മലയാളികൾ അറിഞ്ഞിരിക്കേണ്ട എല്ലാ ഓസ്ട്രേലിയൻ വാർത്തകളും വിശേഷങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ - SBS മലയാളം വെബ്സൈറ്റ് ബുക്ക്മാർക്ക് ചെയ്യുക...
സൗത്ത് ഓസ്ട്രേലിയയിൽ ഗർഭഛിദ്രം കുറ്റകൃത്യമല്ലാതാക്കുന്നത് സംബന്ധിച്ച ബിൽ പാർലമെന്റിന്റെ അധോസഭയിൽ കഴിഞ്ഞ മാസം പാസായിരുന്നു. ബിൽ ഇപ്പോൾ ഉപരിസഭയിലും പാസായതോടെയാണ് ഇത് നിയമമായത്.
പുതിയ മാറ്റമനുസരിച്ച് ഗർഭഛിദ്രം ക്രിമിനൽ കുറ്റമായി കണക്കാക്കില്ല. മറിച്ച് ഇതൊരു ആരോഗ്യപ്രശ്നമായാണ് കണക്കാക്കുന്നത്. ഗർഭാവസ്ഥയുടെ 22 ആഴ്ചയും ആറ് ദിവസവും വരെ ആരോഗ്യ വിദഗ്ധന് ഗർഭഛിദ്രം ചെയ്യാൻ നിയമം അനുവാദം നൽകുന്നു.
ഈ സമയത്തിന് ശേഷമാണ് ഗർഭഛിദ്രം ചെയ്യേണ്ടതെങ്കിൽ ഡോക്ടർ മറ്റ് ആരോഗ്യ വിദഗ്ധരുമായി ചർച്ച ചെയ്യുകയും ഗർഭഛിദ്രം ചെയ്യുന്നത് വഴി രോഗിക്ക് ജീവഹാനിയോ മറ്റ് ശാരീരികമോ മാനസികമോ ആയ പ്രശ്നങ്ങളോ ഒന്നും ഇല്ലെന്ന് ഉറപ്പാക്കുകയും വേണം. ഇതിന് ശേഷം മാത്രമേ ഗർഭഛിദ്രം ചെയ്യാൻ അനുവാദമുള്ളൂ.
സൗത്ത് ഓസ്‌ട്രേലിയയിലെ സ്ത്രീകൾക്ക് ഇതൊരു ചരിത്ര ദിനമാണെന്ന് അറ്റോണി ജനറൽ വിക്കി ചാപ്മാൻ പറഞ്ഞു.
നിരവധി സാഹചര്യങ്ങൾ മൂലമാകാം ഒരാൾ ഗർഭഛിദ്രം ചെയ്യാൻ തയ്യാറാവുന്നതെന്നും ആരോഗ്യ സംരക്ഷണം ആവശ്യമായ എല്ലാവർക്കും ഇത് ലഭ്യമാക്കുന്നതിൽ ഈ ബിൽ പ്രധാനപ്പെട്ട ഒരു ചുവടുവയ്‌പ്പാണെന്നും ബില്ലിനെ പിന്തുണയ്ക്കുന്ന ഫെയർ അജണ്ട ഗ്രൂപ്പിലെ റെനി കാർ പറഞ്ഞു.
വിക്ടോറിയ, ക്വീൻസ്ലാൻറ്, ന്യൂ സൗത്ത് വെയിൽസ് എന്നീ സംസ്ഥാനങ്ങളിൽ ഈ നിയമം നേരത്തെ നടപ്പാക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് സൗത്ത് ഓസ്‌ട്രേലിയയും ഇപ്പോൾ നിയമം പാസാക്കിയിരിക്കുന്നത്.