(പുതിയതായി ഓസ്ട്രേലിയയിലേക്കെത്തുന്ന, ഇവിടത്തെ സാഹചര്യങ്ങളെക്കുറിച്ച് കൃത്യമായി അറിയാത്തവർക്കു വേണ്ടിയുള്ള അടിസ്ഥാന വിവരങ്ങളാണ് ഇവിടെ നൽകുന്നത്...)
എങ്ങനെ വീട് കണ്ടെത്താം
ഓസ്‌ട്രേലിയയിൽ എത്തിയ ശേഷം താമസിക്കാനായി വീട് വാടകയ്‌ക്കെടുക്കാൻ ഒരു റിയൽ എസ്റ്റേറ്റ് ഏജന്റിനെ ബന്ധപ്പെടുകായാണ് ആദ്യം ചെയ്യേണ്ടത്. അല്ലെങ്കിൽ realestate.com.au, domain.com.au പോലുള്ള വെബ്സൈറ്റുകളിൽ നിന്നും വീടുകൾ കണ്ടെത്താം. ഇഷ്ടപ്പെടുന്ന വീടുകൾ പോയി കാണാൻ ഏജന്റുമാർ അവസരം ഒരുക്കും. ഇതിനായി 10 -15 മിനിറ്റ് നീണ്ട ഇൻസ്‌പെക്ഷൻ ഇവർ സംഘടിപ്പിക്കും. ഈ സമയത്ത് വീട് പോയി കാണുകയും ഇഷ്ട്ടപ്പെട്ടാൽ ഇത് വാടകയ്‌ക്കെടുക്കാൻ താത്പര്യമുണ്ടെന്ന് കാണിച്ചുകൊണ്ട് അപേക്ഷ സമർപ്പിക്കുകയും ചെയ്യാം. ഇത് പരിഗണിച്ച ശേഷമാണ് വീട് ലഭിക്കുക .

Rental property Source: SBS
വാടകയ്ക്ക് വീട് ലഭിക്കാൻ വേണ്ട മാനദണ്ഡങ്ങൾ
അപേക്ഷ ലഭിച്ച ശേഷം, ഏജന്റുമാർ അപേക്ഷകരുടെ ക്രെഡിറ്റ് ഹിസ്റ്ററി, റഫറൻസ് എന്നിവ പരിശോധിക്കാറാണ് പതിവ്. വാടക നൽകാൻ തക്ക സാമ്പത്തിക ശേഷിയുണ്ടെന്ന് ഉറപ്പു തോന്നിയാൽ മാത്രമേ വീട് വാടകയ്ക്ക് നൽകുകയുള്ളൂ. കൂടാതെ, നിങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങളും, ജോലിയുണ്ടെങ്കിൽ അതും എല്ലാം കണക്കിലെടുക്കും. ഇനി ഒരു വീട്ടിൽ നിന്നും മറ്റൊരു വീട്ടിലേക്കാണ് വാടകയ്ക്ക് മാറാൻ നോക്കുന്നതെങ്കിൽ, നേരത്തെ താമസിച്ച വീട് വൃത്തിയായി സൂക്ഷിച്ചിരുന്നോ, വാടക കൃത്യ സമയത്ത് വീഴ്ച കൂടാതെ നൽകിയിരുന്നോ തുടങ്ങിയ കാര്യങ്ങളും ഇവർ പരിശോധിക്കും.

Source: The blue diamond gallery
റെസിഡൻഷ്യൽ ടെനൻസി എഗ്രിമെന്റ്
ഒരു വീട് വാടകയ്‌ക്കെടുക്കുമ്പോൾ വീട്ടുടമയുമായുള്ള കരാറിൽ ഒപ്പു വയ്ക്കേണ്ടത് ആവശ്യമാണ്. വാടകയുടെ കാലാവധി, വാടക തുകയുടെ കാര്യങ്ങൾ, അവ എപ്പോഴാണ് അടയ്‌ക്കേണ്ടത് തുടങ്ങിയ കാര്യങ്ങളാവും ഈ കരാറിൽ. കൂടാതെ, വാടകക്കാരൻ പാലിക്കേണ്ട ചട്ടങ്ങളും നിയമങ്ങളും ഇതിൽ ഉൾപ്പെടും. ഓർക്കുക, കരാർ വായിച്ചിട്ട് നിങ്ങൾക്ക് അതിലെ വ്യവസ്ഥകൾ വ്യക്തമാകുന്നില്ലെങ്കിൽ അത് ഒപ്പുവയ്ക്കരുത്. വ്യക്തത വരുത്താൻ ഏജൻറിനോടോ വീട്ടുടമയോടോ ആവശ്യപ്പെടുക.
Image
ബോണ്ട് തുക അടയ്ക്കുക
വീട് വാടകയ്ക്ക് എടുക്കാനുള്ള കരാർ ഒപ്പു വച്ച ശേഷം വീടിന്റെ സുരക്ഷിതത്വം ഉറപ്പു വരുത്തുവാൻ വീട്ടുടമ വാടകക്കാരനിൽ നിന്നും ഈടാക്കുന്ന നിശ്ചിത തുകയാണ് ബോണ്ട്. ബോണ്ട് തുക വാടകയിൽ ഉൾപ്പെടുന്ന തുകയല്ല എന്ന കാര്യം ഓർക്കുക. വാടകക്കാരൻ വീടൊഴിയുന്ന സമയത്ത് വീടിന് കേടുപാടുകൾ ഒന്നും ഇല്ലാത്ത പക്ഷം ഈ തുക പൂർണമായും തിരികെ നൽകുന്നതാണ്. ബോണ്ട് തുക ഓരോ സംസ്ഥാനത്തും ബന്ധപ്പെട്ട ട്രസ്റ്റിലാവും നിക്ഷേപിക്കുക.

