1. മക്കളെ സുഹൃത്തുക്കളാക്കുക
കുട്ടികളുടെ പല ചിന്തകളും പ്രവൃത്തികളും വാക്കുകളും മാതാപിതാക്കൾക്ക് നിസാരമായി തോന്നിയേക്കാം. എന്നാൽ ചെറുപ്പം മുതലേ കുട്ടികളുമായി നല്ല സൌഹൃദമുണ്ടാക്കുക എന്നത് പ്രധാനമാണ്. അവരുടെ താൽപര്യങ്ങൾക്കു ശ്രദ്ധ കൊടുക്കാനും, അവരുടെ കൂടെ കഴിയുന്നതും സമയം ചെലവഴിക്കാനും ശ്രമിക്കുക. കൂടാതെ, കുടുംബത്തിൽ എല്ലാവരും ഒരുമിച്ചിരുന്ന് ആഹാരം കഴിക്കുകയും സംസാരിക്കുകയും ചെയ്യുന്നത് കുട്ടികൾക്ക് മാതാപിതാക്കളോടുള്ള അടുപ്പം വർദ്ധിക്കാൻ സഹായിക്കും.

Source: SBS
2. മക്കളുടെ വാക്കുകൾക്ക് പ്രാധാന്യം കൊടുക്കുക
കുടുംബത്തിലെ കാര്യങ്ങൾ കുട്ടികളുമായും ചർച്ച ചെയ്യുകയും അവരുടെ അഭിപ്രായങ്ങൾക്ക് വില കൊടുക്കുകയും ചെയ്യുക. ഇത് അവരിൽ കുടുംബാംഗങ്ങളുമായുള്ള സ്നേഹബന്ധം വർധിപ്പിക്കാൻ സാഹായിക്കും. മാത്രമല്ല, അവരുടെ പ്രശ്നങ്ങൾ തുറന്നു പറയാൻ പ്രേരിപ്പിക്കുകയും, അതിന് യോജിക്കുന്ന സാഹചര്യം ഒരുക്കുകയും ചെയ്യുക.

Source: SBS
3. കുട്ടികൾക്ക് നല്ല മാതൃകയാവുക
കുട്ടികൾ അവരുടെ ജീവിതത്തിൽ ആദ്യം കണ്ടു വളരുന്നത് മാതാപിതാക്കളെയാണ്. അതുകൊണ്ടുതന്നെ മാതാപിതാക്കളുടെ ജീവിത രീതി അവരെ സ്വാധീനിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. മാതാപിതാക്കൾ തന്നെ കുട്ടികൾക്ക് ഒരു മാതൃകയാവാൻ ശ്രമിക്കുക. പുകവലി, മദ്യപാനം, മരുന്നുകളുടെ ദുരുപയോഗം എന്നീ കാര്യങ്ങളിൽ കുട്ടികൾ നിങ്ങളെ കണ്ടുപഠിക്കും എന്ന യാഥാർത്ഥ്യം എപ്പോഴും ഓർക്കുക.

Source: SBS
4. കുട്ടികളോട് സത്യസന്ധമായി ഇടപെടുക
കുട്ടികളോടുള്ള മാതാപിതാക്കളുടെ സംസാരത്തിലും പ്രവർത്തിയിലും സത്യസന്ധത പുലർത്തുക. ഇത് കുട്ടികൾ തിരിച്ച് നിങ്ങളോടും സത്യസന്ധമായി ഇടപെടാൻ സഹായിക്കും. ഒരു പക്ഷെ മയക്കു മരുന്നുകളെക്കുറിച്ച് നിങ്ങൾക്കുള്ള അറിവ് പരിമിതമായിരിക്കാം. എങ്കിലും, നിങ്ങൾക്കുള്ള അറിവുകൾ വച്ച് മാത്രം സംസാരിക്കുക. ഇതുവഴി കുട്ടികൾക്ക് നിങ്ങളോട് കാര്യങ്ങൾ തുറന്നു സംസാരിക്കാനുള്ള വിശ്വാസം വർദ്ധിക്കും.

Source: SBS
5. സംസാരിക്കാൻ ഏറ്റവും യോജിച്ച സമയം കണ്ടെത്തു
മയക്കു മരുന്നുകളെക്കുറിച്ചും അവയുടെ ഉപയോഗം മൂലമുണ്ടാകാവുന്ന വിപത്തുകളെക്കുറിച്ചുമെല്ലാം കുട്ടികളുമായി ചർച്ച ചെയ്യാൻ അനുയോജ്യമായ സമയം തെരഞ്ഞെടുക്കുക. അത് കുടുംബത്തിൽ എല്ലാവരും സന്താഷത്തോടെ ടി വി കാണാറുള്ള സമയമോ, കുട്ടികൾ അവരുടെ സുഹൃത്തക്കളെക്കുറിച്ചും സ്കൂളിലെ അനുഭവങ്ങളും മറ്റും തുറന്നു സംസാരിക്കുന്ന അവസരമോ തെരഞ്ഞെടുക്കാം. ഇത് പരസ്പരം തുറന്ന സംഭാഷണത്തിലേക്ക് നയിക്കാൻ സഹായിച്ചേക്കാം.

