1. ആദ്യ നിക്ഷേപത്തിനായുള്ള പണം കരുതുക
ഓസ്‌ട്രേലിയയിൽ വീട് വാങ്ങാൻ തീരുമാനിക്കുമ്പോൾ ആദ്യം ചെയ്യേണ്ടതു ഇതിനായി ഒരു നിശ്ചിത തുക കരുതി വയ്ക്കുക എന്നതാണ്. നിങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്ന വീടിന്റെ വില എത്രയാണോ അതിന്റെ അഞ്ച് മുതൽ പത്തു ശതമാനം വരെ ഡിപ്പോസിറ് ആയി നൽകിയാൽ മാത്രമേ ഒരു വീട് സ്വന്തമാക്കാൻ സാധിക്കുകയുള്ളു.
എന്നാൽ, 10 ശതമാനത്തിനു പകരം 20 ശതമാനം ബയേഴ്‌സ് ഡിപ്പോസിറ് നൽകാൻ സാധിച്ചാൽ, വായ്പയെടുക്കുമ്പോൾ ഉള്ള ലെൻഡേർസ് മോർട്ടഗേജ് ഇൻഷുറൻസിനായി നൽകേണ്ട ആയിരങ്ങൾ നിങ്ങൾക്ക് ലാഭിക്കാൻ കഴിഞ്ഞേക്കും.
ഇനി ബയേഴ്‌സ് ഡിപോസിറ്റിനായുള്ള തുക മാറ്റിവച്ച് കഴിഞ്ഞാൽ ബാങ്ക് വഴി ലഭിക്കുന്ന ലോൺ അനുവദിച്ചു കിട്ടുക എന്നതാണ് നിങ്ങൾ അടുത്തതായി ചെയ്യേണ്ട കാര്യം.

2. ഹോം ലോൺ അഥവാ ഭവന വായ്പ ബാങ്കിൽ നിന്നും പ്രീ അപ്പ്രൂവ്ഡ് ആയി അഥവാ മുൻകൂറായി അനുവദിച്ചു കിട്ടാൻ ശ്രമിക്കുക.
നിങ്ങളുടെ വരുമാനത്തിന് യോജിച്ച വിധത്തിലുള്ള മോർട്ട്ഗേജ് അഥവാ ലോൺ പദ്ധതികൾ കണ്ടുപിടിക്കുക. ഇതിന് ഒരു ബാങ്കറുടെ സഹായവും തേടുന്നത് ഉപകരിച്ചേക്കും.
മാസാമാസം തിരിച്ചടക്കേണ്ട തുക എത്രയാണെന്നും അത് നിങ്ങൾക്ക് താങ്ങാവുന്നതാണോയെന്നും ഉറപ്പുവരുത്തുക. ഹോം ലോൺ തെരഞ്ഞെടുക്കുന്നതിന് മുൻപ് വ്യത്യസ്ത ലോണുകളെക്കുറിച്ചുള്ള ഒരു പട്ടിക (key fact sheets) ബാങ്കിൽ നിന്നും ചോദിച്ചു വാങ്ങുക. വിവിധ തരത്തിലുള്ള ലോണുകൾ തമ്മിൽ താരതമ്യം ചെയ്യാൻ ഇത് നിങ്ങളെ സഹായിച്ചേക്കും .

3. മുടങ്ങാതെ തിരിച്ചടക്കാൻ പറ്റുന്ന തരത്തിലുള്ള വായ്പ എടുക്കുക
നിങ്ങളുടെ കയ്യിൽ ഒതുങ്ങുന്ന അല്ലെങ്കിൽ നിങ്ങളുടെ വരുമാനത്തിന് യോജിച്ച തരത്തിലുള്ള ലോൺ തെരഞ്ഞെടുക്കാൻ ശ്രമിക്കുക. അമിത തുക വായ്പയെടുത്ത ശേഷം ഇത് തിരിച്ചടക്കാൻ കഴിയാതെ വന്നാൽ വീട് തന്നെ വിൽക്കേണ്ട ഒരു അവസ്ഥയിൽ നിങ്ങൾ എത്തിച്ചേർന്നേക്കാം. ഇത് ഒഴിവാക്കാൻ ശ്രമിക്കുക.

4. ഇൻസ്‌പെക്ഷൻ റിപ്പോർട്ടിനായുള്ള പണം കരുതി വയ്ക്കുക
ഇനി ഒരു വീട് കണ്ട് ഇഷ്ടപ്പെട്ട് വാങ്ങാൻ തീരുമാനിച്ചാൽ, ഉടമ്പടി ഒപ്പു വയ്ക്കും മുൻപ് തന്നെ അവിടെ ഔദ്യോഗികമായി നടത്തേണ്ട കെട്ടിട പരിശോധന അഥവാ building inspection നിർബന്ധമായും നടത്തുക. ഇതിനായി അൽപം പണം കരുതി വയ്ക്കുക. കെട്ടിടത്തിന് എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചാൽ അത് മുൻകൂറായി കണ്ടുപിടിക്കാൻ ഇത് സഹായകരമാകും. ഇതുവഴി പിന്നീടുണ്ടാകുന്ന ചിലവുകൾ ഒഴിവാക്കുകയും ചെയ്യാൻ സാധിക്കും.

ഇനി ഒരു വീട് വാങ്ങുമ്പോൾ അതിന്റെ ലോണിന് പുറമെയുണ്ടാകാവുന്ന മറ്റ് ചിലവുകൾ കൂടി കണക്കിലെടുക്കുക.
ഒരു വീട് പണിയുമ്പോൾ അല്ലെങ്കിൽ വാങ്ങുമ്പോൾ അത് നിങ്ങളുടെ പേരിലേക്ക് എഴുതാനായി സംസ്ഥാന സർക്കാർ നിങ്ങളിൽ നിന്നും ഈടാക്കുന്ന തുകയാണ് സ്റ്റാമ്പ് ഡ്യുട്ടി. ഇത് നിങ്ങൾ വാങ്ങുന്ന വീടിന്റെ അല്ലെങ്കിൽ സ്ഥലത്തിന്റെ വിലക്ക് അനുസൃതമായിട്ടായിരിക്കും നിശ്ചയിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ സ്റ്റാമ്പ് ഡ്യുട്ടിക്കായുള്ള പണം നീക്കിവയ്ക്കാൻ ശ്രദ്ധിക്കുക.
പിന്നീട് വരുന്ന മറ്റൊരു ചിലവാണ് കൌൺസിൽ റേറ്റ്. നിങ്ങൾ ഏതു കൗണ്സിലിന്റെ അഥവാ മുൻസിപ്പാലിറ്റിയുടെ കീഴിലാണോ വരിക, ആ കൗൺസിലിന് നൽകേണ്ട ഒരു നിശ്ചിത തുകയാണ് കൌൺസിൽ റേറ്റ്. ഈ ചിലവും ആദ്യം തന്നെ കണക്കുകൂട്ടുന്നത് നന്നായിരിക്കും.
കൂടാതെ , കൺവെയൻസ് ഫീസും സ്ട്രാറ്റ ഫീസും എല്ലാം തുടക്കം മുതൽ തന്നെ കണക്കിൽപ്പെടുത്തുക.

ഇനി വീടാണ് വാങ്ങാൻ ഉദ്ദേശിക്കുന്നതെങ്കിൽ
വീട് വാങ്ങുന്നതിന്റെ പണച്ചിലവും മറ്റുമുള്ള കൂടുതൽ വിവരങ്ങൾക്ക് Consumer Affairs Victoria and Fair Trading NSW സന്ദർശിക്കുക.