COVID-19 ന്റെ തുടക്കത്തിൽ സ്കോട്ട് മോറിസൺ ധനമന്ത്രിയായും ആരോഗ്യമന്ത്രിയായും രഹസ്യമായി സത്യപ്രതിജ്ഞ ചെയ്തതായി ദി ഓസ്‌ട്രേലിയൻ പത്രത്തിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടി.
സ്കോട്ട് മോറിസൺ റിസോഴ്‌സസ് മന്ത്രിയായി സ്വയം സത്യപ്രതിജ്ഞ ചെയ്തതായി മുൻ ഉപപ്രധാനമന്ത്രി ബാർണബി ജോയ്‌സ് പറഞ്ഞു.
ഈ അധികാരം ഉപയോഗിച്ച് മോറിസൺ റിസോഴ്‌സസ് മന്ത്രി കീത്ത് പിറ്റിനെ മറികടന്ന് വിവാദ വാതക പദ്ധതി നടപ്പിലാക്കുന്നതിനെതിരെ നടപടി സ്വീകരിച്ചതായും ജോയ്‌സ് സ്ഥിരീകരിച്ചു.
വിശ്വസിക്കാൻ ബുദ്ധിമുട്ടുള്ളതും അസാധാരണവുമായ നടപടികളാണ് ഇവയെന്ന് പ്രധാനമന്ത്രി ആന്തണി അൽബനീസി ചൂണ്ടിക്കാട്ടി.
മന്ത്രിസഭയുടെ തീരുമാനങ്ങൾ മറികടന്നു സ്കോട്ട് മോറിസൺ സ്വന്തമായി തീരുമാനങ്ങൾ എടുത്തത് ഓസ്‌ട്രേലിയൻ ഭരണ സംവിധാനത്തിലെെ സുതാര്യതയെ ബാധിച്ചു എന്ന് അൽബനീസി പറഞ്ഞു.
എന്തെങ്കിലും തരത്തിലുള്ള നിയമ ലംഘനം നടന്നിട്ടുണ്ടോ എന്നതിനെക്കുറിച്ച് സോളിസിറ്റർ ജനറലിൽ നിന്ന് ഉപദേശം തേടിയിട്ടുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
സൈമൺ ബെൻസണും ജെഫ് ചേമ്പേഴ്സും ചേർന്ന് എഴുതിയ മോറിസന്റെ പ്രധാനമന്ത്രിപദത്തെക്കുറിച്ചു പ്രതിപാദിക്കുന്ന പ്ലേഗ്ഡ് (Plagued) എന്ന പുസ്തകത്തിലാണ് രഹസ്യ സത്യപ്രതിജ്ഞയുടെ വെളിപ്പെടുത്തലുകൾ അടങ്ങിയിരിക്കുന്നത്.
ബയോസെക്യൂരിറ്റി നിയമം നടപ്പാക്കുന്ന പ്രവർത്തനങ്ങൾ കാബിനറ്റ് സഹപ്രവർത്തകനായ ഗ്രെഗ് ഹണ്ട് നിയന്ത്രിക്കുമെന്ന ആശങ്കയിൽ, കൊവിഡ് മഹാമാരിയുടെ തുടക്കത്തിൽ മോറിസൺ ധനമന്ത്രിയായും ആരോഗ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തുവെന്ന് ദി ഓസ്‌ട്രേലിയനിൽ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ഭാഗങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മുൻ ആരോഗ്യമന്ത്രി ഗ്രെഗ് ഹണ്ടിന് വൈറസ് ബാധിക്കുന്ന സാഹചര്യം ഉണ്ടായാൽ, ആരോഗ്യ മന്ത്രിയുടെ ചുമതലകൾ ഏറ്റെടുക്കുവാനായിരുന്നു മോറിസൺ ഈ നടപടി സ്വീകരിച്ചത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ഗവർണർ ജനറലുടെ ഇടപെടൽ ഇല്ലാതെ തന്നെ ഈ അധികാരങ്ങൾ ഉപയോഗിക്കുവാൻ സ്കോട്ട് മോറിസണ് കഴിയുമെന്ന ഉപദേശം മുൻ അറ്റോർണി ജനറൽ ക്രിസ്റ്റ്യൻ പോർട്ടർ നൽകിയതായും റിപ്പോർട്ട് പരാമർശിച്ചു

