പ്രൈമറി സ്കൂൾ കുട്ടികളെ സമ്പാദ്യ ശീലം പഠിപ്പിക്കാൻ പേരിൽ ഓസ്ട്രേലിയയുടെ എല്ലാ സംസ്ഥാനങ്ങളിലും നടപ്പാക്കിയിരിക്കുന്ന പദ്ധതിയാണ് സ്കൂൾ ബാങ്കിംഗ്.
രാജ്യത്ത് 140 വർഷത്തോളമായി നിലനിൽക്കുന്ന പദ്ധതിയാണ് സ്കൂൾ ബാങ്കിംഗ്.
1880കളിൽ ന്യൂ സൗത്ത് വെയിൽസ് സർക്കാർ തുടങ്ങിയ പദ്ധതിയാണ് ഇത്. എന്നാൽ 1931ൽ കോമൺവെൽത്ത് ബാങ്ക് സ്കൂൾ ബാങ്കിംഗ് പദ്ധതി പ്രഖ്യാപിച്ചതോടെ, വാണിജ്യ ധനകാര്യ സ്ഥാപനങ്ങളും ഈ രംഗത്തേക്കു വന്നു.
നിലവിൽ കോമൺവെൽത്ത് ബാങ്കും, ബെൻഡിഗോ ബാങ്കും ഉൾപ്പെടെ 10 ധനകാര്യ സ്ഥാപനങ്ങളാണ് ഇത് നടത്തുന്നത്.
ആകെ 3,928 സ്കൂളുകളിലായി 1,80,116 കുട്ടികൾ ഈ വർഷം ബാങ്കിംഗ് പദ്ധതിയിൽ അംഗമായിരുന്നു.
പ്രൈമറി സ്കൂൾ കുട്ടികൾക്ക് ചെറിയൊരു തുക വീതം അവരുടെ സ്കൂൾ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കാനും, അതിന് പലിശയും മറ്റ് ആനുകൂല്യങ്ങളും നൽകാനുമാണ് പദ്ധതി.
കുട്ടികൾക്ക് പണത്തിന്റെ മൂല്യവും, സമ്പാദ്യശീലത്തിന്റെ പ്രാധാന്യവും മനസിലാക്കാൻ ഇത് സഹായിക്കുമെന്നും ബാങ്കിംഗ് സ്ഥാപനങ്ങൾ അവകാശപ്പെടുന്നു.

The wealth of the world’s billionaires has reached record highs during the pandemic. Source: Getty Images
കുട്ടികൾക്ക് ഗുണം ചെയ്യുന്നില്ല
പ്രഖ്യാപിത ഗുണങ്ങൾ സ്കൂൾ ബാങ്കിംഗ് പദ്ധതിക്ക് ഉണ്ടോ എന്ന് അറിയുന്നതിനു വേണ്ടിയാണ് ASIC അതേക്കുറിച്ച് പഠനം നടത്തിയത്.
എന്നാൽ കുട്ടികളിൽ പണത്തിന്റെ മൂല്യത്തെക്കുറിച്ചും സമ്പാദ്യ ശീലത്തെക്കുറിച്ചും അറിവു പകരാൻ ഇത് സഹായിക്കുന്നതായി ഒരു തെളിവും ലഭ്യമല്ലെന്ന് പഠനം കണ്ടെത്തി.
വിദ്യാർത്ഥികൾക്ക് സ്കൂൾ ബാങ്കിംഗ് പദ്ധതി കൊണ്ട് ഇത്തരം നേട്ടമുണ്ടാകുന്നോ എന്ന് മനസിലാക്കാൻ ഒരു തരത്തിലും ബാങ്കിംഗ് സ്ഥാപനങ്ങൾ ശ്രമിച്ചിട്ടില്ല.
രക്ഷിതാക്കളുടെയും അധ്യാപകരുടെയുമൊക്കെ സമ്പാദ്യശീലവും, ക്ലാസിലെ മറ്റ് പഠന-പഠനാനുബന്ധ പ്രവർത്തനങ്ങളുമാകും പണത്തെക്കുറിച്ച് മനസിലാക്കാൻ വിദ്യാർത്ഥികൾക്ക് കൂടുതൽ സഹായകരമാകുക എന്നും റിപ്പോർട്ടിൽ പറയുന്നു.
സ്കൂളുകൾക്ക് പണം ലഭിക്കുന്നു
കുട്ടികൾക്കിടയിൽ ബാങ്കിംഗ് പദ്ധതി നടപ്പാക്കുന്ന സ്കൂളുകൾക്ക് ധനകാര്യ സ്ഥാപനങ്ങൾ ഫണ്ടിംഗ് നൽകുന്നുണ്ട്.
ഇതുകാരണമാണ് സ്കൂളുകൾ സ്കൂൾ ബാങ്കിംഗ് പദ്ധതിയെ പ്രോത്സാഹിപ്പിക്കുന്നതെന്നും റിപ്പോർട്ട് ആരോപിക്കുന്നു.
