ബുധനാഴ്ച രാത്രി 9.30ഓടെയാണ് പശ്ചിമ സിഡ്നിയിലെ പെൻറിത്ത് പൊലീസ് സ്റ്റേഷനു മുന്നിൽ വെടിവയ്പ്പുണ്ടായത്. പൊലീസ് സ്റ്റേഷനു മുന്നിൽ കാർ നിർത്തിയ ഒരാൾ, ഒരു ഷോട്ട്ഗണ്ണുമായി പൊലീസ് വാഹനത്തെ സമീപിച്ച് വെടിവയ്പ്പ് തുടങ്ങുകയായിരുന്നു.
പൊലീസ് ഉടൻ തന്നെ പ്രത്യാക്രമണം നടത്തി. പൊലീസിന്റെ വെടിവയ്പ്പിൽ മാരകമായി പരുക്കേറ്റ ഇയാൾ സംഭവസ്ഥലത്തു തന്നെ മരിച്ചു.
ഇയാൾക്ക് പല തവണ വെടിയേറ്റ് നിലത്തു വീഴുന്നതായി ദൃക്സാക്ഷികൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോകൾ കാണിക്കുന്നുണ്ട്.
ഒരു പുരുഷ പൊലീസ് കോൺസ്റ്റബിളിന് തലയ്ക്കു പിന്നിൽ വെടിയുണ്ടയേറ്റിട്ടുണ്ട്. വെസ്റ്റ്മീഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഈ കോൺസ്റ്റബിളിന്റെ നിലയിൽ ആശങ്കയില്ല എന്ന് പൊലീസ് അറിയിച്ചു.

Police said one man was shot dead by officers during the shootout. Source: Supplied
മറ്റു നിരവധി പൊലീസുകാർക്കും നിസാര പരുക്കുകളേറ്റിട്ടുണ്ട്.
ഈ സംഭവം നടക്കുന്നതിന് കാൽ മണിക്കൂർ മുമ്പ് ഏഴു കിലോമീറ്റർ അകലെയുള്ള സെന്റ് മേരീസ് പൊലീസ് സ്റ്റേഷനു നേരേയും വെടിവയ്പ്പുണ്ടായിരുന്നു.
മരയോംഗിലെ ഒരു വീട്ടിൽ 8.45ഓടെ ഉണ്ടായ വെടിവയ്പ്പുമായി ഈ രണ്ടു സംഭവങ്ങൾക്കും ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
രണ്ടു പൊലീസ് സ്റ്റേഷനുകളും അടച്ചിട്ടിരിക്കുകയാണ്.