ഓസ്‌ട്രേലിയൻ ബോർഡർ ഫോഴ്‌സ്, അഡ്‌ലൈഡ് യൂണിവേഴ്സിറ്റി, ബയോസെക്യൂരിറ്റി, എമർജൻസി സേവനങ്ങൾ എന്നിവർ ചേർന്നാണ് പദ്ധതി ആവിഷ്കരിക്കുന്നത്.
ഓസ്‌ട്രേലിയൻ വിമാനത്താവളങ്ങളിൽ എത്തുന്നവരുടെ മണം പിടിച്ച്, ഇവർക്ക് കൊറോണവൈറസ് ഉണ്ടോ എന്ന് കണ്ടെത്താനായി നായ്ക്കളെ ഉപയോഗിക്കാനാണ് പദ്ധതി.
വിയർപ്പിൽ നിന്നുള്ള പ്രത്യേക ഗന്ധം മണപ്പിച്ചാണ് നായ്ക്കളെ ഇതിനായി പരിശീലിപ്പിക്കുന്നത്. വൈറസ് ബാധയുള്ളവരുടെ ശാരീരത്തിൽ നിന്ന് പുറപ്പെടുന്ന Volatile Organic Compounds (VOCs) ആണിത്.
ഇതിനായി 14 നായ്ക്കളെ യൂണിവേറിസ്റ്റി ഓഫ് അഡ്‌ലൈഡിലും, വിക്ടോറിയയിലെ നാഷണൽ ഡിറ്റക്ടർ ഡോഗ് പ്രോഗ്രാം ഫസിലിറ്റിയിലും പരിശീലിപ്പിച്ച് വരികയാണെന്ന് ഓസ്‌ട്രേലിയൻ ബോർഡർ ഫോഴ്‌സ് അറിയിച്ചു.
ഇതിന്റെ അടുത്ത പടിയായി അടുത്ത വർഷം മുതൽ രാജ്യാന്തര വിമാനത്തിലെത്തുന്ന യാത്രക്കാരെ സാധാരണ PCR പരിശോധനക്ക് വിധേയരാക്കുന്നതോടൊപ്പം നായ്ക്കളെ കൊണ്ട് മണപ്പിക്കുകയും ചെയ്യും.
ഇത് വഴി രോഗലക്ഷണങ്ങൾ ഇല്ലാത്ത കേസുകൾ കണ്ടുപിടിക്കാൻ നായ്ക്കൾക്ക് കഴിയുമെന്നാണ് അഡ്‌ലൈഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷക സൂസൻ ഹേസൽ പറയുന്നത്.
മറ്റ് പരിശോധനകളിലൂടെ കണ്ടുപിടിക്കാൻ കഴിയാത്ത കൊറോണ രോഗലക്ഷണങ്ങൾ ഇവയ്ക്ക് മണത്തറിയാൻ കഴിയും.
രോഗലക്ഷണങ്ങൾ ഇല്ലാത്ത കേസുകൾ നായ്ക്കൾക്ക് കണ്ടെത്താൻ കഴിയുമെന്നതിന് രാജ്യാന്തര തലത്തിൽ ഉദാഹരണങ്ങളുണ്ടെന്ന് ഡോ. ഹേസൽ പറഞ്ഞു.
വൈറസ്ബാധയുള്ള സാമ്പിളുകൾ നായ്ക്കളെക്കൊണ്ട് മണപ്പിച്ചാണ് ഇവയെ പരിശീലിപ്പിക്കുന്നത്. മയക്ക് മരുന്ന് മണത്തറിയാൻ നൽകുന്ന അതേ പരിശീലന രീതിയാണ് ഇത്.
വിമാനത്താവളത്തിന് പുറമെ ആശുപത്രിയിലെ ജീവനക്കാരെയും ക്വാറന്റൈനിൽ കഴിയുന്ന യാത്രക്കാരെയുമെല്ലാം ഈ നായ്ക്കളെ കൊണ്ട് മണപ്പിച്ച് വൈറസ്ബാധയുണ്ടോ എന്ന് ഉറപ്പ് വരുത്താൻ കഴിയുമെന്ന് യൂണിവേഴ്സിറ്റി ഓഫ് അഡ്‌ലൈഡിലെ ഡോ ആനി-ലിസ് ചേബർ പറഞ്ഞു.
എന്നാൽ കൊവിഡ് ഒഴികെ മറ്റ് വൈറസുകളൊന്നും ഈ നായ്ക്കൾക്ക് തിരിച്ചറിയാൻ കഴിയില്ല.