2017-18 സാമ്പത്തിക വർഷത്തിൽ മാത്രം സ്കൂളുകൾക്ക് 2.5 മില്യൺ ഡോളറാണ് 10 ബാങ്കിംഗ് സ്ഥാപനങ്ങൾ നൽകിയത്.
ഈ വർഷം കൊവിഡബാധ കാരണം ക്ലാസ് കുറവായിരുന്നിട്ട് പോലും 1.3 മില്യൺ ഡോളർ സ്കൂളുകൾക്ക് നൽകി.
പണം കിട്ടുന്നതിന്റെ പേരിൽ പ്രൈമറി സ്കൂൾ വിദ്യാർത്ഥികളുടെ പ്രവേശന ദിവസം തന്നെ ബാങ്കിംഗ് പ്രോത്സാഹിപ്പിക്കുന്ന സ്കൂളുകളുടെ നടപടി കോൺഫ്ലിക്റ്റ് ഓഫ് ഇന്ററസ്റ്റ് ആണെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.
മനസിലാകാത്ത പ്രായത്തിലെ മാർക്കറ്റിംഗ്
എല്ലാ സ്കൂൾ ബാങ്കിംഗ് സ്ഥാപനങ്ങളും സ്വന്തം പേരും ലോഗോയും എല്ലാം ഉൾപ്പെടുത്തിയ പാസ്ബുക്കുകളും, ബുക്ക്ലറ്റുകളുമൊക്കെയാണ് കുട്ടികൾക്ക് കൊടുക്കുന്നത് എന്ന് ASIC ചൂണ്ടിക്കാട്ടുന്നു.
കൂടുതൽ നിക്ഷേപം നടത്തുന്ന കുട്ടികൾക്ക് കളിപ്പാട്ടങ്ങൾ പോലുള്ള സമ്മാനങ്ങളും നൽകുന്നു.

Source: AAP
ദീർഘകാലം കൊണ്ട് കുട്ടികളെ സ്വന്തം ബ്രാൻഡിലേക്ക് ആകർഷിക്കുക എന്നതാണ് ഇതിലൂടെ ബാങ്കിംഗ് സ്ഥാപനങ്ങൾ ലക്ഷ്യം വയ്ക്കുന്നത് എന്നാണ് റിപ്പോർട്ടിലെ ആരോപണം.
ഇത്തരം പരസ്യതന്ത്രങ്ങളോ, പരസ്യങ്ങളിലെ യഥാർത്ഥ സന്ദേശം പോലുമോ മനസിലാക്കാൻ കഴിയാത്ത കുട്ടികളെ ലക്ഷ്യം വച്ചാണ് ഈ മാർക്കറ്റിംഗ് നടക്കുന്നത്.
പ്രായപൂർത്തിയാകുമ്പോൾ ഈ കുട്ടികളെ ഉപഭോക്താക്കളായി ലഭിക്കും എന്നതാണ് ഈ സ്ഥാപനങ്ങളുടെ ലക്ഷ്യമെന്നും ASIC കുറ്റപ്പെടുത്തുന്നു.
ഇത്തരത്തിലെ വാണിജ്യതാൽപര്യമുണ്ടെന്ന കാര്യം പൂർണമായി മറച്ചുവച്ച്, സാമൂഹ്യ സേവനം എന്ന പേരിലാണ് ഈ പദ്ധതി നടപ്പാക്കുന്നതെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.
സ്കൂൾ ബാങ്കിംഗ് നിർത്തലാക്കുന്നു
ഈ പഠനത്തെക്കുറിച്ച് ASIC സംസ്ഥാന സർക്കാരുകളെയും ബാങ്കിംഗ് സ്ഥാപനങ്ങളെയും അറിയിച്ചിരുന്നു.
ഇതിനു പിന്നാലെ പല മാറ്റങ്ങളും പദ്ധതിയിൽ വരുന്നുണ്ട്.
വിക്ടോറിയയിൽ സ്കൂൾ ബാങ്കിംഗ് നിർത്തലാക്കുമെന്ന് സംസ്ഥാന സർക്കാർ കഴിഞ്ഞ മാസം പ്രഖ്യാപിച്ചു.
ബെൻഡിഗോ, IMB, നോർതേൺ ഇൻലാന്റ് തുടങ്ങി ബാങ്കിംഗ് സ്ഥാപനങ്ങൾ സ്കൂൾ ബാങ്കിംഗ് പദ്ധതി പിൻവലിക്കുന്നതായും അറിയിച്ചിട്ടുണ്ട്.
എന്നാൽ സ്കൂൾ ബാങ്കിംഗ് അക്കൗണ്ടുകളുടെ 90 ശതമാനത്തിലേറെയും ഉള്ള കോമൺവെൽത്ത് ബാങ്ക് അത് തുടരും എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.
src="https://www.facebook.com/plugins/page.php?href=https%3A%2F%2Fwww.facebook.com%2FSBSMalayalam%2F&tabs=timeline&width=340&height=150&small_header=false&adapt_container_width=true&hide_cover=false&show_facepile=true&appId" width="340" height="150"]