NSWന്റെ പടിഞ്ഞാറൻ പ്രദേശത്തും, റിവേർലി പ്രദേശത്തുമാണ് ഇന്ന് (വ്യാഴാഴ്ച) കനത്ത മഴ പ്രവചിച്ചിരിക്കുന്നത്.
ഈ പ്രദേശങ്ങളിൽ 40 മുതൽ 60 മില്ലിമീറ്റർ വരെ മഴ രേഖപ്പെടുത്തുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
സംസ്ഥാനത്തിന്റെ പടിഞ്ഞാറൻ പ്രദേശത്തും മധ്യ ഭാഗത്തും ഇന്ന് ഉച്ചതിരിഞ് പെട്ടെന്നുണ്ടാകുന്ന വെള്ളപ്പൊക്കത്തിനും മുന്നറിയിപ്പുണ്ട്.
കൂമ്പ, ഹേ, വില്കാനിയ, ബ്രോക്കൺ ഹിൽ, ഐവാൻഹോ, മെനിൻഡി, ബാൽറാനൾഡ് എന്നിവിടങ്ങളിൽ ആണ് പെട്ടെന്നുണ്ടാകുന്ന വെള്ളപ്പൊക്കം ബാധിക്കാനിടയുള്ളത്.
കഴിഞ്ഞ രണ്ടാഴ്ചകളായി ഹണ്ടർ, നോർത്ത് കോസ്റ്റ് പ്രദേശങ്ങൾ, സെൻട്രൽ വെസ്റ്റ് ഉൾപ്പെടെ ന്യൂ സൗത്ത് വെയിൽസിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ പെയ്തതിനെത്തുടർന്ന് വെള്ളപ്പൊക്കം റിപ്പോർട്ട് ചെയ്തിരുന്നു.
കഴിഞ്ഞ 10 ദിവസത്തിൽ സഹായം അഭ്യർത്ഥിച്ചുള്ള 6,600ലേറെ കോളുകളാണ് NSW SESന് ലഭിച്ചത്. കഴിഞ്ഞ 24 മണിക്കൂറിൽ 150 ലേറെ പേർ ബന്ധപ്പെട്ടതായും SES അറിയിച്ചു.
ഓസ്‌ട്രേലിയയിൽ വീണ്ടും ലാ നിന പ്രതിഭാസം ഉണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ന്യൂ സൗത്ത് വെയിൽസിലും, ക്വീൻസ്‌ലാന്റിലും റെക്കോർഡ് മഴയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ രേഖപ്പെടുത്തിയത്.
ലാ നിന പ്രതിഭാസത്തിന്റെ ഭാഗമായി ന്യൂ സൗത്ത് വെയിൽസിന്റെ ചില ഭാഗങ്ങളിൽ ഈ മാസം പെയ്തിറങ്ങിയത് ഒരു നൂറ്റാണ്ടിലെ തന്നെ ഏറ്റവും ശക്തമായ മഴയാണ്.
ബ്രിസ്‌ബൈനിലും സമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്. 40 വർഷത്തിൽ ആദ്യമായാണ് നവംബറിൽ ഒറ്റ ദിവസം ഇത്രയും കനത്ത മഴ രേഖപ്പെടുത്തുന്നത്.
ക്വീൻസ്ലാന്റിന്റെ വിവിധ ഭാഗങ്ങളിൽ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ഇടിയോടു കൂടി കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.
പസിഫിക് സമുദ്രത്തിൽ രൂപപ്പെട്ട ലാ നിനയാണ് ഓസ്‌ട്രേലിയയിൽ വന്യമായ കാലാവസ്ഥക്ക് കാരണമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ വിലയിരുത്തൽ.
എന്താണ് ലാ നിന എന്ന് ഇവിടെ അറിയാം: