ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് സ്ട്രോ, സ്പൂൺ, ഫോർക്ക് തുടങ്ങിയവ നിരോധിക്കാനാണ് സൗത്ത് ഓസ്ട്രേലിയ സർക്കാർ തീരുമാനിച്ചത്.
ഇത് സംബന്ധിച്ച നിയമം ബുധനാഴ്ച സൗത്ത് ഓസ്ട്രേലിയ പാർലമെന്റിൽ പാസായി.
ഇതോടെ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് നിരോധിക്കുന്ന ഓസ്‌ട്രേലിയയിലെ ആദ്യത്തെ സംസ്ഥാനമായി മാറിയിരിക്കുകയാണ് സൗത്ത് ഓസ്‌ട്രേലിയ.
എന്നാൽ കൊറോണ പ്രതിസന്ധി സമൂഹത്തിനിടയിൽ ഇപ്പോഴും നിലനിൽക്കുന്നതിനാൽ 2021 ൽ മാത്രമേ നിയമം നടപ്പാക്കുകയുള്ളുവെന്ന് പരിസ്ഥിതി മന്ത്രി ഡേവിഡ് സ്പിയേഴ്‌സ് അറിയിച്ചു.
ഇത് വഴി ഈ മാറ്റം നടപ്പാക്കാനായി ബിസിനസുകൾക്ക് കൂടുതൽ സമയം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്ലാസ്റ്റിക് നോരോധനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിരവധി പ്രവർത്തനങ്ങൾ സൗത്ത് ഓസ്ട്രേലിയ നടപ്പാക്കിയിട്ടുണ്ട്.
1977ൽ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ റീസൈക്കിൾ ചെയ്‌ത് പണം ലഭ്യമാക്കുന്ന കണ്ടൈനർ ഡിപ്പോസിറ് സ്കീം തുടങ്ങിയിരുന്നു. കൂടാതെ 2009ൽ സൂപ്പർ മാർക്കറ്റുകളിലും റീട്ടെയിൽ സ്റ്റോറുകളിലും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ സംസ്ഥാനത്ത് നിരോധിക്കുകയും ചെയ്തു.
ഇത്തരം നിയമങ്ങൾ നടപ്പാക്കുന്ന ഓസ്‌ട്രേലിയയിലെ ആദ്യ പ്രദേശമാണ് സൗത്ത് ഓസ്ട്രേലിയ.
അതേസമയം ആരോഗ്യ മേഖലയിലെ ആവശ്യങ്ങൾക്കും ശാരീരിക വൈകല്യമുള്ളവർക്കും ഇത് ബാധകമല്ല.
പുതിയ നിയമം നടപ്പാക്കിയത് വഴി സംസ്ഥാനത്തിന്റ ജലസ്രോതസ്സുകളിലേക്ക് പ്‌ളാസ്റ്റിക് മാലിന്യങ്ങൾ എത്തുന്നത് തടയാൻ സാധിക്കുമെന്ന് ഓസ്‌ട്രേലിയൻ മറൈൻ കൺസെർവേഷൻ സൊസൈറ്റിയിലെ ഷെയിൻ കുകൗ പറഞ്ഞു.
പന്ത്രണ്ട് മാസങ്ങൾക്ക് ശേഷം പോളിസ്റ്റിറിൻ കപ്പുകൾ, ബൗളുകൾ, പ്ളേറ്റുകൾ എന്നിവയും നിരോധിക്കാനാണ് സർക്കാർ പദ്ധതി.
കൂടാതെ ടേക്ക് എവേ കപ്പുകളും ടേക്ക് എവെക്കായി ഉപയോഗിക്കുന്ന മറ്റ് ഉൽപ്പന്നങ്ങളും നിരോധിക്കാൻ ആലോചനയുണ്ട്. എന്നാൽ ഇത് കൂടുതൽ വിലയിരുത്തലിന് ശേഷമാകും തീരുമാനിക്കുക.
വിക്ടോറിയ, ACT, സൗത്ത് ഓസ്ട്രേലിയ, ടാസ്മാനിയ എന്നിവിടങ്ങൾ പ്ലാസ്റ്റിക് ബാഗുകൾ നിരോധിച്ചിട്ടുണ്ട്. ഒറ്റത്തവണ ഉപയോഗിക്കുന്ന സ്ട്രോകളും പ്ളേറ്റുകളുമെല്ലാം നിരോധിക്കാൻ ക്വീൻസ്ലാൻറ് സർക്കാരും പദ്ധതിയിടുന്നതായാണ് റിപ്പോർട്ടുകൾ.