1. ഒരാളെ കാണാതായാൽ എത്രയും വേഗം പോലീസിൽ അറിയിക്കുക
നിങ്ങൾക്ക് പരിചിതനായ ഒരാളെ കാണാതാവുകയും അയാളുടെ സുരക്ഷയിൽ നിങ്ങൾ ആകുലപ്പെടുകയും ചെയ്യുന്നുണ്ടെങ്കിൽ ഉടൻ തന്നെ ലോക്കൽ പോലീസിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. ഒരു മിസ്സിംഗ് പേഴ്സൺസ് റിപ്പോർട്ട് തയ്യാറാക്കി പോലിസിനു നൽകാവുന്നതാണ്.

2. അടുത്തുള്ള ഏതു പോലീസ് സ്റ്റേഷനിലും റിപ്പോർട്ട് സമർപ്പിക്കാവുന്നതാണ്
കാണാതായ വ്യക്തിയുടെ സുരക്ഷിതത്വത്തിൽ നിങ്ങൾക്ക് ആശങ്കയുണ്ടെങ്കിൽ ഫോണിൽ വിളിച്ചു ബന്ധപ്പെടുന്നതിന് പകരം നേരിട്ട് ഈ റിപ്പോർട്ട് ഉടൻ തന്നെ പോലീസിൽ സമർപ്പിക്കുക. ഓർക്കുക, സൗത്ത് ഓസ്‌ട്രേലിയയിൽ മാത്രമേ ഫോണിലൂടെയുള്ള റിപ്പോർട്ട് സ്വീകരിക്കുകയുള്ളൂ.

3. കഴിയുന്നത്ര വിവരങ്ങൾ പോലീസിന് കൈമാറുക
പോലീസ് സ്റ്റേഷനിൽ ചെല്ലുമ്പോൾ കാണാതായെ വ്യക്തിയെക്കുറിച്ച് നിങ്ങൾക്ക് കഴിയുന്നത്ര വിവരങ്ങൾ പോലീസിന് കൈമാറുക. അതായത്, ആ വ്യക്തിയുടെ ആകൃതി, നിറം തുടങ്ങി അയാൾ കാഴ്ചയിൽ എങ്ങനെ ആയിരിക്കും എന്ന കാര്യം വിശദമായി തന്നെ പോലീസിനെ അറിയിക്കുക.
കൂടാതെ പേര്, സുഹൃത്തുക്കളുടെ വിലാസവും ഫോൺ നമ്പറുകൾ അറിയാമെങ്കിൽ അതും നൽകുക. ഇത് അന്വേഷണം വേഗത്തിൽ ആക്കാൻ പോലീസിനെ സഹായിക്കും. മാത്രമല്ല കാണാതായ വ്യക്തിയുടെ പാസ്സ്പോർട്ടിന്റെ വിവരങ്ങൾ, സെന്റർലിങ്കിൽ നിന്നും അയാൾക്ക് ലഭിച്ചുകൊണ്ടിരുന്ന സാമ്പത്തിക സഹായങ്ങളുടെ വിവരങ്ങളും നൽകേണ്ടതാണ്. ഒപ്പം, ആ വ്യക്തിക്കുള്ള ആരോഗ്യസംബന്ധമായപ്രശ്നങ്ങളും, ആ വ്യക്തിയുടെ ജീവന്റെ സുരക്ഷക്ക് അപകടമെന്ന് നിങ്ങൾക്ക് തോന്നുന്ന എല്ലാ കാര്യങ്ങളും പോലീസിനെ വിശദമായി അറിയിക്കുക. ആളെ തിരയുന്നതിൽ ഇത് പൊലീസിന് കൂടുതൽ സഹായകരമാകും.

