക് നൽകിയിട്ടുണ്ട്.
എ ബി സിയുടെ കൊറോണവൈറസ് തത്സമയ കവറേജിന്റെ ഭാഗമായി നൽകിയിരിക്കുന്ന ലിങ്കിലൂടെ പതിനായിരക്കണക്കിന് പേരാണ് എസ് ബി എസിലെ വിവിധ ഭാഷാ റിപ്പോർട്ടുകൾ വായിക്കാനായി എത്തുന്നത്.