ഓസ്‌ട്രേലിയയിലെ കുടിയേറ്റപദ്ധതികള്‍ ഓരോ വര്‍ഷവും വലിയ മാറ്റങ്ങള്‍ക്ക് വിധേയമാകാറുണ്ട്.
ഓരോ സമയത്തെയും സാമൂഹ്യ, രാഷ്ട്രീയ, സാമ്പത്തിക പരിതസ്ഥിതകള്‍ക്കനുസൃതമായാണ് കുടിയേറ്റത്തിന്റെ രീതിയും മാറുന്നത്.
1,60,000 ഓളം പേര്‍ക്ക് ഒരു വര്‍ഷം പെര്‍മനന്റ് റെസിഡന്‍സി അനുവദിക്കുക എന്നതാണ് നിലവില്‍ ഓസ്‌ട്രേലിയയുടെ നയം.
പെര്‍മനന്റ് മൈഗ്രേഷന്‍ പദ്ധതിയില്‍ സ്‌കില്‍ സ്ട്രീം വിസകളാണ് ഏറ്റവുമധികം നല്‍കുന്നത്. അതായത്, രാജ്യത്തിന് ആവശ്യമായ തൊഴില്‍നൈപുണ്യമുള്ളവരെ ഇങ്ങോട്ടേക്ക് ആകര്‍ഷിക്കാനും, പെര്‍മനന്റ് വിസ നല്‍കാനുമുള്ള പദ്ധതി.
സ്‌കില്‍ സ്ട്രീം വിസകളെ പല വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്: സ്‌കില്‍ഡ് ഇന്‍ഡിപ്പെന്‍ഡന്റ്, എംപ്ലോയര്‍ സ്‌പോണ്‍സേര്‍ഡ്, റീജിയണല്‍, സ്‌റ്റേറ്റ്/ടെറിട്ടറി നോമിനേറ്റഡ്, ബിസിനസ് സ്‌കില്‍സ്, ഗ്ലോബല്‍ ടാലന്റ് ഇന്‍ഡിപെന്‍ഡന്റ് തുടങ്ങിയവാണ് അത്.
ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടവ അറിയാം
സ്‌കില്‍ഡ് ഇന്‍ഡിപെന്‍ഡന്റ് 189 വിസ
സ്‌കില്‍ഡ് മൈഗ്രേഷന്‍ വിസകളായ 189, 190, 491 എന്നീ സബ്ക്ലാസുകള്‍ പോയിന്റ് ടെസ്റ്റഡ് വിസകള്‍ എന്നാണ് അറിയപ്പെടുന്നത്.

ഓസ്‌ട്രേലിയന്‍ വിസ പോയിന്റ് രീതി പ്രകാരം കുറഞ്ഞത് 65 പോയിന്റുകളെങ്കിലും ഉള്ളവര്‍ക്ക് മാത്രമേ ഇതിനായി അപേക്ഷിക്കാന്‍ കഴിയൂ.
അപേക്ഷിക്കുന്നയാളുടെ പ്രായം, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം, ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം, പങ്കാളിയുടെ യോഗ്യതകള്‍ തുടങ്ങിയവ കണക്കിലെടുത്താകും ഒരാളുടെ പോയിന്റ് നിശ്ചയിക്കുക.
ഇതില്‍ സബ്ക്ലാസ് 189, 190 എന്നീ വിസകള്‍ക്കാണ് ഏറ്റവുമധികം അപേക്ഷകര്‍ ഉണ്ടാകുന്നത്.
താല്‍പര്യപത്രം (Expression of Interest) നല്‍കുന്നവരില്‍ നിന്ന്, സര്‍ക്കാരില്‍ നിന്ന് ക്ഷണം ലഭിക്കുന്നവര്‍ക്ക് മാത്രമാണ് ഈ വിസകള്‍ക്ക് അപേക്ഷിക്കാന്‍ കഴിയുക.
ഈ വിസകള്‍ക്കായി അപേക്ഷകള്‍ കുമിഞ്ഞുകൂടുന്നത് തടയാനാണ് ഇത്തരമൊരു രീതി പിന്തുടരുന്നത്.
സബ്ക്ലാസ് 189 വിസ ലഭിക്കുന്നവര്‍ക്ക് ഓസ്‌ട്രേലിയയുടെ ഏതു ഭാഗത്തു വേണമെങ്കിലും ജീവിക്കാനും ജോലി ചെയ്യാനും കഴിയും.