4. മിസ്സിംഗ് പേഴ്സൺസ് റിപ്പോർട്ട് ഫയൽ ചെയ്യുമ്പോൾ തന്നെ പോലീസ് കഴിയുന്നത്ര വിവരങ്ങൾ ശേഖരിക്കും
വിവരങ്ങൾ ലഭിച്ച ശേഷം റിപ്പോർട്ട് ഫയൽ ചെയ്തു കഴിഞ്ഞാൽ പോലീസ് ആദ്യം പ്രാദേശികമായ അന്വേഷണം നടത്തും. ചെറിയ ഒരു അന്വേഷണം നടത്തി ആളെ കണ്ടുപിടിക്കാൻ കഴിഞ്ഞില്ലെങ്കിൽ പരാതി നൽകിയ ആളെ കൂടുതൽ വിവരങ്ങൾക്കായി വീണ്ടും ബന്ധപ്പെടും. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസിന്റെ വിശാലമായ നെറ്റ്വർക്കും സോഷ്യൽ മീഡിയയും ഉപയോഗിച്ച് അന്വേഷണം വിപുലീകരിക്കും.

5. സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ ഒരു പകർപ്പ് സൂക്ഷിച്ചു വയ്ക്കുക
ഇങ്ങനെ ചെയ്യുന്നതിലൂടെ അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ നിങ്ങളുടെ പക്കൽ സുരക്ഷിതമായിരിക്കും. അതായത് അന്വേഷണത്തിന്റെ ഇവന്റ് നമ്പർ, റിപ്പോർട്ട് സമർപ്പിച്ച പോലീസ് സ്റ്റേഷന്റെ വിവരങ്ങൾ, ഈ റിപ്പോർട്ടിന്റെ അന്വേഷണ ചുമതലയുള്ള പോലീസ് ഓഫീസറുടെ പേര്, റാങ്ക് തുടങ്ങിയ വിവരങ്ങളും നിങ്ങളുടെ കൈവശം ഉണ്ടാവുകയും അത് ആവശ്യത്തിന് ഉപയോഗിക്കാൻ സഹായിക്കുകയും ചെയ്യും.
ഇതേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അടങ്ങിയ ലഘു ലേഖകൾ അഥവാ ഫാക്ട് ഷീറ്റ് കാണാതാകുന്നവർക്കു വേണ്ടിയുള്ള ഓസ്‌ട്രേലിയയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നും 14 ഭാഷകളിൽ ലഭ്യമാണ്.

ഇവിടെ സൗജന്യമായി 1800 000 634 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ഇനി നിങ്ങൾക്ക് ഇംഗ്ലീഷിൽ ആശയവിനിമയം നടത്താൻ ബുദ്ധിമുട്ടുണ്ടെങ്കിൽ ഇന്റെർപ്രെറ്റർ അഥവാ ദ്വിഭാഷിയുടെ സൗകര്യവും ലഭ്യമാണ്. ഇതിനായി TIS നാഷണൽ സർവീസസിനെ
13 14 50 എന്ന നമ്പറിൽ ബന്ധപ്പെടാം.
ഓസ്‌ട്രേലിയയുടെ എല്ലാ സംസ്ഥാനത്തും ഉപസംസാഥാനത്തും ഉള്ള കാണാതായവരെക്കുറിച്ചുള്ള വിവരങ്ങൾ ഓസ്‌ട്രേലിയൻ മിസ്സിംഗ് പേഴ്സൺസ് രജിസ്റ്റർ വെബ്സൈറ്റിൽ ലഭ്യമാണ്. ഇത് തികച്ചും സൗജന്യമായി ഉപയോഗിക്കാവുന്നതുമാണ്.
http://audiomedia-sbs.akamaized.net/malayalam_160901_548915.mp3
ഇതേക്കുറിച്ച് ഇനിയും കൂടുതൽ വിവരങ്ങൾ ആവശ്യമെങ്കിൽ.
Missing people: A guide for families and friends of missing people എന്ന ലിങ്കിൽ നിന്നും ലഭ്യമാണ്.