ഓസ്‌ട്രേലിയയിൽ ഓരോ വ്യക്തിക്കും വ്യത്യസ്ത ടാക്സ് ഫയൽ നമ്പരാണ് (ടി എഫ് എൻ) ലഭിക്കുക. ടാക്‌സേഷൻ കമ്മീഷണറുടെ അനുമതിയോടെ ലഭിക്കുന്ന ടാക്സ് ഫയൽ നമ്പർ വ്യക്തികളെ തിരിച്ചറിയുന്നതിനുള്ള രേഖകൂടിയാണ്. ഓരോ വ്യക്തികളുടെയും ശമ്പളം, സൂപ്പർ ആന്വേഷൻ, നികുതി ഇവയെല്ലാം തമ്മിൽ ടാക്സ് ഫയൽ നമ്പർ വഴി ബന്ധിപ്പിക്കാൻ കഴിയും. ഓസ്‌ട്രേലിയയിൽ എവിടെയായാലും ഒരേ ടി എഫ് എൻ തന്നെ ഉപയോഗിച്ചാൽ മതിയാകും.
ടാക്സ് ഫയൽ നമ്പർ ലഭിക്കുന്ന ഓരോരുത്തരം ഇത് സുരക്ഷിതമായി വയ്‌ക്കേണ്ടതാണ്. ഈ നമ്പർ കൈമാറാനോ മറ്റുള്ളവരുമായി പങ്കുവയ്ക്കുവാനോ പാടുള്ളതല്ല. നിങ്ങളുടെ തൊഴിൽ ദാതാവിന് ടാക്സ് ഫയൽ നമ്പർ നൽകുന്നത് വഴി നിങ്ങൾ നൽകേണ്ട നികുതി നിങ്ങളുടെ പേരിൽ ശമ്പളത്തിൽ നിന്നും തൊഴിൽ ദാതാവ് നികുതി വകുപ്പിന് നൽകും.

ടാക്സ് ഫയൽ നമ്പർ എങ്ങനെ ലഭിക്കാം
ഓസ്‌ട്രേലിയയിൽ സ്ഥിര താമസമാക്കിയവർക്ക് മാത്രമല്ല മറിച്ച് മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവർക്കും, താത്കാലിക വിസയിലുള്ളവർക്കുമെല്ലാം ടാക്സ് ഫയൽ നമ്പറിനായി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിച്ച് കഴിഞ്ഞാൽ ടാക്സേഷൻ ഓഫീസിൽ നിങ്ങളുടെ വിവരങ്ങൾ കുടിയേറ്റകാര്യ വകുപ്പുമായി പരിശോധിക്കും. നിങ്ങൾ ഓസ്‌ട്രേലിയയിൽ താങ്ങുന്നവരാണോ എന്ന് ഉറപ്പുവരുത്താനാണിത്.
ഓസ്‌ട്രേലിയൻ പൗരത്വം ഉള്ളവർക്കും പെർമനന്റ് റസിഡന്റ് ആയവർക്കും അടുത്തുള്ള ഓസ്‌ട്രേലിയ പോസ്റ്റിന്റെ ഔട്ട്ലെറ്റുകൾ വഴിയും, സെൻട്രലിങ്കിലൂടെയും, തപാൽ മുഖേനയും ടാക്സ് ഫയൽ നമ്പറിന് അപേക്ഷിക്കാവുന്നതാണ്. അപേക്ഷയിൽ കൊടുത്തിരിക്കുന്ന രേഖകൾ എല്ലാം തന്നെ അപേക്ഷയോടൊപ്പം സമപ്പിക്കേണ്ടതാണ്.
ഇത് ഒരു സൗജന്യ സേവനമായതുകൊണ്ടു തന്നെ ടി എഫ് എൻ എടുക്കുന്നതിനായി പണം അടയ്‌ക്കേണ്ടതില്ല. അപേക്ഷ സമർപ്പിച്ച് 28 ദിവസത്തിനകം നിങ്ങൾക്ക് തപാലിൽ ടി എഫ് എൻ നമ്പർ ലഭിക്കും.
