ആരോഗ്യസംബന്ധമായ ബുദ്ധിമുട്ടുകളെത്തുടർന്ന് ചൊവ്വാഴ്ച രാത്രിയാണ് ഫെഡറൽ ആരോഗ്യ മന്ത്രി ഗ്രെഗ് ഹണ്ടിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹണ്ടിന് ബാക്റ്റീരിയബാധയാണെന്ന് സംശയിക്കുന്നതായാണ് റിപ്പോർട്ടുകൾ.
ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്ന ഗ്രെഗ് ഹണ്ടിന് ആന്റിബയോട്ടിക്കും ഫ്ലൂയിടും നൽകി വരുന്നു. ഇദ്ദേഹം താമസിയാതെ തന്നെ പൂർണമായും സുഖം പ്രാപിക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.
ഗ്രെഗ് ഹണ്ടിന്റെ അഭാവത്തിൽ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ ആരോഗ്യ വകുപ്പ് കൈകാര്യം ചെയ്യും.
രാജ്യത്ത് ആസ്ട്രസെനക്ക വാക്‌സിൻ വിതരണം ആരംഭിച്ച ആദ്യ ദിവസങ്ങളിൽ മുൻ പ്രധാനമന്ത്രി ജൂലിയ ഗില്ലിയാർഡിനും ഹെൽത്ത് സെക്രട്ടറി ബ്രെണ്ടൻ മർഫിക്കുമൊപ്പം ഗ്രെഗ് ഹണ്ട് വാക്‌സിൻ സ്വീകരിച്ചിരുന്നു.
എന്നാൽ ഹണ്ടിന്റെ ആരോഗ്യപ്രശ്നനങ്ങൾ വാക്‌സിനേഷനുമായി ബന്ധപ്പെട്ടുള്ളതല്ലെന്ന് ഉറപ്പാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഹണ്ട് അടുത്തയാഴ്ചയോടെ പാർലമെന്റിൽ തിരിച്ചെത്തുമെന്നാണ് വിശ്വസിക്കുന്നതെന്നും മോറിസൺ പറഞ്ഞു.
മൂന്ന് ഫെഡറൽ ക്യാബിനറ്റ് മന്ത്രിമാരാണ് ഇക്കഴിഞ്ഞ ദിവസങ്ങളിലായി അവധിയിൽപോയിരിക്കുന്നത്.
അറ്റോണി ജനറൽ ക്രിസ്ത്യൻ പോർട്ടർ, പ്രതിരോധ മന്ത്രി ലിൻഡ റെയ്നോൾഡ്സ് എന്നിവർ വ്യത്യസ്ത പീഡനാരോപണത്തെത്തുടർന്ന് അനിശ്ചിതകാലത്തേക്ക് അവധിയിലാണ്.
കൂടാതെ നനഞ്ഞ കോവണിപ്പടികളിൽ തെന്നി വീണതിനെത്തുടർന്ന് വിക്ടോറിയൻ പ്രീമിയർ ഡാനിയേൽ ആൻഡ്രൂസ് തീവ്ര പരിചരണ വിഭാഗത്തിലാണ്. ഇദ്ദേഹത്തിന്റെ വാരിയെല്ലുകൾ ഒടിയുകയും കശേരുക്കൾക്ക് ക്ഷതമേൽക്കുകയും ചെയ്തതായി പ്രീമിയർ ചൊവ്വാഴ്ച അറിയിച്ചിരുന്നു.
മോർണിംഗ്ടൻ പെനിൻസുലയിൽ അവധിയാഘോഷിക്കാൻ പോയ പ്രീമിയർ അദ്ദേഹം താമസിച്ചിരുന്ന വീട്ടിലാണ് തെന്നിവീണത്.