IT, എഞ്ചിനീയറിംഗ്, അക്കൗണ്ടിംഗ് തുടങ്ങിയ മേഖലകളില്‍ ഈ വിസക്ക് അപേക്ഷിക്കാനായി ക്ഷണം ലഭിക്കണമെങ്കില്‍ കൂടുതല്‍ പോയിന്റുകള്‍ വേണ്ടിവരുമെന്ന് പീക്ക് മൈഗ്രേഷന്റെ പ്രിന്‍സിപ്പല്‍ മൈഗ്രേഷന്‍ ഏജന്റ് അലക്‌സ് പെട്രാക്കോസ് പറയുന്നു.
കൊറോണവൈറസ് ബാധ മൂലം ഈ സാമ്പത്തിക വര്‍ഷത്തില്‍ സ്‌കില്‍ഡ് ഇന്‍ഡിപെന്‍ഡന്റ് വിസകളുടെ ക്വാട്ട വെട്ടിക്കുറച്ചിട്ടുണ്ട്. പകരം, ഗ്ലോബല്‍ ടാലന്റ് ഇന്‍ഡിപെന്‍ഡന്റ് പദ്ധയിലാണ് വിസകളുടെ എണ്ണം കൂട്ടിയിരിക്കുന്നത്.
സ്റ്റേറ്റ് ആന്റ് ടെറിട്ടറി സ്‌പോണ്‍സേര്‍ഡ് വിസ -സബ്ക്ലാസ് 190
ഏതെങ്കിലും ഒരു സംസ്ഥാനമോ ടെറിട്ടറിയോ സ്‌പോണ്‍സര്‍ ചെയ്യുന്ന വിസകളാണ് ഇത്.
ഓരോ സംസ്ഥാനത്തിനും ടെറിട്ടറിക്കും സ്‌പോണ്‍സര്‍ഷിപ്പ് നല്‍കാന്‍ വ്യത്യസ്ത മാനദണ്ഡങ്ങളാണ് ഉള്ളത്. വിസ മാനദണ്ഡങ്ങള്‍ക്ക് പുറമേയാണ് ഇവ.
പെര്‍മനന്റ് വിസയായ സബ്ക്ലാസ് 190ക്കോ, പ്രൊവിഷണല്‍ വിസയായ സബ്ക്ലാസ് 491നോ സംസ്ഥാനങ്ങളും ടെറിട്ടറികളും നോമിനേറ്റ് ചെയ്യാം.
സംസ്ഥാനത്തിന്റെ നോമിനേഷന്‍ ലഭിക്കുകയാണെങ്കില്‍ അതിലൂടെ അപേക്ഷകന് അഞ്ചു പോയിന്റുകള്‍ അധികമായി ലഭിക്കും.

പോയിന്റ് ടെസ്റ്റ്ഡ് വിസകള്‍ക്ക് അപേക്ഷിക്കാന്‍ ആവശ്യമായ പോയിന്റ് കരസ്ഥമാക്കാന്‍ ഈ നോമിനേഷന്‍ സഹായിക്കും.
സ്‌കില്‍ഡ് ഇന്‍ഡിപെന്‍ഡന്റ് വിസ അഥവാ സബ്ക്ലാസ് 189 ന് സമാനമായ രീതിയിലാണ് പോയിന്റുകല്‍ കണക്കാക്കുന്നതെങ്കിലും, ഈ നോമിനേറ്റഡ് വിസകള്‍ക്ക് അപേക്ഷ നല്‍കേണ്ട രീതി വ്യത്യസ്തമാണ്.
സംസ്ഥാന/ടെറിട്ടറി സര്‍ക്കാരിന്‌റെ നോമിനേഷന് വേണ്ടിയാണ് ആദ്യം അപേക്ഷിക്കേണ്ടത്. അത് ലഭിച്ചു കഴിഞ്ഞാല്‍ 190 വിസക്കുള്ള അപേക്ഷ സമര്‍പ്പിക്കാം.
കൊറോണവൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മിക്ക സംസ്ഥാനങ്ങളും വിദേശത്തു നിന്നുള്ളവര്‍ക്ക് നോമിനേഷന്‍ നല്‍കുന്നത് നിര്‍ത്തിവച്ചിരിക്കുകയാണ്.
