വിവാഹം കഴിയുന്പോഴും, വിവാഹമോചനത്തിനു ശേഷവുമെല്ലാം നിരവധിയാളുകൾ പേര് മാറ്റാറുണ്ട്. അതുപോലെ തന്നെ, ഓസ്ട്രേലിയയിലേക്ക് കുടിയേറിയ ശേഷം സ്വന്തം പേരുകൊണ്ട് വിവേചനം നേരിടുന്നു എന്നു തോന്നുന്നവരും അത് മാറ്റാറുണ്ട്. പേരു മാറ്റം എന്തിനു വേണ്ടിയായാലും, ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്.
1. അപേക്ഷാ ഫോം പൂരിപ്പിക്കുക
പേര് മാറ്റുന്നതിനായുള്ള അപേക്ഷാ ഫോം ഓരോ സംസ്ഥാനത്തുമുള്ള ജനന-മരണ-വിവാഹ റെജിസ്ട്രിയുടെ വെബ്സൈറ്റിൽ നിന്നും ലഭ്യമാണ്. ഇത് ഓൺലൈൻ ആയി പൂരിപ്പിച്ച് ഡൌൺലോഡ് ചെയ്ത്, പ്രിൻറ് എടുക്കുക . ഓരോ സംസ്ഥാനത്തും പേരു മാറ്റം അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ വ്യത്യസ്തമാണ്. ഓരോ സംസ്ഥാനത്തും നിശ്ചിത കാലം ജീവിച്ചിട്ടുള്ളവർക്ക് മാത്രമേ അവിടെ പേരുമാറ്റം സാധ്യമാകൂ. ഉദാഹരണത്തിന്, ന്യൂ സൌത്ത് വെയിൽസിൽ പേരു മാറ്റാൻ അപേക്ഷ നൽകണമെങ്കിൽ കുറഞ്ഞത് മൂന്നു വർഷം അവിടെ തുടർച്ചയായി ജീവിച്ചിരിക്കണം. 

Source: NSW registry
2. അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ കണ്ടെത്തുക
പേര് മാറ്റാനുള്ള അപേക്ഷയുടെ കൂടെ, അതിനെ സാധൂകരിക്കുന്നതിനുള്ള നിരവധി രേഖകൾ വേണ്ടിവന്നേക്കാം. നിങ്ങളുടെ ഇതുവരെയുള്ള എല്ലാ പേരുകളും അടങ്ങിയ വിവരങ്ങൾ നൽകേണ്ടി വന്നേക്കും. ഇവ എന്തൊക്കെയാണെന്ന് വെബ്സൈറ്റിൽ നിന്നും കണ്ടെത്തി, പ്രിന്റ് ഔട്ട് എടുത്ത് അപേക്ഷ സമർപ്പിക്കുന്നതിനോടൊപ്പം ഇവ കൂടി സമർപ്പിക്കുവാൻ ശ്രദ്ധിക്കണം.

Source: SBS
3. സാക്ഷിയുടെ ഒപ്പു ശേഖരിക്കുക
ഇനി അപേക്ഷയിലുള്ള ഡിക്ലറേഷൻ സെക്ഷനിൽ, അപേക്ഷയിലുള്ള കാര്യങ്ങൾ സത്യമാണെന്ന് ഉറപ്പുവരുത്തുവാൻ ഒരു സാക്ഷിയുടെ ഒപ്പ് കൂടി ആവശ്യമാണ്. ഇതിനായി പ്രായപൂർത്തിയായ വ്യക്തിയെ കണ്ടെത്തി ഒപ്പ് വാങ്ങുക.

Source: SBS
4. അപേക്ഷാ ഫീസ് വയ്ക്കുക
വെബ്സൈറ്റിൽ നിന്ന് അപേക്ഷാ ഫീസ് മനസിലാക്കാം. ഓസ്‌ട്രേലിയയുടെ ഓരോ സംസ്ഥാനത്തും അപേക്ഷാ ഫീസിലും വ്യത്യാസമുണ്ട്.

Source: SBS
5. അപേക്ഷ അയയ്ക്കുകയോ നേരിൽ സമർപ്പിക്കുകയോ ചെയ്യുക
ഇനി പൂരിപ്പിച്ച അപേക്ഷയോടൊപ്പം ആവശ്യമായ രേഖകളും, അപേക്ഷാ ഫീസും വച്ച ശേഷം അതത് സംസാനത്തിന്റെ റെജിസ്ട്രിയിലേക്ക് തപാൽ മാർഗം അയയ്ക്കുക. അല്ലെങ്കിൽ മുൻകൂട്ടി അപ്പോയിൻമെൻറ് ബുക്ക് ചെയ്ത് നേരിൽ സമർപ്പിക്കാനും കഴിയും. ഓർക്കുക, അപേക്ഷിക്കുന്ന എല്ലാവരുടെയും പേരു മാറ്റം അനുവദിക്കണമെന്നില്ല. തക്കതായ കാരണങ്ങൾ കാണിച്ചാൽ മാത്രമേ പേര് മാറ്റാൻ റെജിസ്ട്രി അനുവദിക്കുകയുള്ളു. മാത്രമല്ല, പ്രത്യേക സാഹചര്യങ്ങളില്ലെങ്കിൽ ഒരു വ്യക്തിക്ക് മൂന്നു പ്രാവശ്യത്തിലധികം സ്വന്തം പേര് മാറ്റുവാൻ അനുവാദമില്ല. കൂടാതെ, വർഷത്തിൽ ഒരിക്കൽ മാത്രമേ ഇത് സാധ്യമാവുകയുമുള്ളൂ .
പേര് മാറ്റുവാനുള്ള അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാൽ ഒരു നിശ്ചിത സമയത്തിന് ശേഷം നിങ്ങളുടെ പഴയ പേരും, പുതിയ പേരും, എത്ര തവണ പേര് മാറ്റിയെന്നതിന്റെ വിശദാശങ്ങളും അടങ്ങിയ ഒരു സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

Source: SBS
അപേക്ഷകന്റെ പേര് മാറ്റുന്നതിനുള്ള പൂർണ ഉത്തരവാദിത്തം ഓരോ സംസ്ഥാനത്തെയും, ടെറിട്ടറിയിലെയും റെജിസ്ട്രിക്കാണ്. നിങ്ങൾ ആയിരിക്കുന്ന സംസ്ഥാനത്തോ ടെറിട്ടറിയിലോ എങ്ങനെ പേര് മാറ്റാം എന്നറിയാൻ ഓസ്‌ട്രേലിയൻ സർക്കാരിന്റെ വെബ്സൈറ്റ് സന്ദർശിക്കുക.