ജി പി യുടെ ഉപദേശം തേടുക
നിങ്ങൾക്ക് എന്തെങ്കിലും വിധത്തിലുള്ള മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നു തോന്നിയാൽ ഉടൻ തന്നെ ജി പി യുടെ ഉപദേശം തേടേണ്ടതാണ്. ഇതിനു മുൻപോട്ടു എന്തൊക്കെ കാര്യങ്ങൾ ചെയ്യണം എന്ന് ജി പി ക്കു പറയാൻ സാധിക്കും. ഇക്കാര്യത്തിൽ നിങ്ങളുടെ സ്വകാര്യതയെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. നിങ്ങളുടെ സ്വകാര്യത സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഡോക്ടർക്കുണ്ട്. ഇനി ഇംഗ്ലീഷ് ഭാഷയിൽ ആശയവിനിമയം നടത്താൻ ബുദ്ധിമുട്ടുങ്കിലും ഒരു ദ്വിഭാഷിയുടെ സഹായം തേടാവുന്നതാണ്.
ചെലവ്
ഇതിനായുള്ള ചെലവ് മെഡികെയറിൽ നിന്നും ലഭ്യമാണ്. ബെറ്റർ ആക്സസ് എന്ന പദ്ധതി വഴി വർഷത്തിൽ 10 തവണ ഒരു മാനസികാരോഗ്യ വിദഗ്ധന്റെ ഉപദേശം തേടാവുന്നതാണ്. ഇനി നിങ്ങൾ ചെറിയ വരുമാനം മാത്രമാണുള്ളതെങ്കിൽ ATAPS എന്ന പദ്ധതിയിലൂടെ വർഷത്തിൽ 12 മുതൽ 18 തവണ മാനസികാരോഗ്യ വിദഗ്ധന്റെ ഉപദേശം തേടാവുന്നതാണ്. മെഡികെയറിലൂടെയുള്ള ഈ സൗകര്യം ലഭ്യമാകാൻ ജി പി യുടെ പക്കൽ നിന്നും മെന്റൽ ഹെൽത്ത് കെയർ പ്ലാൻ ആവശ്യമാണ്.

ഫോണിലൂടെ സഹായം തേടാം
ഒരു വിദഗ്ധനെ നേരിൽ കണ്ട പ്രശ്‍നങ്ങൾ പങ്കുവയ്ക്കാൻ ബുദ്ധിമുട്ടുള്ള സാഹചര്യത്തിൽ ഫോണിലൂടെയും ഓൺലൈൻ ആയും ഉപദേശം തേടാവുന്നതാണ്.
ബീയോണ്ട് ബ്ലൂ എന്ന മാനസിക ബുദ്ധിമുട്ടുകൾക്ക് സഹായം ലഭ്യമാക്കുന്ന സ്ഥാപനത്തെ 1300 22 4636 എന്ന നമ്പറിൽ 24 മണിക്കൂറും ബന്ധപ്പെടാവുന്നതാണ്. കൂടാതെ ആഴ്ചയിൽ ഏഴു ദിവസവും ഓൺലൈൻ ചാറ്റ് സേവനവും ലഭ്യമാണ്.
മാത്രമല്ല ഇമെയിൽ ആയി നിങ്ങളുടെ പ്രശ്നങ്ങൾ അവരെ അറിയിച്ചാൽ 24 മണിക്കൂറിനകം മറുപടി പ്രതീക്ഷിക്കാവുന്നതാണ്.
ഇതിന് പുറമെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ലൈഫ് ലൈൻ , സൂയിസൈഡ് കാൾ ബാക് സർവീസ് എന്നിവയെയും ബന്ധപ്പെടാവുന്നതാണ്.
ഓൺലൈൻ ആയി നിങ്ങളുടെ മാനസിക നില വിലയിരുത്തുകയും വേണ്ട ചികിത്സാകാൽ സൗജന്യമായി നൽകുകയും ചെയ്യുന്ന മൈന്ഡസ്പോട്ടിനെയും ഇക്കാര്യത്തിനായി ബന്ധപ്പെടാം.
ഇനി കുട്ടികൾക്കും ചെറുപ്പക്കാർക്കുമാണ് (അഞ്ച് മുതൽ 25 വരെ പാരായമുള്ള) ഇത്തരം സഹായം ആവശ്യമെങ്കിൽ 1800 55 1800 എന്ന നമ്പറിൽ കിഡ്സ് ഹെൽപ്‌ലൈനിനെയും ബന്ധപ്പെടാവുന്നതാണ്
ദ്വിഭാഷിയുടെ സഹായം തേടാം
നിങ്ങളുടെ ഭാഷയിൽ ആശയവിനിമയം നടത്താൻ സഹായം ലഭിക്കണമെങ്കിൽ 131 450 എന്ന നമ്പറിൽ TIS നാഷ്ണലിനെ വിളിച്ച് ഒരു ദ്വിഭാഷിയുടെ സഹായം അഭ്യർത്ഥിക്കാവുന്നതാണ്
മാനസിക ബുദ്ധിമുട്ടുകൾ പങ്കുവയ്ക്കുക
മാനസിക സംഘർഷം ഉണ്ടാവുകയും അതിനായി സഹായം തേടുകയും ചെയ്യുക എന്നതിൽ മടിക്കേണ്ടതില്ല. നിങ്ങൾക്ക് ആരോഗ്യപരമായി എന്തെകിലും ബുദ്ധിമുട്ടു അനുഭവപ്പെട്ടാൽ ഡോക്ടറുടെയോ , മാനസികാരോഗ്യ കേന്ദ്രത്തിന്റെയോ സഹായം തേടേണ്ടതാണ്. നിങ്ങൾക്ക് വിശ്വസിക്കാവുന്ന ഒരാളോട് ഇതേക്കുറിച്ച് പങ്കുവയ്ക്കുന്നതും ഒരു പരിധി വരെ നിങ്ങളുടെ സംഘർഷത്തിന് അയവു വരുത്തിയേക്കും.