Source: SBS
6. ശാന്തമായി സംസാരിക്കുക
ശാന്തമായ മനസോടെ വേണം മയക്കുമരുന്ന് വിഷയം കുട്ടികളോട് ചർച്ച ചെയ്യാൻ. ഇതേക്കുറിച്ച് ഒരു നീണ്ട പ്രഭാഷണത്തിന് ശ്രമിക്കരുത്. മാത്രമല്ല , പരിഹാസരൂപേണ ഈ വിഷയം കൈകാര്യം ചെയ്യാതെയും ശ്രദ്ധിക്കണം. പെട്ടെന്ന് ദേഷ്യപ്പെടുകയും, ഇത് തർക്കത്തിലേക്ക് നയിക്കുകയും ചെയ്‌താൽ ഭാവിയിൽ ഇതേക്കുറിച്ചുള്ള തുറന്ന സംഭാഷണത്തിന് കുട്ടികൾ മടിച്ചേക്കാം.

Source: SBS
7. തർക്കങ്ങൾ ഒഴിവാക്കുക
ചില വിഷയങ്ങൾ എത്ര ശാന്തമായി സാസാരിക്കാൻ ആരംഭിച്ചാലും അത് തർക്കത്തിൽ കലാശിക്കും. എന്നാൽ, തർക്കത്തിലൂടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുക എളുപ്പമല്ല. അതിനാൽ, മയക്കുമരുന്നിനെക്കുറിച്ചുള്ള സംഭാഷണം വഴക്കിലേക്ക് നയിക്കുമെന്ന് തോന്നുന്ന പക്ഷം ആ സംഭാഷണം അവിടെ അവസാനിപ്പിക്കുക. പിന്നീട് ഇരു കൂട്ടരും ശാന്തമായ ശേഷം മാത്രം തുടർന്ന് സംസാരിക്കാൻ ശ്രദ്ധിക്കുക. ഇല്ലെങ്കിൽ പിന്നീടൊരിക്കലും ഈ വിഷയത്തെക്കുറിച്ച് സംസാരിക്കാനും അത് ശ്രദ്ധിക്കാനും കുട്ടികൾ താല്പര്യം കാണിച്ചേക്കില്ല.

Source: SBS
8. ഈ വിഷയത്തെക്കുറിച്ചുള്ള സംസാരം തുടരുക
തർക്കത്തിലും വഴക്കിലും എത്തിച്ചേരാതെ ഈ വിഷയം ശാന്തമായി കൈകാര്യം ചെയ്‌താൽ, ഇതേക്കുറിച്ച് കൂടുതൽ ചർച്ചകൾക്ക് കുട്ടികൾ തയ്യാറായേക്കും. ഇത്തരത്തിൽ ഒരു വിശ്വാസ്യത ഉണ്ടാക്കിയെടുക്കാൻ സാധിച്ചാൽ. ഏതു സമയത്തും ഇതേക്കുറിച്ച് കുട്ടികളുമായി സംസാരിക്കാനുള്ള അവസരം ലഭിച്ചേക്കാം. ഇത് കുട്ടികൾക്ക് നിങ്ങളോടുള്ള വിശ്വാസം വർധിപ്പിക്കുകയും കാര്യങ്ങൾ തുറന്നു ചർച്ച ചെയ്യാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്തേക്കാം.

Source: SBS
9. വ്യക്തമായ നിലപാടുകളെടുക്കുക
മയക്കുമരുന്ന് ഉപയോഗിക്കുന്ന ഒരു സംഘത്തിലേക്കോ ആഘോഷവേളയിലേക്കോ എത്തിപ്പെടുകയാണെങ്കിൽ മക്കൾ എന്തു ചെയ്യും എന്ന കാര്യം അവരോട് മുൻകൂട്ടി സംസാരിച്ച് വ്യക്തത വരുത്തുക. ഉദാഹരണത്തിന്, എത്ര രാത്രിയായാൽ പോലും അവർക്ക് ആവശ്യമുണ്ടെങ്കിൽ വിളിക്കാനായി ചെല്ലാം എന്ന ഉറപ്പു നൽകുക. എന്നാൽ, അവർ സ്വന്തം താൽപര്യപ്രകാരം ഇത്തരം സാഹചര്യങ്ങളിലേക്ക് പോകുന്നത് ഒഴിവാക്കുന്നതിനാകണം പ്രഥമ പരിഗണനയെന്നും വ്യക്തമാക്കുക.

Source: SBS
10. മക്കളുടെ നല്ല ഗുണങ്ങൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക
കുട്ടികൾ ചെയ്യുന്ന നല്ല കാര്യങ്ങൾക്ക് കൂടുതൽ ശ്രദ്ധ കൊടുക്കുകയും അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. മാത്രമല്ല, നല്ല കാര്യങ്ങൾ ചെയ്യുന്പോൾ ബഹുമാനം ലഭിക്കുന്നു എന്നത് പ്രവർത്തിയിലൂടെ അവരെ ബോധ്യപ്പെടുത്തുക.
ഇതേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഓസ്‌ട്രേലിയൻ സർക്കാരിന്റെ ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്തിന്റെ വെബ്സൈറ്റ് സന്ദർശിക്കാം.

Source: SBS
The Alcohol and Drug Information Centres ഇതേക്കുറിച്ച് കൂടുതൽ വിവരങ്ങളും, ഉപദേശങ്ങളും വിലയിരുത്തലുകളും നൽകുന്നുണ്ട്. ഈ സേവനം മയക്കു മരുന്നിനു അടിമപ്പെടുന്ന വ്യക്തികൾക്കും, അവരുടെ കുടുംബങ്ങൾക്കും, സുഹൃത്തുക്കൾക്കും, അവരെ നോക്കുന്ന ആരോഗ്യമേഖലയിൽ ഉള്ളവർക്കും ലഭ്യമാണ്.
സഹായം ആവശ്യം ഉള്ളവർ നിങ്ങളുടെ സംസ്ഥാനത്തുള്ള Alcohol and Drug Information Service (ADIS)- ൽ ബന്ധപ്പെടുക.