1. തൊഴിൽ ദാതാവിന്റെ ചുമതലകൾ
തൊഴിൽ സ്ഥലങ്ങളിൽ എങ്ങനെ സുരക്ഷിതമായി ജോലി ചെയ്യാം എന്നതിനെക്കുറിച്ച് കൃത്യമായ നിർദ്ദേശങ്ങൾ തൊഴിലുടമ നിങ്ങൾക്ക് നൽകേണ്ടതുണ്ട്. തൊഴില്‍ സ്ഥലത്തിന്റെ സുരക്ഷ നിരീക്ഷിക്കാനും ഉറപ്പാക്കാനും ഉത്തരവാദിത്തപ്പെട്ട ഒരാള്‍ ഉണ്ടാകും. അപകടകരമല്ലാത്ത പണിയായുധങ്ങളും, ഉപകരണങ്ങളുമാണ് നിങ്ങൾക്ക് നൽകുന്നതെന്ന് ഉറപ്പുവരുത്തേണ്ടത് തൊഴിലുടമയുടെ ചുമതലയാണ്. തൊഴിലിടങ്ങളിലെ സുരക്ഷ ഉറപ്പാക്കുന്ന വസ്ത്രങ്ങളും, ഹെൽമെറ്റ്, ഷൂസ് തുടങ്ങിയവയും യുടെ നിങ്ങൾക്ക് നൽകേണ്ടത് അനിവാര്യമാണ്. കൂടാതെ, കാർ, ക്രെയിൻ, ഫോർക്ക് ലിഫ്റ്റ് തുടങ്ങിയവ ലൈസെൻസ് ഇല്ലാതെ ഉപയോഗിക്കുവാൻ നിങ്ങളെ നിർബന്ധിക്കുവാനുള്ള അധികാരം തൊഴിലുടമയ്ക്ക് ഇല്ല എന്ന ബോധ്യമുണ്ടാവുക.

Source: SBS
2. തൊഴിലാളികളുടെ ഉത്തരവാദിത്തങ്ങള്‍
അപകടകരമെന്നു തോന്നുന്ന ജോലികളിൽ ഏർപ്പെടുമ്പോൾ നിങ്ങൾ സുരക്ഷിതരാണോ എന്ന് സ്വയം ഉറപ്പുവരുത്തുക. ജോലി ആരംഭിക്കും മുൻപേ അത് ചെയ്യാൻ ആവശ്യമായ ആരോഗ്യം നിങ്ങൾക്കു ഉണ്ടോ എന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. തൊഴിലിൽ ഏർപ്പെടുമ്പോൾ, മദ്യവും മയക്കുമരുന്നും മറ്റും ഉപയോഗികാത്തിരിക്കാൻ ശ്രദ്ധിക്കുക. പണിയായുധങ്ങൾ ഒരു പരിധി വരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യാൻ ഇത് ഉപകരിക്കും. സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ അപകടകരമായ പണിയായുധങ്ങൾ ഉപയോഗിക്കാൻ നിങ്ങൾ നിർബന്ധിതരായാൽ, അത് നിരസിക്കാനുള്ള അധികാരം നിങ്ങൾക്കുണ്ടെന്ന് ഓർക്കുക.

Source: SBS
3. കൃത്യമായി വേതനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക
ഓസ്‌ട്രേലിയയിൽ ഓരോ തൊഴിലിനും അതിന്റേതായ വ്യവസ്ഥകളും നയങ്ങളുമുണ്ട്. നിയമപ്രകാരം ഓരോ തൊഴിലിന്റെയും സ്വഭാവം അനുസരിച്ചാണ് അടിസ്ഥാന വേതനം നിശ്ചയിക്കുന്നത്. ഇത് നിങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. നിങ്ങളുടെ തൊഴിലുമായി ബന്ധപ്പെട്ട വ്യവസ്ഥകളെക്കുറിച്ചും ലഭിക്കേണ്ട വേതനത്തെക്കുറിച്ചുമെല്ലാം അറിയാൻ ഫെയർ വർക്ക് ഓംബുഡ്സ്മാനെ ബന്ധപ്പെടാവുന്നതാണ്.