Source: SBS
കണ്ടീഷൻ റിപ്പോർട്ട് പൂരിപ്പിച്ച് നൽകുക
വാടകയ്‌ക്കെടുത്ത വീട്ടിലേക്ക് താമസം മാറ്റി ഏഴ് ദിവസത്തിനകം വീടിന്റെ നിലവിലെ അവസ്ഥയെക്കുറിച്ച് വാടകക്കാരൻ ഒരു കണ്ടീഷൻ റിപ്പോർട്ട് വീട്ടുടമക്ക് സമർപ്പിക്കേണ്ടതാണ്. അതായത് വീടിനോ അതിനുള്ളിലെ സാധനങ്ങൾക്കോ എന്തെങ്കിലും തരത്തിലുള്ള കേടുപാടുകൾ ഉണ്ടെങ്കിൽ അത് ഈ റിപ്പോർട്ടിലൂടെ ഉടമയെ അറിയിക്കേണ്ടതാണ്. ഇവ പരസ്പരം ബോധ്യപ്പെട്ട് ധാരണയിലെത്തിയശേഷം കണ്ടീഷൻ റിപ്പോർട്ടിൽ ഒപ്പു വയ്ക്കേണ്ടതാണ്.

Source: SBS
എല്ലാ രേഖകളുടെയും പതിപ്പ് കൃത്യമായി സൂക്ഷിക്കുക
വീട് വാടകയ്‌ക്കെടുമ്പോൾ മുതലുള്ള എല്ലാ രേഖകളും കൃത്യമായി സൂക്ഷിച്ച് വയ്‌ക്കേണ്ടത് വാടകക്കാരന്റെ ഉത്തരവാദിത്തമാണ്. റെസിഡൻഷ്യൽ ടെനൻസി എഗ്രിമെന്റ്, കണ്ടീഷൻ റിപ്പോർട്ട്, വാടക തുകയും ബോണ്ടും മറ്റും അടച്ചതിന്റെ റെസീറ്റ്, ഇതുമായി ബന്ധപ്പെട്ട ഇമെയിലുകൾ, കത്തുകൾ എല്ലാം ഫയൽ ചെയ്ത് സൂക്ഷിച്ച് വയ്ക്കാൻ ശ്രദ്ധിക്കുക. ഏജന്ററുമായും, ഉടമയുമായുമുള്ള ആശയവിനിമയം കഴിയുന്നതും കത്തിലൂടെയോ ഇമെയിലിലൂടെയോ ആക്കുന്നതാവും ഉത്തമം എന്ന് എൻ എസ് ഡബ്ള്യു ഫെയർ ട്രേഡിങ്ങ് കമ്മിഷണർ റോഡ് സ്റ്റോവ് പറയുന്നു .

Source: SBS
വാടകക്കാരന്റെ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും അറിയുക
ഓസ്‌ട്രേലിയയിൽ വീട് വാടകയ്‌ക്കെടുക്കുമ്പോൾ വാടകക്കാരൻ അറിഞ്ഞിരിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. വാടകക്കാരന് നിരവധി അവകാശങ്ങളും ഉത്തരവാദിത്തങ്ങളും ഉണ്ടെന്ന കാര്യം മനസിലാക്കുക. ഇത് ഓരോ സംസഥാനത്തും വ്യത്യസ്തമാണ്. ഉദാഹരണത്തിന്, അമിതമായ വാടക വർദ്ധനവ്, വീട്ടിലും പരിസരത്തും ഉള്ള കേടുപാടുകൾ നന്നാക്കാൻ വീട്ടുടമ വിസമ്മതിക്കുക തുടങ്ങിയ പ്രശ്നങ്ങളെല്ലാം സംസ്ഥാനത്തെ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ പരാതിപ്പെടാവുന്നതാണ്.
അതേസമയം, പല തവണ താക്കീത് നൽകിയിട്ടും സമയത്ത് വാടക നൽകാൻ വീഴ്ച വരുത്തുന്ന പക്ഷം വാടകക്കാരനെതിരെ ഉടമസ്ഥനും പരാതിപ്പെടാവുന്നതാണ്. 14 ദിവസത്തെ മുന്നറിയിപ്പ് നൽകിയ ശേഷം ഉടമയ്ക്ക് വാടകക്കാരോട് വീട്ടിൽ നിന്നും ഒഴിയാൻ ആവശ്യപ്പെടാം.
വീട് വാടകയ്‌ക്കെടുക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ലഘുലേഖകളും, വിഡിയോയും മറ്റും നിരവധി ഭാഷകളിൽ ലഭ്യമാണ്. ഓരോ സംസ്ഥാനത്തെയും നിയമങ്ങൾ ചുവടെ നിന്നും അറിയാം...

Source: SBS