'80 വര്‍ഷത്തിനിടയിലെ ഏറ്റവും അപകടകരമായ സുരക്ഷാ സാഹചര്യത്തിലൂടെ ഓസ്‌ട്രേലിയ കടന്നുപോകുന്നു' എന്ന് സര്‍ക്കാര്‍ വിലയിരുത്തിയതിനു പിന്നാലെയാണ് പുതിയ അന്തര്‍വാഹിനി താവളം സംബന്ധിച്ചുള്ള പ്രഖ്യാപനം.
ഓസ്‌ട്രേലിയുടെ കിഴക്കന്‍ തീരം കേന്ദ്രീകരിച്ച് ആണവായുധ ശേഷിയുള്ള അന്തര്‍വാഹിനികള്‍ക്ക് താവളം നിര്‍മ്മിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
ഓസ്‌ട്രേലിയന്‍ നാവിക സേനയുടെ പടിഞ്ഞാറന്‍ തീരത്തെ ആസ്ഥാനമായ ഫ്‌ളീറ്റ് ബേസ് വെസ്റ്റാണ് നിലവില്‍ ഈ സൗകര്യമുള്ള ഏക അന്തര്‍വാഹിനി താവളം.
ഓസ്‌ട്രേലിയയ്ക്ക് നിലവിലുള്ള അന്തര്‍വാഹിനികളുടെ ആസ്ഥാനം ഇതാണ്. ആറ് കോളിന്‍സ് ക്ലാസ് അന്തര്‍വാഹിനികള്‍ നിലവില്‍ ഓസ്‌ട്രേലിയയ്ക്കുണ്ട്.
ഈ അന്തര്‍വാഹിനികളുടെ ആസ്ഥാനം വെസ്റ്റേണ്‍ ഓസ്‌ട്രേലിയ തന്നെയായിരിക്കുമെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ അറിയിച്ചു.
എന്നാല്‍ ഇതിന് പുറമേ എട്ട് ആണവായുധ അന്തര്‍വാഹിനികള്‍ കൂടി വാങ്ങുമെന്ന് കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇവയ്ക്കായി കിഴക്കന്‍ തീരത്ത് പുതിയ ഒരു ആസ്ഥാനം നിര്‍മ്മിക്കുന്നത് ഇപ്പോഴത്തെ സാഹചര്യത്തില്‍ സുപ്രധാനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ആക്രമണങ്ങള്‍ ഒഴിവാക്കാനുള്ള സാഹചര്യവും, ഒപ്പം പരിശീലനം, വ്യാവസായിക വികസനം തുടങ്ങിയവയ്ക്കും ഇത് സാഹചര്യമൊരുക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
മൂന്നു സ്ഥലങ്ങളാണ് ഇതിനായി നിലവില്‍ കണ്ടെത്തിയിട്ടുള്ളത്.
ബ്രിസ്‌ബൈന്‍, പോര്‍ട്ട് കെംബ്ല, ന്യൂകാസില്‍ എന്നീ സ്ഥലങ്ങളില്‍ ഒന്നായിരിക്കും ഈ അന്തര്‍വാഹിനി താവളത്തിന്റെ ആസ്ഥാനം.
ക്വീന്‍സ്ലാന്റ് സര്‍ക്കാരുമായും, ന്യൂ സൗത്ത് വെയില്‍സ് സര്‍ക്കാരുമായും ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ പ്രതിരോധവകുപ്പിലെ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായും പ്രധാനമന്ത്രി അറിയിച്ചു.
ഓസ്‌ട്രേലിയയുടെ അന്തര്‍വാഹിനികള്‍ക്ക് പുറമേ, അമേരിക്കയുടെയും ബ്രിട്ടന്റെയും ആണവായുധ അന്തര്‍വാഹിനികള്‍ക്ക് ഇവിടെ താവളമൊരുക്കാന്‍ കഴിയുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
2023 അവസാനത്തോടെ ഇതിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ഉ്‌ദ്ദേശിക്കുന്നത്.
ഓസ്‌ട്രേലിയയുടെ പ്രതിരോധ ബജറ്റ് GDPയുടെ 2.1 ശതമാനമാക്കി ഈ വര്‍ഷം വര്‍ദ്ധിപ്പിക്കുമെന്നാണ് പ്രഖ്യാപനം. അടുത്ത പത്തുവര്‍ഷം കൊണ്ട് 578 ബില്യണ്‍ ഡോളറാകും പ്രതിരോധരംഗത്ത് ഓസ്‌ട്രേലിയ ചെലവഴിക്കുക.

