രൂപമാറ്റം വന്ന പുതിയ കൊറോണവൈറസ് സ്‌ട്രെയിൻ ക്വീൻസ്ലാൻഡിൽ തിരിച്ചെത്തിയ ഒരു യാത്രക്കാരിയിൽ സ്ഥിരീകരിച്ചു.
ദക്ഷിണാഫ്രിക്കൻ സ്‌ട്രെയിൻ എന്നറിയപ്പെടുന്ന ഈ വൈറസ് ബാധ സ്ഥിരീകരിച്ചത് ഡിസംബർ 22ന് ബ്രിസ്‌ബൈനിൽ തിരിച്ചെത്തിയ യാത്രക്കാരിയിലാണ്. രോഗബാധ സ്ഥിരീകരിച്ച സ്ത്രീ സൺഷൈൻ കോസ്റ്റ് യൂണിവേഴ്സിറ്റി ആശുപത്രിയിൽ ചികിത്സയിലാണ്.
അതിവേഗം പടരുന്ന വൈറസ് സ്‌ട്രെയിൻ ആണെന്നാണ് ഇതിനെ കണക്കാക്കുന്നതെന്ന് ക്വീൻസ്ലാൻഡ് ചീഫ് ഹെൽത് ഓഫീസർ ജെന്നറ്റ് യങ് പറഞ്ഞു.
ആദ്യമായാണ് ദക്ഷിണാഫ്രിക്കൻ സ്‌ട്രെയിൻ ഓസ്‌ട്രേലിയയിൽ സ്ഥിരീകരിക്കുന്നതെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി യിവെറ്റ് ഡാത്ത് പറഞ്ഞു.
ഹോട്ടൽ ക്വാറന്റൈൻ സംവിധാനത്തിൽ പാലിക്കേണ്ട എല്ലാ നിബന്ധനകളും പാലിച്ചത് കൊണ്ട് സുരക്ഷയിൽ വീഴ്ചയുണ്ടായിട്ടില്ലെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.
ആദ്യം കണ്ടെത്തിയിട്ടുള്ള കൊറോണവൈറസിനേക്കാൾ 70 ശതമാനം കൂടുതൽ തീവ്രതയുള്ളതാണ് ദക്ഷിണാഫ്രിക്കൻ സ്‌ട്രെയിൻ എന്നാണ് അധികൃതരുടെ ആശങ്ക.
ഈ സ്‌ട്രെയിൻ ആദ്യമായി സ്ഥിരീകരിച്ചത് ബ്രിട്ടണിലേക്ക് തിരിച്ചെത്തിയ രണ്ട് യാത്രക്കാരിലാണെന്നാണ് റിപ്പോർട്ട്.
ബ്രിട്ടണിൽ നിന്ന് രൂപമാറ്റം വന്ന മറ്റൊരു കൊറോണവൈറസ് സ്‌ട്രെയിൻ ഇതിന് മുൻപ് ഓസ്‌ട്രേലിയയിൽ സ്ഥിരീകരിച്ചിരുന്നു.
ദക്ഷിണാഫ്രിക്കൻ സ്ട്രെയിൻ ബ്രിട്ടണിൽ മുൻപ് സ്ഥിരീകരിച്ച സ്ട്രെയിനിനേക്കാൾ തീവ്രതയുള്ളതാണെന്നാണ് റിപ്പോർട്ട്.
ഇന്ന് ക്വീൻസ്ലാൻഡിൽ രണ്ട് പേരിലാണ് കൊറോണവൈറസ് സ്ഥിരീകരിച്ചത്. രണ്ടും വിദേശത്ത് നിന്ന് തിരിച്ചെത്തി ക്വാറന്റൈനിലുള്ളവരായിരുന്നു.
ക്വീൻസ്ലാൻഡിൽ സാമൂഹിക വ്യാപനമില്ലാതെ 105 ദിവസം പിന്നിട്ടിരിക്കുകയാണ്.
അതെ സമയം, ഗ്രെയ്റ്റർ ബ്രിസ്‌ബൈനിൽ അഞ്ച് ട്രീറ്റ്മെന്റ് പ്ലാന്റുകളിൽ വൈറസിന്റ് അംശം കണ്ടെത്തിയിട്ടുണ്ട്. വിക്ടോറിയ പോയിന്റ്, ഗൂഡ്‌ന , റെഡ്ക്ളിഫ്, വടക്കൻ കെയ്ൻസ് കൂടാതെ നമ്പൂർ എന്നിവിടങ്ങളിലാണ് വൈറസിന്റെ അംശം കണ്ടെത്തിയിരിക്കുന്നത്.