രാജ്യത്തെ കൊറോണവൈറസ് ബാധിതരുടെ എണ്ണം 2000 കടന്നതിനു പിന്നാലെയാണ് ദേശീയ ക്യാബിനറ്റ് യോഗം കൂടുതൽ കടുത്ത നടപടികളെടുക്കാൻ തീരുമാനിച്ചത്.
എല്ലാ സംസ്ഥാനങ്ങളും ഇതിൽ ഒരുമിച്ച് നീങ്ങാൻ തീരുമാനിച്ചതായി യോഗ തീരുമാനങ്ങൾ വിശദീകരിച്ചുകൊണ്ട് പ്രധാനമന്ത്രി സ്കോട്ട് മോറിസൻ പറഞ്ഞു.
ബുധനാഴ്ച അർദ്ധരാത്രി മുതലാണ് ഈ നിയന്ത്രണങ്ങൾ നിലവിൽ വരുന്നത്.
അടച്ചിടേണ്ട സ്ഥാപനങ്ങളും നിർത്തിവക്കേണ്ട സേവനങ്ങളും:
- ഷോപ്പിംഗ് സെന്ററുകളിലെ ഫുഡ് കോർട്ടുകൾ
- റിയൽ എസ്റ്റേറ്റ് ലേലം, ഓപ്പൺ ഹൗസ് പരിശോധനകൾ (സ്വകാര്യ ഇൻസ്പെക്ഷൻ അനുവദിക്കും)
- ബ്യൂട്ടി-മസാജ് പാർലറുകൾ, സിനിമാ ഹാളുകൾ, കാസിനോ, തിയറ്ററുകൾ, ഓഡിറ്റോറിയം
- അമ്യൂസ്മെന്റ് പാർക്ക്, പ്ലേ സെന്ററുകൾ, ജിമ്മുകൾ, യോഗ കേന്ദ്രങ്ങൾ
- ബൂട്ട് ക്യാംപുകൾ പരമാവധി 10 പേർക്ക് മാത്രം
- നീന്തൽകുളങ്ങൾ, സ്റ്റേഡിയങ്ങൾ,
- സാമൂഹിക കായിക വിനോദങ്ങൾ - ക്രിക്കറ്റോ ഫുട്ബോളോ പോലുള്ള കളികൾക്കായി ഒത്തുകൂടാൻ പാടില്ല
- ലൈബ്രറികൾ, കമ്മ്യൂണിറ്റി സെന്ററുകൾ
- ആരാധനാലയങ്ങൾ
- വിവാഹങ്ങൾക്ക് പരമാവധി അഞ്ചു പേർ മാത്രം- ദമ്പതികളും സെലിബ്രന്റും സാക്ഷികളും
- മരണാനന്തര ചടങ്ങുകളും സംസ്കാരവും - പത്തുപേരിൽ കൂടുതൽ പാടില്ല ഇത്തരം ചടങ്ങുകളിലും ഒന്നര മീറ്റർ അകലവും, നാലു ചതുരശ്ര മീറ്ററിൽ ഒരാൾ എന്നുമുള്ള സോഷ്യൽ ഡിസ്റ്റൻസിംഗ് പാലിക്കണം.
പുതിയ നിർദ്ദേശങ്ങൾ
- അത്യാവശ്യമില്ലെങ്കിൽ വീട്ടിനുള്ളിലിരിക്കുക. അത്യാവശ്യകാര്യങ്ങൾക്ക് മാത്രം പുറത്തിറങ്ങുക
- വ്യായാമം ചെയ്യാൻ പുറത്തു പോകാം. പക്ഷേ പരമാവധി അടുത്ത കുടുംബാംഗങ്ങൾ മാത്രം ഒരുമിച്ച്.
- ഷോപ്പിംഗിന് പോകുന്നത് ആവശ്യമുള്ള സാധനങ്ങൾ വാങ്ങാൻ മാത്രം
- ജോലിക്ക് പോകുന്നത് വീട്ടിൽ നിന്ന് ചെയ്യാൻ കഴിയാത്തപ്പോൾ മാത്രം
- വീട്ടിലേക്കുള്ള സന്ദർശകരുടെ എണ്ണവും ഏറ്റവും കുറച്ചു മാത്രമായി മിതപ്പെടുത്തണം
- ജന്മദിന പാർട്ടികൾ പോലുള്ള ഒത്തുചേരലുകൾ ഒഴിവാക്കണം. കുടുംബത്തിലെ എല്ലാ അംഗങ്ങളും ഒത്തുചേരുന്നത് പോലും നിയന്ത്രണം. എല്ലാ സഹോദരങ്ങളും, അവരുടെ മക്കളും എല്ലാം ഒരുമിച്ച് ചേരുന്നത് പോലുള്ള പരിപാടികൾ പാടില്ല
- വീടുകളിൽ പാർട്ടികൾ നടത്തിയാൽ അതിനെതിരെ നടപടിയെടുക്കണോ എന്ന കാര്യം സംസ്ഥാന സർക്കാരുകൾ തീരുമാനിക്കും
- കെട്ടിടങ്ങൾക്ക് പുറത്ത് (ഔട്ട്ഡോർ) ഒത്തുകൂടുന്നതും ഒഴിവാക്കുക. പരമാവധി എത്ര എണ്ണം എന്നു നിർദ്ദേശിക്കുന്നില്ല, പക്ഷേ ഒത്തുകൂടരുത്.
നിയന്ത്രണങ്ങളോടെ പ്രവർത്തിക്കുന്നത്
- ഷോപ്പിംഗ് കേന്ദ്രങ്ങൾ, ചില്ലറ വിൽപ്പന കേന്ദ്രങ്ങൾ, മറ്റു വിൽപ്പനശാലകൾ - സോഷ്യൽ ഡിസ്റ്റൻസിംഗ് പാലിക്കണം.
- ബാർബർ ഷോപ്പുകളും ഹെയർ പാർലറുകളും സോഷ്യൽ ഡിസ്റ്റൻസിംഗ്പാലിക്കണം.
- കഫെകൾക്കും റെസ്റ്റോറന്റുകൾക്കും ടേക്ക് എവേ ആയി പ്രവർത്തിക്കാം. ഫുഡ് കോർട്ടുകൾക്കും ടേക്ക് എവേ നൽകാം.
സ്കൂളുകൾ തുറന്നുപ്രവർത്തിക്കുമെന്ന നിലപാട് പ്രധാനമന്ത്രി ആവർത്തിച്ചു. ആരോഗ്യമേഖലയുടെ ഉപദേശത്തിൽ മാറ്റം വന്നിട്ടില്ല.
എന്നാൽ ഇതേക്കുറിച്ച് ബുധനാഴ്ച കൂടുതൽ ചർച്ച നടത്തുന്നുണ്ട്.