മുംബൈയിലെ ബാന്ദ്രയിലുള്ള തെരുവിൽ ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന ചെറുപ്പക്കാർക്കാണ് ഈ ഭാഗ്യം കിട്ടിയത്. അവരുടെ കളി കണ്ട് കാർ നിർത്തി ഇറങ്ങിയത് മാസ്റ്റർ ബ്ലാസ്റ്റർ.
സച്ചിൻ അവർക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന വീഡിയോ മുൻ ഇന്ത്യൻ താരം വിനോദ് കാംബ്ലിയാണ് ട്വീറ്റ് ചെയ്തത്.
കാംബ്ലിയുടെ ട്വീറ്റിനു പിന്നാലെ വീഡിയോയുടെ പൂർണരൂപം മറ്റു പലരും നൽകി.
കാർ നിർത്തിയിറങ്ങിയ സച്ചിനെ കണ്ട് ഞെട്ടിയ കളിക്കാർ, കൈ കൊടുക്കാനും കാലിൽ തൊട്ട് അനുഗ്രഹം തേടാനുമാണ് ആദ്യം ശ്രമിച്ചത്.
പിന്നെ അവർക്കൊപ്പം കുറച്ചു നേരം സച്ചിൻ കളിക്കുകയും ചെയ്തു. ലോകത്തിലെ ഏതു പിച്ചിലും അനായാസമായി കളിക്കുന്ന സച്ചിന്, ബാന്ദ്രയിലെ ടാർ റോഡും ഒരു പ്രശ്നമേ അല്ലായിരുന്നു.
വഴിയേ പോയവർക്കൊന്നും കുറച്ചു നേരം എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ല. ആ സമയം കൊണ്ട് സച്ചിൻ കുറച്ച് ഷോട്ടുകൽ കളിച്ചുതീർത്തു.
പക്ഷേ ആള് കൂടിയതോടെ "ഇന്നിംഗ്സ് ഡിക്ലയർ" ചെയ്ത സച്ചിൻ, പിന്നെ കുറച്ചു നേരം "ഗാലറിയിലെ" കാണികൾക്കൊപ്പം ഫോട്ടോ സെഷനും ചെലവഴിച്ചു.