Source: SBS
4. ജോലിസ്ഥലത്തെ പീഡനങ്ങള്‍ ചൂണ്ടിക്കാട്ടുക
തൊഴിലിടങ്ങളിൽ നിങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള അപമാനമോ, വംശീയാധിക്ഷേപമോ അനുഭവപ്പെട്ടാൽ അത് പരാതിപ്പെടേണ്ടതാണ്. ഇത്തരം അനുഭവങ്ങൾ കൂടെ ജോലി ചെയ്യുന്നവരിൽ നിന്നുമാണെങ്കിൽ അത് തൊഴിലുടമയെ അറിയിച്ചിരിക്കണം. അതുമല്ലെങ്കിൽ 1300 799 675 എന്ന നമ്പറിൽ ഫെയർ വർക്ക് ഓംബുഡ്സ്മാനെ ബന്ധപ്പെടുക. താത്കാലിക വിസയിലും വർക്ക് വിസയിലും മറ്റും ഇവിടെ ജോലി ചെയ്യുന്നവർക്കും ഇത് ബാധകമാണ്. ഓർക്കുക, ഓസ്‌ട്രേലിയയിൽ ഇത്തരം പ്രശ്നങ്ങൾക്ക് കർശന നിയമം നിലനിൽക്കുന്നുണ്ട്.

Source: SBS
5. തൊഴിലിടങ്ങളിൽ അപകടങ്ങൾ സംഭവിച്ചാൽ
അപകടകരമായ ജോലികളിൽ ഏർപ്പെടുമ്പോൾ പരുക്കേല്‍ക്കുക പതിവാണ്. ഇത് ഒഴിവാക്കാൻ നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും ഓസ്‌ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്ക് പ്രകാരം 2013 -2014 കാലയളവിൽ അര മില്യൺ ആളുകൾക്ക് തൊഴിൽ സംബന്ധമായ മുറിവികൾ അനുഭവപ്പെട്ടിട്ടുണ്ട്. തൊഴിലിനിടയിൽ എന്തെങ്കിലും പരുക്കോ, അസുഖമോ, അപകടമോ സംഭവിച്ചാൽ അത് തൊഴിലുടമയെ ആയിരിക്കേണ്ടത് അനിവാര്യമാണ്. എത്രയും വേഗം പ്രഥമ ശുശ്രൂഷ ലഭിച്ചുവെന്ന് ഉറപ്പുവരുത്തുക. അപകടത്തിന്റെ കാഠിന്യം അനുസരിച്ചു ഒരു ഡോക്ടറുടെയോ നഴ്സിന്റെയോ സേവനം നിങ്ങൾക്ക് ആവശ്യപ്പെടാവുന്നതുമാണ്. ഏതു ഡോക്ടറുടെ സേവനമാണ് ആവശ്യമെന്നു പറയാൻ നിങ്ങൾക്ക് അനുവാദമുണ്ട്. ഡോക്ടറുടെ പക്കൽ നിന്നും മെഡിക്കൽ സർട്ടിഫിക്കറ്റ് വാങ്ങുകയും ഇത് തൊഴിലുടമയ്ക്ക് സമർപ്പിക്കുകയും ചെയ്യുക. തൊഴിലിടങ്ങളിൽ ഗുരുതരമായ അപകടങ്ങൾ സംഭവിച്ചാൽ തൊഴിലുടമയിൽ നിന്നും ഒരു ഇൻസിഡന്റ് റിപ്പോർട്ട് വാങ്ങുക. ഇത് ഇൻഷുറൻസും, നഷ്ടപരിഹാരവും ലഭിക്കാൻ സഹായകരമാകും.
തൊഴിലിടങ്ങളിൽ നിങ്ങൾ സുരക്ഷിതരല്ലെന്നോ, നിങ്ങളെ ചൂഷണം ചെയ്യുന്നതായോ തോന്നുന്ന പക്ഷം ഇക്കാര്യം രഹസ്യമായി ഫെയർ വർക്ക് ഓംബുഡ്സ്മാനെ അഥവാ നിങ്ങളുടെ സംസഥാനത്തെ വർക്ക് പ്ലെസ് റെഗുലേറ്റേഴ്സിനെ അറിയിക്കുക.

Source: SBS
തൊഴിലിടങ്ങളിലെ സുരക്ഷാ സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് സേഫ് വർക്ക് ഓസ്‌ട്രേലിയയുടെ വെബ്സൈറ്റ് സന്ദർശിക്കുക.
ഇനി, നിങ്ങൾക്ക് ഒരു ദ്വിഭാഷിയുടെ സഹായം ആവശ്യമുണ്ടെങ്കിൽ 131 450 എന്ന നമ്പറിൽ ട്രാൻസ്ലേറ്റിങ് ആൻഡ് ഇന്റെർപ്രെറ്റിങ് സർവീസസിനെ ബന്ധപ്പെടാവുന്നതാണ്.
ഇതേക്കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ ലഘുലേഖ 11 ഭാഷകളിൽ ലഭ്യമാണ്.