ഈ സാമ്പത്തിക വര്‍ഷത്തില്‍ 11,200 സ്‌റ്റേറ്റ്/ടെറിട്ടരി നോമിനേറ്റഡ് വിസകളാണ് സര്‍ക്കാര്‍ നീക്കിവച്ചിരിക്കുന്നത്.
എംപ്ലോയര്‍ നോമിനേഷന്‍ സ്‌കീം - സബ്ക്ലാസ് 186
ഈ പദ്ധതിയുടെ ഭാഗമായി പ്രത്യേക തൊഴില്‍മേഖലകളില്‍ നൈപുണ്യമുള്ളവരെ പെര്‍മനന്റ് റെസിഡന്‍സിക്കായി സ്‌പോണ്‍സര്‍ ചെയ്യാന്‍ ഓസ്‌ട്രേലിയന്‍ തൊഴിലുടമകള്‍ക്ക് കഴിയും.
45 വയസില്‍ താഴെ പ്രായമുള്ളവര്‍ക്ക് മാത്രമേ ഈ വിസക്കായി അപേക്ഷിക്കാന്‍ കഴിയൂ. അവരുടെ തൊഴില്‍മേഖലയില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയവും, മികച്ച ഇംഗ്ലീഷ് പ്രാവീണ്യവും ഉണ്ടാകണം.
അപേക്ഷിക്കുന്നയാളുടെ തൊഴില്‍, സ്‌കില്‍ഡ് ഒക്യുപ്പേഷന്‍ പട്ടികയില്‍ ഉള്ളതായിരിക്കണം. സ്‌കില്‍ അസസ്‌മെന്റ് പൂര്ത്തിയാക്കിയേണ്ടിയും വരും.
കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ മെഡിക്കല്‍, എഞ്ചിനീയറിംഗ്, ന്‌ഴ്‌സിംഗ് മേഖലകളിലെ നിരവധി തൊഴിലുകളെ എംപ്ലോയര്‍ സ്‌പോണ്‍സേര്‍ഡ് വിസയക്കായി മുന്‍ഗണന നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
പ്രയോറിറ്റി ഒക്യുപേഷന്‍ ലിസ്റ്റ് എന്നാണ് ഇത് അറിയപ്പെടുന്നത്.
കുടിയേറ്റത്തിന്റെ ട്രെന്റ്
2020-21 സാമ്പത്തിക വര്‍ഷത്തേക്ക് 1,60,000 ആയാണ് കുടിയേറ്റ പരിധി നിശ്ചയിച്ചിരിക്കുന്നതെങ്കിലും, അനുവദിക്കുന്ന വിസകള്‍ വളരെ കുറവായിരിക്കും എന്നാണ് കരുതുന്നത്.

രാജ്യാന്തര അതിര്‍ത്തികള്‍ അടഞ്ഞുകിടക്കുന്ന പശ്ചാത്തലത്തിലാണ് ഇത്.
ആകെ നീക്കിവച്ചിരിക്കുന്ന വിസകളുടെ പകുതിയോളം, അതായത് 79,600 സ്‌കില്‍ഡ് വിസകള്ക്കാണ്.
13,000 വിസകള്‍ ഗ്ലോബല്‍ ടാലന്റ് വിഭാഗത്തിലാണ്.
ഫാമിലി സ്ട്രീമില്‍ 77,300 വിസകള്‍ നീക്കിവച്ചിട്ടുണ്ട്. ഇതില്‍ 72,300 പാര്‍ട്ണര്‍ വിസകളും, 4,500 പേരന്റ് വിസകളുമാണ്.
ഓസ്‌ട്രേലിയന്‍ കുടിയേറ്റത്തെക്കുറിച്ചും വിസകളെക്കുറിച്ചുമുള്ള കൂടുതല്‍ വിവരങ്ങള്‍ നിങ്ങള്‍ക്ക് ആഭ്യന്തര വകുപ്പിന്റെ വെബ്‌സൈറ്റില്‍ കാണാം. അല്ലെങ്കില്‍ രജിസ്‌ട്രേഡ് മൈഗ്രേഷന്‍ ഏജന്‌റിനെ ബന്ധപ്പെടാം.

